Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു ഊർജപ്രവാഹമാണ്

interview-prabhat-poddar വാസ്തുവിദഗ്ധൻ ആർക്കിടെക്ട് പ്രഭാത് പോഡാറുമായി ആർക്കിടെക്ട് വിനോദ് കുമാർ സംസാരിക്കുന്നു

വാസ്തുശാസ്ത്രം എന്നും വിവാദങ്ങളുടെ രംഗഭൂമിയാണ്. വാസ്തുവിലെ ശാസ്ത്രത്തെക്കുറിച്ചു സംസാരിക്കുകയാണ് പ്രശസ്ത ആർക്കിടെക്ടും വാസ്തുവിദഗ്ധനും ആകാശ് ഫൗണ്ടേഷൻ സ്ഥാപകനുമായ പ്രഭാത് പോഡാർ. തൃശൂർ ഇൻടാക്കിന്റെ (Indian National Trust for Art and Culture Heritage) ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയ പ്രഭാത് പോഡാറിനോട് തൃശൂർ ഐഐഎ വൈസ് ചെയർമാനും ഇൻടാക് തൃശൂർ ചാപ്റ്റർ കോ– കൺവീനറുമായ ആർക്കിടെക്ട് എം. എം. വിനോദ് കുമാർ സംസാരിക്കുന്നു.

അങ്ങയുടെ കാഴ്ചപ്പാടിൽ എന്താണ് വാസ്തു ?

വാസ്തു എന്നാൽ തീർച്ചയായും ഊർജപ്രവാഹമാണ്. രണ്ട് തരത്തിലുള്ള ഊർജമുണ്ട്. സ്റ്റാറ്റിക് എനർജിയും ഡയനാമിക് എനർജിയും. വാസ്തുവിൽ കെട്ടിടമാണ് സ്റ്റാറ്റിക് എനർജി. അതിലെ പ്രവൃത്തികൾ ഡയനാമിക് എനർജിയും. ഈ രണ്ട് എനർജിയുടെയും ഏറ്റക്കുറച്ചിലനുസരിച്ച് വാസ്തു വ്യത്യാസപ്പെടും.

ലോകത്ത് എല്ലായിടത്തും വാസ്തു ഒരു പോലെയാണോ ?

അല്ല. വാസ്തു എന്നത് ഓരോ സ്ഥലത്തിനനുസരിച്ച് വ്യാഖ്യാനിക്കാവുന്നതാണ്. ഭൂപ്രദേശം ഉത്തരാർധഗോളത്തിലാണോ (Northern Hemisphere) ദക്ഷിണാർധഗോളത്തിലാണോ (Southern Hemisphere) എന്നതനുസരിച്ച് വാസ്തുവിലും വ്യത്യാസം വരും. അർധഗോളം മാത്രമല്ല ഇവിടെ കണക്കിലെടുക്കുന്നത്. ഒരു കുന്നിൻചരിവിലാണ് വീട് എങ്കിൽ പോലും കുന്നിന്റെ മറുചരിവിൽ പണിയുന്ന കെട്ടിടവുമായി വാസ്തുപരമായ വ്യത്യാസമുണ്ടായിരിക്കും. വാസ്തുവിനെ ഒരു തരത്തിലും പൊതുവായി വ്യാഖ്യാനിക്കാൻ സാധിക്കില്ല. ഭൂമിയുടെ ഉത്തരാർധഗോളത്തിൽ ചില സ്ഥലങ്ങൾ ദക്ഷിണാർധഗോളത്തിന്റേതായ പ്രത്യേകതകൾ കാണിച്ചെന്നുവരാം. അപ്പോൾ ആ ഭൂപ്രദേശത്ത് ദക്ഷിണാർധഗോളത്തിന്റെ പ്രത്യേകതകൾക്കനുസരിച്ചുള്ള വാസ്തുവാണ് കണക്കാക്കേണ്ടത്. തിരിച്ചും സംഭവിക്കാം.

കേരളത്തിലെ വാസ്തു ശ്രദ്ധിക്കാറുണ്ടോ ?

ഇന്ത്യയിൽ രണ്ടു തരം വാസ്തു പ്രവണതകളുണ്ട്. കേരളത്തിലെ പ്രവണതയും, മറ്റെല്ലാ സംസ്ഥാനങ്ങളിൽ പിന്തുടരുന്ന പൊതുവായ പ്രവണതയും. കേരളത്തിന്റെ കിഴക്കുവശത്ത് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലുമാണ്. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വാസ്തു വ്യത്യസ്തമാകുന്നത്. കേരളത്തിന്റെ കിഴക്കുഭാഗം ഉയർന്നും പടിഞ്ഞാറ് താഴ്ന്നുമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉത്തരാർധഗോളത്തിന്റെ വാസ്തു ബാധകമാകുമ്പോൾ കേരളത്തിൽ ദക്ഷിണാർധഗോളത്തിന്റേതിനു സമാനമായ വാസ്തുവാണ് നോക്കേണ്ടത്. കേരളത്തിലെ പഴയ തച്ചൻമാർക്ക് ഇത് വ്യക്തമായി അറിയാമായിരുന്നു.

കേരളത്തിൽ ജാതിവ്യവസ്ഥയ്ക്ക് അനുസരിച്ച് വീട് പണിയുന്ന രീതിയുണ്ടായിരുന്നു. അത് എത്രമാത്രം ശരിയാണ് ?

പൂർവികർ ഒരു മനുഷ്യന്റെ പ്രവൃത്തി മണ്ഡലത്തെയാണ് ജാതി എന്നതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഓരോ മനുഷ്യനും അവന്റെ പ്രവൃത്തിയനുസരിച്ച് ക്ഷത്രിയനോ ബ്രാഹ്മണനോ ഒക്കെയാകാം. അതനുസരിച്ചാണ് അവന്റെ വീടും നിർമിക്കേണ്ടത്. സാത്വികമായ ജോലികൾ ചെയ്യുന്നയാളാണ് ബ്രാഹ്മണൻ. കച്ചവടക്കാരൻ വൈശ്യനാണ്. അയാൾക്ക് ധനത്തിന് പ്രാധാന്യം ലഭിക്കുന്ന ദിക്കിനു പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള വീടുണ്ടാക്കണം. ജാതിയെ തെറ്റായി വ്യാഖ്യാനിക്കുകയാണിപ്പോൾ.

അർധഗോളം വ്യത്യാസപ്പെടുന്നതനുസരിച്ച് മുറികളുടെ സ്ഥാനത്തിലുണ്ടാ കുന്ന വ്യത്യാസങ്ങൾ ഏതു തരത്തിലാണ് ?

വാസ്തു മണ്ഡലത്തിലെ നാല് കോണുകൾ ഈശാൻ (വടക്കു കിഴക്ക്), വായു (വടക്കു പടിഞ്ഞാറ്), അഗ്നി (തെക്കു കിഴക്ക്), നിരൃതി (തെക്കു പടിഞ്ഞാറ്) എന്നിവയാണ്. കേരളത്തെ സംബന്ധിച്ച് ദക്ഷിണാർധഗോളത്തോടു സമാനമായ സാഹചര്യങ്ങളായതിനാൽ അഗ്നി വടക്കു കിഴക്കാണ് നൽകേണ്ടത്. അടുക്കള മാത്രമല്ല. വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രധാന ഉപകരണങ്ങളും അവിടെത്തന്നെ വേണം. വൈദ്യുതിയും അഗ്നിയായിത്തന്നെ കണക്കാക്കണം. കേരളത്തിലെ പഴയ തച്ചൻമാർ നിർമിച്ച വീടുകളിൽ ഇതാണ് പ്രാവർത്തികമാക്കിയിരിക്കുന്നതെന്ന് ശ്രദ്ധിച്ചാൽ കാണാം.

കെട്ടിടവും അതിലെ താമസക്കാരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നുണ്ടോ ?

തീർച്ചയായും. മനുഷ്യന്റെ ആരോഗ്യത്തെയും സമ്പത്തിനെയും താമസിക്കുന്ന കെട്ടിടം എങ്ങനെ ബാധിക്കുമെന്ന് നമ്മുടെ പൂർവികർക്ക് കൃത്യമായി അറിയാമായിരുന്നു. വീടിന്റെ ഏതെങ്കിലും ഭാഗത്ത് ഊർജപ്രവാഹം ശരിയല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ശരീരഭാഗത്തിന് ആരോഗ്യക്കുറവ് സംഭവിക്കാം. ഇത് ഒരു സുപ്രഭാതത്തിൽ അനുഭവപ്പെടണമെന്നില്ല. ഉദാഹരണത്തിന് കുടുംബാംഗങ്ങൾക്ക് ആർക്കെങ്കിലും കാലിന് അസുഖം വന്നെങ്കിൽ, വാതമോ വെരിക്കോസ് വെയിനോ എന്തുമാകാം. അത് അഗ്നി കോണിലെ ഊർജ പ്രവാഹത്തിന് എന്തെങ്കിലും തടസ്സമുണ്ടാകുന്നതുമൂലമാകാം.

കേരളത്തിലെ കാര്യമെടുത്താൽ തെക്കുപടിഞ്ഞാറ് മൂല വാസ്തുപുരുഷന്റെ തലയെയാണ് സൂചിപ്പിക്കുന്നത്. വടക്കു പടിഞ്ഞാറ് കഴുത്തു മുതൽ നാഭിവരെയുള്ള ദേഹത്തെയും വടക്കുകിഴക്ക് കാലുകളെയും തെക്കുകിഴക്ക് ശരീരത്തെ മുഴുവനായും പ്രതിനിധീകരിക്കുന്നു. വീടിന്റെ നടുഭാഗമാണ് ബ്രഹ്മസ്ഥാനം, അതായത് നടുമുറ്റം. വാസ്തുപുരുഷന്റെ നാഭിയാണിത്. അവിടം ഒഴിച്ചിടുന്നതാണ് ഉത്തമം.

മുറികൾ മാത്രമാണോ ഇത്തരത്തിൽ സ്വാധീനിക്കുന്നത് ?

അല്ല. പ്രധാനവാതിലിന്റെ നിർമാണം പോലും പണ്ടുള്ളവർ വാസ്തുവനുസരിച്ചാണ് ചെയ്യാറുള്ളത്. പഴയ വീടുകളുടെ വാതിലുകൾ രണ്ട് പാളിയുള്ളവയായിരുന്നു. ഒരു പാളി മാത്രമുള്ള വാതിലിന്റെ കാര്യമെടുത്താൽ, ഏതു വശത്താണോ വാതിൽ, ശരീരത്തിന്റെ ആ ഭാഗത്തെ ഊർജപ്രവാഹം മാത്രമേ ശരിയായ രീതിയിൽ നടക്കുന്നുള്ളൂ. പടിയുടെ കാര്യവും പ്രത്യേക പരാമർശിക്കുന്നുണ്ട്. ഭൗമോർജം അതിലൂടെയാണ് ഒഴുകുന്നത്. പ്രധാനവാതിലിന് അടിപ്പടിയില്ലാത്തത് താമസക്കാരെ ബാധിക്കാം.

പല നാടുകളിലും വീടിനു മുന്നിൽ കോലമിടുന്ന പതിവുണ്ട്. അതിനു പിന്നിലുമുണ്ട് ഒരു കാരണം. പുറത്തു നിന്നു വരുമ്പോൾ ശരീരത്തെ ബാധിച്ച ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ ഈ കോലത്തെ മറികടക്കുന്നതോടെ ഇല്ലാതാകും.

ഓരോ പ്രദേശവും ഏത് അർധഗോളത്തിലാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ മാർഗമുണ്ടോ ?

ഓരോ പ്രദേശവും ഏത് അർധഗോളത്തിലാണ് എന്നറിയാൻ ഒരു ചെറിയ പരീക്ഷണം നടത്താം. ഒരാളെ വടക്കോട്ടു തിരിച്ചു നിർത്തി ചെറിയൊരു തള്ളു കൊടുക്കുക. പെട്ടെന്ന് അയാളുടെ ബാലൻസ് നഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് ഉത്തരാർധഗോളമല്ല എന്നു മനസ്സിലാക്കാം. അതേ സമയം ഉത്തരാർധഗോള ത്തിൽ അയാൾ വടക്കോട്ടാണ് തിരിഞ്ഞു നിലൽക്കുന്നതെങ്കിൽ മെച്ചപ്പെട്ട പ്രതിരോധമുണ്ടാകും.

ശരിയായ വിധത്തിൽ വാസ്തു അനുസരിച്ചില്ലെങ്കിൽ ആരോഗ്യം തന്നെ നഷ്ടപ്പെടാം എന്നു പറഞ്ഞല്ലോ ? വാസ്തുശാസ്ത്രത്തിൽ അല്പം പോലും വിശ്വാസമില്ലാത്ത എത്രയോ പേർ യാതൊരു പ്രശ്നങ്ങളുമില്ലാതെ ജീവിക്കുന്നു. അതിനു കാരണമെന്താണ് ?

അവരുടെ ഭാഗ്യം എന്നേ പറയാൻ കഴിയൂ. നിരവധി മാഗ്നറ്റിക് ഗ്രിഡുകൾ ഭൂമിയിലൂടെ കടന്നു പോകുന്നുണ്ട്. കെട്ടിടം ഈ മാഗ്നറ്റിക് ഗ്രിഡുകളെ മുറിക്കുന്ന വിധത്തിൽ പണിയുമ്പോഴാണ് അസുഖകരമായ കാര്യങ്ങൾ സംഭവിക്കുന്നത്. മാഗ്നറ്റിക് ഗ്രിഡുകളെ ബാധിക്കാതെ കെട്ടിടം നിർമിക്കുന്ന മാർഗമാണ് വാസ്തു കാണിച്ചുകൊടുക്കുന്നത്. അറിയാതെയാണെങ്കിൽ പോലും മാഗ്നറ്റിക് ഗ്രിഡിനെ ബാധിക്കാത്ത സ്ഥലത്താണ് കെട്ടിടമുണ്ടാക്കുന്ന തെങ്കിൽ കുഴപ്പമില്ല.

വാസ്തുശാസ്ത്രം മാത്രമല്ല. പരമ്പരാഗത തച്ചുശാസ്ത്രവും സംരക്ഷിക്കേണ്ട തിന്റെ ആവശ്യകത പ്രഭാത് പോഡാർ ചൂണ്ടിക്കാട്ടുന്നു. ജ്ഞാനികളായ തച്ചൻമാരുടെ പരമ്പര മുഴുവനായി നഷ്ടപ്പെടുന്നതിനു മുമ്പുതന്നെ അവരുടെ അറിവുകൾ ശേഖരിച്ച് സൂക്ഷിക്കുകയും താൽപര്യമുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നത് ഭാവിയിലെ വാസ്തുശിൽപികൾക്ക് വളരെയധികം ഗുണം ചെയ്യും. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കാനും ഇതു സഹായകരമാകുമെന്ന് പ്രഭാത് പോഡാർ പ്രത്യാശിക്കുന്നു. 

Profile

പ്രഭാത്പോഡാർ

prabhat-poddar

ആർക്കിടെക്ട് പ്രഭാത് പോഡാറിന്റെ പ്രധാന പ്രവൃത്തി മണ്ഡലം ശ്രീ അരബിന്ദോ ആശ്രമവും ഓറോവില്ലും ആണ്. ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ചിന്റെ പാരമ്പര്യേതര ഊർജവികസന വിഭാഗത്തിന്റെ കോ– ഓർഡിനേറ്ററായിരുന്നു. ആകാശ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റിന്റെ സ്ഥാപകൻ കൂടിയാണ്.

Read more- Architect Interview