Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നബാർഡിന്റെ കൈത്താങ്ങിൽ പ്രിയദർശിനി ഇനി പച്ചക്കറിക്കൃഷിയിലേക്കും

polyhouse-by-priyadarshini-society പ്രിയദർശിനിയിലെ പ‍ഞ്ചാരക്കൊല്ലി എസ്റ്റേറ്റിൽ നബാർഡ് ധനസഹായത്തോടെ നിർമിച്ച പോളിഹൗസ്.

ആദിവാസികളെ പുരധിവസിപ്പിക്കാനായി ആരംഭിച്ച വയനാട് പ്രിയദർശിനി ട്രൈബൽ സൊസൈറ്റിക്ക് ഇനി നബാർഡിന്റെ സാമ്പത്തിക സഹായവും. കലക്ടർ ചെയർമാനും സബ് കലക്ടർ മാനേജിങ് ഡയറക്ടർ ഡയറക്ടറുമായ ഭരണ സമിതിയാണ് പ്രിയദർശിനിയുടെ ഭരണ ചുമതല നിർവഹിക്കുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി നാശത്തിന്റെ വക്കിലെത്തിയ പ്രിയദർശിനി സമീപ കാലത്തായി തിരിച്ച് വരവിന്റെ പാതയിലാണ്.

പ്രിയദർശിനി ഇന്ന് ചായപ്പൊടി ഉൽപാദനത്തിലൂടെയും ടൂറിസം പദ്ധതി നടത്തിപ്പിലൂടെയും സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്. ആദ്യമായാണ് പ്രിയദർശിനിക്ക് നബാർഡിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നത്. 1.25 കോടി രൂപയുടെ സഹായമാണ് ലഭിച്ചിട്ടുളളത്. ഇൗ തുക വിനിയോഗിച്ച് പ്രിയദർശിനിയുടെ വിവിധ യൂണിറ്റുകളിൽ കാർഷിക രംഗത്ത് മുന്നേറ്റം ഉണ്ടാക്കാൻ കഴിയും.

ഇപ്പോഴും വേണ്ടവിധം വിനിയോഗിക്കാതെ കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലം പദ്ധതിയിലൂടെ കുരുമുളക്, കാപ്പി, തേയില തോട്ടങ്ങളാക്കി മാറ്റും. ഫലവൃക്ഷത്തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്യുന്നതിനും പദ്ധതി വഴിയൊരുക്കും. പഞ്ചാരക്കൊല്ലിയിൽ 12 ലക്ഷം രൂപ മുടക്കി പോളി ഹൗസ് നിർമിച്ചിട്ടുണ്ട്.

ഇവിടെ പച്ചക്കറി ഉൽപാദനത്തിനുളള നടപടികൾ തുടങ്ങി. കുഞ്ഞോം, പഞ്ചാരക്കൊല്ലി, കുഞ്ഞോം, വാളേരി, കാഞ്ഞിരങ്ങാട്, ലക്കിടി, അമ്പുകുത്തി യൂണിറ്റുകളിലായാണ് വൈവിധ്യവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നത്. മൂന്ന് വർഷം കൊണ്ടാണ് പദ്ധതി പൂർത്തീകരിക്കുക. 250 ആദിവാസി കുടുംബങ്ങൾക്ക് നേരിട്ടുളള പ്രയോജനം ലഭിക്കും.

തടയണകളും കൈയ്യേലകളും ഒരുക്കാനും പ്രിയദർശിനിയിലെ കുടുംബങ്ങൾക്ക് ശാസ്ത്രീയ പരിശീലന പരിപാടികൾ ഒരുക്കാനും തുക വകയിരുത്തിയിട്ടുണ്ട്. മക്കിമലയിലെ നൂറേക്കറോളം സ്ഥലത്ത് കാപ്പി, തേയില ചെടികൾ നട്ടുപിടിപ്പിക്കുന്നതിനുളള ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. വൈവിധ്യ വൽക്കരണത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്ന പ്രിയദർശിനിക്ക് നബാർഡ് സഹായം കരുത്താകുമെന്ന് നബാർഡ് അസിസ്റ്റന്റ് മാനേജർ എൻ.എസ്. സജികുമാർ പറഞ്ഞു.