Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവയിലെ വീടുകൾ എന്താ ഇങ്ങനെ?...

house-in-panaji ഫെനിയും പോർച്ചുഗീസ് രുചിയും മാത്രമല്ല, പലനിറങ്ങളണിഞ്ഞ് വരിവരിയായി നിൽക്കുന്ന ഗോവൻ വീടുകൾക്കുമുണ്ട് പറയാനൊരു കഥ. പനജി കൺസർവേഷൻ ഏരിയയിലെ തെരുവുകളിലൂടെ നടന്നാൽ കൺഫ്യൂഷനായിപ്പോകും – ഇന്ത്യ തന്നെയാണോ ഇത്?

പോർച്ചുഗലിൽനിന്ന് കപ്പലു കയറി വന്ന ഒരു കഥയുണ്ട് ഇതിനു പിന്നിൽ. പണ്ടു കാലത്ത്  പകൽനേരങ്ങളിൽ പോലും അടിച്ചു പൂസായി നടക്കുന്നത് പോർച്ചുഗീസുകാരുടെ ഇഷ്ടവിനോദമായിരുന്നു. അങ്ങനെ ആകാശത്തു നടന്നവർ പലപ്പോഴും ചെന്നു കയറിയത് അയൽ വീടുകളിലാണ്. അവരെ പറഞ്ഞിട്ടു കാര്യമില്ല. അടുത്തടുത്ത വീടുകൾ എല്ലാം ഒരു പോലെയാണ്. ഒടുവിൽ അധികാരികൾ കണ്ടെത്തിയ പോംവഴിയാണത്രേ അടുത്തടുത്ത വീടുകൾക്ക് വ്യത്യസ്ത നിറമായിരിക്കണം എന്നത്.


വാസ്കോ ഡ ഗാമയും കൂട്ടരും കടലു ചുറ്റി ഇവിടെ തമ്പടിച്ചപ്പോൾ വീടുകളും അതുപോലെ ഇവിടേക്കു പറിച്ചു നട്ടു. ഗാമ കോഴിക്കോട്ടാണ് ആദ്യം കാലു കുത്തിയതെങ്കിലും പോർച്ചുഗീസുകാർ ആധിപത്യം സ്ഥാപിച്ചത് ഗോവയിലാണല്ലോ..? അതു കൊണ്ട് നമ്മുടെ ഓടു പാകിയ വീടുകൾ രക്ഷപ്പെട്ടു, പലനിറമായില്ല!

goa-houses ഗോവയിലെ വീടുകൾ പല നിറത്തിലുള്ള പട്ടുപാവാടയുടുത്ത പോലെ പല നിറങ്ങൾ അണി‍ഞ്ഞു നിൽക്കുന്നത് എന്തു കൊണ്ടാവാം..? ഓരോ വീടിനും ഓരോ നിറം. മഴവില്ലു പോലെ തൊട്ടുതൊട്ട് പലനിറങ്ങൾ!


തലസ്ഥാനമായ പനജിയിലാണ്  ഇത്തരം വീടുകൾ. പോർച്ചുഗീസ് ശൈലി എന്നു പൂർണമായും പറഞ്ഞു കൂടാ. പരമ്പരാഗത ഗോവൻ ശൈലിയുമായി കലർന്ന് ഒരു ജുഗൽബന്ധി. പലതും ഹോം സ്റ്റേകളും റസ്റ്ററന്റുകളുമായി രൂപം മാറിയിട്ടുണ്ട്. തങ്ങളുടെ പൂർവികർ ജീവിച്ച സ്ഥലം കാണാനെത്തുന്ന വിദേശികളെ ലക്ഷ്യമിട്ടുള്ളവ. പനജി കൺസർവേഷൻ ഏരിയയിലെ തെരുവുകളിലൂടെ നടന്നാൽ കൺഫ്യൂഷനായിപ്പോകും– ഇന്ത്യ തന്നെയാണോ ഇത്? അതോ ഏതെങ്കിലും യൂറോപ്യൻ നഗരമോ..? ഇടയ്ക്ക് ചാപ്പലുകളും ആർട്ട് ഗാലറികളും കൂടിയാകുമ്പോൾ പനജി ശരിക്കും ഒരു കൊച്ചു പോർച്ചുഗീസ് നഗരം തന്നെ..!


വീടുകളെക്കുറിച്ചുള്ള ഒരു മ്യൂസിയം തന്നെ ഗോവയിലുണ്ട്. പനജിയിൽ നിന്ന് കുറച്ചകലെ ടോർഡയിലാണത്. ത്രികോണാകൃതിയിൽ നാലു നിലകളിലായി ഒരു വലിയ കപ്പലിനെ അനുസ്മരിപ്പിക്കുന്ന നല്ല സുന്ദരൻ മ്യൂസിയം. ആർക്കിടെക്റ്റ് ജെറാൾഡ് ഡ കുഞ്ഞയാണ് സ്രഷ്ടാവ്. ഓരോ നിലയും കയറി മുകളിലെത്തുമ്പോഴേക്കും ഗോവൻ ആർക്കിടെക്ച്ചറിനെക്കുറിച്ച് ഒരു ക്ലാസെടുക്കാനുള്ള വിവരമുണ്ടാകും. പുരാതന വീടുകളിൽ നിന്ന് ഇളക്കിയെടുത്ത ചിത്രപ്പണിയുള്ള വാതിലുകളും ജനലുകളും, അപൂർവമായ ഒരു ഹാറ്റ് സ്റ്റാൻഡ്, 1917ൽ മഡ്ഗാവിൽ നിർമിച്ച ഫ്രഞ്ച് ശൈലിയിലുള്ള കെട്ടിടത്തിന്റെ അപൂർവ വസ്തുക്കൾ, മൺചുമരുകൾ നിർമിക്കുന്ന വിധം എന്നിവയെല്ലാം കാണാം.