Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് നീര വിപണിയിലേക്ക്; കേരളത്തിലെ കർഷകർക്ക് ഭീഷണി

neera

കേരളത്തിലെ നാളികേര കർഷകർക്കു ഭീഷണിയായി തമിഴ്നാട്ടിൽ നിന്നു കുറഞ്ഞ വിലയ്ക്കു നീര എത്തിക്കാൻ നീക്കം. വില കുറച്ചു അസംസ്കൃത നീര എത്തിച്ചു നൽകാമെന്ന വാഗ്ദാനവുമായി തമിഴ്നാട്ടിലെ സ്വകാര്യ കമ്പനികൾ കേരളത്തിലെ കർഷക സംഘങ്ങളെ സമീപിച്ചു തുടങ്ങി.

അസംസ്കൃത വസ്തുക്കൾ കുറഞ്ഞ വിലയിൽ എത്തിച്ചു നൽകുന്ന വിപണന തന്ത്രമാണു നീരയിലും തമിഴ്നാട് ലോബി പയറ്റുന്നത്. മലബാറിലെ പ്രധാന നീര ഉൽപാദക സംഘവും തമിഴ്നാട്ടിലെ നീര കമ്പനിയുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു.

കേരള വിപണി ലക്ഷ്യമിട്ടു കോയമ്പത്തൂർ, പല്ലടം, പൊള്ളാച്ചി മേഖലകളിലാണു കൂറ്റൻ നീര നിർമാണ കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിൽ ലീറ്ററിനു 70 രൂപയിൽ ഏറെ ഉൽപാദന ചെലവു വരുമ്പോൾ തമിഴ്നാട്ടിൽ 30 രൂപ മതിയെന്നതാണു നേട്ടം.

ശീതീകരിച്ച കണ്ടെയ്നറുകളിൽ കർഷക സംഘങ്ങൾക്കു കേടാകാതെ നീര എത്തിച്ചു നൽകാമെന്നാണു വാഗ്ദാനം. കേരളത്തിൽ നാളികേര വികസന ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന 29 കമ്പനികൾ വഴി പ്രതിദിനം 10,000 ലീറ്റർ നീരയാണ് ഉൽപാദിപ്പിക്കുന്നത്.

വിനോദ സഞ്ചാര മേഖലയിൽ നിന്നുൾപ്പെടെ ഉൽപാദന ശേഷിയുടെ ഇരട്ടിയോളം ആവശ്യക്കാരുണ്ട്. നീര വിപണിയിൽ തമിഴ്നാട് പ്രവേശിക്കുന്നതു കേരളത്തിലെ കർഷകർക്കു തിരിച്ചടിയാകും. അവിടെ ഉൽപാദനച്ചെലവു കുറവാണെന്നതാണു വിലക്കുറവിനു പ്രധാന കാരണം.

തമിഴ്നാട് മുഖ്യമന്ത്രി മുൻകൈ എടുത്താണു സേലം മേഖലയിൽ നീര വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. അതേ സമയം കേരളത്തിലെ നീര ഉൽപാദക സംഘങ്ങൾക്കു സർക്കാർ കാര്യമായ സഹായം നൽകുന്നുമില്ല. ഇതിനിടെ അബ്കാരി നയം സംബന്ധിച്ച ഉത്തരവിൽ നിന്നു നീരയ്ക്കുള്ള ലൈസൻസും ഒഴിവാക്കിയിരുന്നു.

Your Rating: