Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിയോടൊപ്പം ജീവിതം ആഘോഷിക്കാൻ ഒരു കിടിലൻ ഫാംസ്റ്റേ!

farm stay illikkal വീടും കൃഷിയിടവും വളർത്തുമൃഗങ്ങളുമെല്ലാം നല്ല വരുമാന മാർഗമാകുന്ന ഇല്ലിക്കൽകല്ലിലെ ‘ഫാം സ്റ്റേ’ പരിചയപ്പെടാം.

ഇല്ലിക്കൽ കല്ല്..... ഇവിടെയെത്തിയാൽ നിമിഷനേരം മതി മനസ്സും ശരീരവും റീചാർജ് ആയി ഫുൾ ഫോമിലെത്താൻ. കുളിർകാറ്റും കോടമഞ്ഞും കനവൂറും കാഴ്ചകളുമായി അത്രയ്ക്കാണ് പ്രകൃതിയുടെ പ്രസരിപ്പ്. ഈ മലയോരത്തെ നാല് ഏക്കറിന് നടുവിലുള്ള വീട് ഹോം സ്റ്റേ ആയി മാറ്റാനായിരുന്നു ആയുർവേദ ഡോക്ടറായ അനീഷ് കുര്യാസിന്റെ പദ്ധതി. കാഴ്ചകൾ കണ്ടാനന്ദിക്കുന്നതിനപ്പുറമുള്ള അനുഭവം ആകണം ഇവിടത്തെ താമസം എന്ന ആശയമുദിച്ചതോടെ കാര്യങ്ങൾ അപ്പാടെ മാറി. ഹോം സ്റ്റേയ്ക്കു പകരം ഫാം സ്റ്റേ പച്ചപിടിച്ചു.

അനുഭവങ്ങൾ തേടുന്നവർക്കായി

farm-stay-in-illikkal കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്ന് 17 കിലോമീറ്റർ ദൂരെ ഇല്ലിക്കൽ കല്ലിന് സമീപത്തുള്ള നാല് ഏക്കറിലാണ് ഫാം സ്റ്റേ.

കാണാൻ കൊള്ളാവുന്ന സ്ഥലങ്ങൾ തേടി സഞ്ചാരികളെത്തുന്ന ‘ഡെസ്റ്റിനേഷൻ ടൂറിസ’ത്തിന് മുരടിപ്പ് നേരിടുന്നതായാണ് വിനോദ സഞ്ചാര മേഖലയിലെ ഏറ്റവും പുതിയ വാർത്ത. അപരിചിത ദേശങ്ങളിലെ ഭക്ഷണം, കൃഷി, നാടൻ ജീവിതരീതി എന്നിവ അറിഞ്ഞും അനുഭവിച്ചും യാത്ര ചെയ്യുന്ന ‘എക്സ്പീരിയൻസ് ടൂറിസ’ത്തിലേക്കാണ് സഞ്ചാരികളുടെ ചുവടുമാറ്റം. ഈ ‘പൾസ്’ തിരിച്ചറിഞ്ഞതാണ് അനീഷിന്റെ നിലപാട് മാറ്റത്തിന് ഒരു കാരണം. ഒപ്പം ഇതിനേക്കാൾ വലിയൊരു കാരണവുമുണ്ട്. അതാണ് ഫാം സ്റ്റേയുടെ ഹൈലൈറ്റ്. ഡോക്ടർ അനീഷ് തന്നെ അത് വ്യക്തമാക്കട്ടെ.

outside view രാവിലെ എത്തി രാത്രി മടങ്ങുന്ന തരത്തിലുള്ള ഏകദിന സന്ദർശനങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

‘‘ആരോഗ്യമുള്ളപ്പോഴേ നമ്മൾ ഉല്ലാസയാത്രകൾ നടത്താറുള്ളൂ. ആരോഗ്യം നഷ്ടപ്പെടുത്താതിരിക്കാനുള്ള ചെറിയൊരു ഓർമപ്പെടുത്തൽ കൂടി ഉല്ലാസത്തിനൊപ്പം നൽകുക. അത്തരത്തിലാണ് ഫാം സ്റ്റേയിലെ ക്രമീകരണങ്ങളെല്ലാം.’’

ഉല്ലാസം ; ഒപ്പം ആരോഗ്യവും

dining പുതിയതായി പണിത ഡൈനിങ് ഹാൾ.

ഓടുമേഞ്ഞ ചെറിയൊരു വീട്. തൊട്ടടുത്തായി തൊഴുത്ത്. അതിൽ നാല് സുന്ദരിപ്പയ്യുകൾ. അൽപം മാറി വേലികെട്ടിത്തിരിച്ച സ്ഥലത്ത് ഇഷ്ടം പോലെ ആടും കോഴിയും. ബാക്കി സ്ഥലത്ത് പച്ചക്കറികളും ഔഷധച്ചെടികളും തഴച്ചുവളരുന്നു. എല്ലാത്തിനേയും ബന്ധിപ്പിച്ച് മനോഹരമായ നടപ്പാതകൾ. ഇത്രയുമാണ് ഫാം സ്റ്റേയിലെ കാഴ്ചകൾ.

farm-stay-in-illikkal9

‘ഹെൽത്തക്കേഷൻ’ എന്നാണ് ഹോം സ്റ്റേക്ക് നൽകിയിരിക്കുന്ന പേര്. ‘ഹെൽത്’ ‘വെക്കേഷൻ’ എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത് നിർമിച്ചതാണിത്. പേരിനൽപം കടുപ്പമുണ്ടെന്നു കരുതി ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഉദ്ബോധിപ്പിക്കുന്ന കടുകട്ടി പ്രഭാഷണങ്ങളോ ഭക്ഷണനിയന്ത്രണങ്ങളോ ഒന്നും ഇവിടെയില്ല. ഒഴിവുദിനം പരമാവധി ആസ്വദിക്കുക. ഇവിടത്തെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും ആരോഗ്യത്തെയും സുജീവിതത്തെയും പറ്റി ചില തിരിച്ചറിവുകൾ ജനിപ്പിക്കുക. അതാണ് ലൈൻ.

farm-stay-in-illikkal6 ജൈവ പച്ചക്കറിത്തോട്ടം ഔഷധസസ്യത്തോട്ടം എന്നിവ വീടിനടുത്തായുണ്ട്.

വീടിനടുത്തുള്ള തൊഴുത്തിൽ നാല് പശുക്കളാണുള്ളത്. പൂങ്കാനൂർ, വെച്ചൂർ, കപില, കാസർകോട് കുള്ളൻ. എല്ലാം തനിനാടൻ ഇനങ്ങൾ. ഇവയ്ക്ക് കൃത്രിമ കാലിത്തീറ്റകൾ ഒന്നും നൽകാറില്ല. പറമ്പിലെ നാടൻ പുല്ല് മാത്രം അരിഞ്ഞിട്ടു നൽകും. ഇതും പശുവിനെ കുളിപ്പിക്കുന്നതും പാൽ കറക്കുന്നതുമൊക്കെ താമസക്കാർക്ക് ലൈവ് ആയി കാണാം. വേണമെങ്കിൽ അരക്കൈ നോക്കുകയുമാകാം. (നഗരത്തിലെയും ഫ്ലാറ്റുകളിലെയും കുട്ടികളിൽ പലരും പശുവിനെ കറക്കുന്നത് നേരിട്ടു കണ്ടിട്ടില്ലാത്തിനാൽ അവർക്ക് ഇതൊക്കെ പെരുത്തിഷ്ടമാകും) അപ്പോൾ കറന്നെടുത്ത പാലുകൊണ്ടുള്ള കാപ്പിയുടെ രുചി കൂടി അറിയുന്നതോടെ കവർ പാലും നല്ല പശുവിൻപാലും തമ്മിലുള്ള വ്യത്യാസം ബോധ്യമാകും. വീട്ടിലെ കാപ്പിക്ക് ഇത്ര രുചിയില്ലാത്തതെന്താണെന്ന് ചോദിച്ചാൽ ഡോക്ടർ കാര്യങ്ങൾ അൽപം കൂടി വിശദമാക്കിത്തരും.

cows

പശു മാത്രമല്ല ഇവിടെയുള്ള ആടും നാടൻ തന്നെ. ‘അട്ടപ്പാടി ബ്ലാക്ക് ഗോട്ട്’ പാലിനും ഇറച്ചിക്കുമായി വീടുകളിൽ വളർത്താൻ യോജിച്ച ഇനമാണിത്.

chicken in home stay താമസക്കാർക്ക് പച്ചക്കറികളും മുട്ടയും ആടും കോഴിയുമൊക്കെ വാങ്ങാനുള്ള സൗകര്യമുണ്ട്.

മുട്ടയ്ക്കും മാംസത്തിനും അതീവ ഔഷധഗുണമുള്ള കരിങ്കോഴികളാണ് ഇവിടെയുള്ള മറ്റൊരു കൂട്ടർ. മുട്ടയിടുന്നതും അടയിരിക്കുന്നതുമൊക്കെ കാണേണ്ടവർക്ക് കാണാം. മുട്ടക്കറി മുതൽ ബ്രൗണിയും പുഡ്ഡിങ്ങും വരെ ഫാം സ്റ്റേയിലെ വിഭവങ്ങൾക്കെല്ലാം ഈ മുട്ട തന്നെയാണ് ഉപയോഗിക്കുന്നത്. ബ്രോയിലർ മുട്ടയും നാടൻ മുട്ടയും തമ്മിലുള്ള രുചിവ്യത്യാസം കഴിക്കുന്നവർക്കൊക്കെ മനസ്സിലാകും. പോഷകങ്ങളുടെ അളവിലുള്ള വ്യത്യാസം ഡോക്ടർ പറഞ്ഞുതരും.

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം

രാവിലെ ഉണർന്ന് പച്ചക്കറിത്തോട്ടത്തിലൂടെ നടക്കുക. പൂവിട്ടും കായ്ച്ചും നിൽക്കുന്ന പാവലും പടവലവും മത്തനും കുമ്പളവുമൊക്കെ കൺകുളിർക്കെ കാണുക. വിളവെടുക്കാൻ ഒപ്പം കൂടുക. ആരിലും പുതിയ പ്രസരിപ്പ് നിറയ്ക്കാൻ പോന്നതാണ് ഇവിടത്തെ കാഴ്ചകൾ. കാരറ്റും കാബേജും മുതൽ കാച്ചിലും കപ്പയും വരെയുള്ള ഒട്ടുമിക്ക പച്ചക്കറികളും കിഴങ്ങുകളും ഇവിടെ വിളയുന്നുണ്ട്.

farm-stay-in-illikkal8 ട്രീറ്റ് ചെയ്തെടുത്ത മാവിൻ തടി കൊണ്ടാണ് ഫർണിച്ചർ എല്ലാം.

യാതൊരുവിധ കീടനാശിനിയും ഉപയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. തൊഴുത്തിൽ നിന്ന് ശേഖരിക്കുന്ന ഗോമൂത്രത്തിനും ചാണകത്തിനും ഒപ്പം ശർക്കരയും മണ്ണും ചേർത്ത് തയാറാക്കുന്ന ജീവാമൃതമാണ് വളമായി ഉപയോഗിക്കുന്നത്. തൊഴുത്തിന് പിന്നിൽത്തന്നെയുള്ള ടാങ്കിലാണ് ഇത് നിർമിക്കുന്നത്.

farmstay കരിങ്കോഴി, അട്ടപ്പാടി ആട് എന്നിവയെയും വളർത്തുന്നുണ്ട്.

‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം. നല്ല ഭക്ഷണത്തിന് നല്ല കൃഷി രീതിയും ജീവിത രീതിയും. ഈ ആശയത്തിന് പ്രാധാന്യം നൽകിയാണ് ഫാം സ്റ്റേ ഒരുക്കിയിരിക്കുന്നതെന്ന് ഓരോന്നും ചൂണ്ടിക്കാട്ടി ഡോക്ടർ അനീഷ് കുര്യാസ് വ്യക്തമാക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കി സുജീവിതശൈലി പിന്തുടരാൻ താൽപര്യപ്പെടുന്നവർക്ക് പച്ചക്കറി വിത്തുകളും പശുവിനെയും കോഴിയെയുമൊക്കെ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. താമസത്തിനെത്തുന്ന ആളുകൾക്കുതന്നെ വിതരണം ചെയ്യാൻ തികയാത്തതിനാൽ എല്ലാത്തിനും നല്ല വിലയും ലഭിക്കുന്നു.

ഒരു പകൽ ; ഒരുപാട് കാഴ്ചകൾ

രാത്രി തങ്ങുന്ന ഹോം സ്റ്റേയിൽ നിന്ന് വ്യത്യസ്തമായി ഏകദിന സന്ദർശനങ്ങൾക്കാണ് ഇവിടെ മുൻഗണന. രാവിലെ ഏഴരയ്ക്ക് എത്തി രാത്രി ഏഴരയ്ക്ക് മടങ്ങാം. അതിനിടയിൽ ട്രക്കിങ്, വെള്ളച്ചാട്ട സന്ദർശനം, ഗ്രാമ്യഭംഗിയുള്ള പലതരം കളികൾ തുടങ്ങിയവയെല്ലാം ഉണ്ടാകും. ബൈക്കിങ്, സൈക്കിൾ ട്രിപ്സ് തുടങ്ങിയവ വേണ്ടവർക്കായി അതും ഒരുക്കും. നാല് നേരത്തെ ഭക്ഷണം അടക്കം ഒരാൾക്ക് 1500 രൂപയാണ് ഈടാക്കുന്നത്.

bamboo cottage പുതിയതായി നിർമ്മിച്ച ബാംബൂ കോട്ടേജുകൾ. ചാണകം മെഴുകിയ തറയാണ് ഇതിന്.

പകൽ മാത്രമല്ല, രാത്രിയും തങ്ങണമെന്നുള്ളവർക്കും സൗകര്യമൊരുക്കി നൽകുന്നുണ്ട്. 40 വർഷം പഴക്കമുള്ള വീട് ഇതിനായി പുതുക്കിയെടുത്തു. കൂടാതെ മുളകൊണ്ടുള്ള രണ്ട് ബാംബൂ കോട്ടേജുകളും സജ്ജമാക്കിയിട്ടുണ്ട്. പൂർണമായും തടികൊണ്ട് നിർമ്മിച്ച കോട്ടേജുകളും അധികം വൈകാതെ എത്തും. എല്ലാം കണ്ട് തിരികെ മലയിറങ്ങുമ്പോൾ കാഴ്ചകൾക്കൊപ്പം ഉൾക്കാഴ്ചയുടെ കനലും തിളങ്ങുന്നുണ്ടാകും.  

owner-family ഡോ. അനീഷ് കുര്യാസും കുടുംബവും

എന്താണ് ഫാം സ്റ്റേ ?

വീടിനോട് ചേർന്നുള്ള കൃഷിയിടവും വളർത്തു മൃഗങ്ങളും കൂടി വിനോദസഞ്ചാരത്തിന്റെ ഭാഗമാകുന്നു എന്നതാണ് ഫാം സ്റ്റേയുടെ പ്രത്യേകത. താമസത്തിനൊപ്പം കൃഷിയിടവും വിളവെടുപ്പുമൊക്കെ നേരിട്ട് കാണാനും അതിൽ പങ്കാളിയാകാനും സഞ്ചാരികൾക്ക് അവസരം ലഭിക്കുന്നു. ഇതിനായി വീടും കൃഷിയിടവും വെടിപ്പായി സൂക്ഷിക്കണം. സഞ്ചാരികളെ കൊണ്ടു നടന്ന് കാണിക്കാനും കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാനും കഴിവുള്ള ആൾ എപ്പോഴും ഉണ്ടാകണം. ഒരുപാട് സാധ്യതകൾ പ്രയോജനപ്പെടുത്താം എന്നതിനാൽ ഹോം സ്റ്റേയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വരുമാനം നേടാം. താമസത്തിനെത്തുന്നവരിലൂടെ ഉൽപന്നങ്ങളുടെ വിപണനം നടത്താനുമാകും.

ഹെൽത്തക്കേഷൻ ഫാം സ്റ്റേയുടെ ഇമെയിൽ

വിലാസം:info@healthacation.com

ചിത്രങ്ങൾ : ഹരികൃഷ്ണൻ