Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുമുളകു വില കയ്ക്കുന്നു

black-pepper

ഈ സീസണിലെ കുറഞ്ഞ വില രേഖപ്പെടുത്തി കുരുമുളക് വിപണി മുന്നോട്ടു പോകുന്നതിനാൽ കർഷകർ ആശങ്കയിൽ. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ വിളവെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ കുരുമുളക് വിപണിയിൽ ഇടിവ് പ്രകടമായിരുന്നു. ഈ വർഷം ആദ്യവാരം ക്വിന്റലിന് 675 രൂപയിൽ നിന്നിരുന്ന കുരുമുളക് വിലയാണ് ഇപ്പോൾ 585ലേക്ക് കൂപ്പുകുത്തിയത്. ഇതിനിടെ ചില ദിവസങ്ങളിൽ 575 രൂപയിലേക്ക് താഴ്ന്ന സ്ഥിതിയുമുണ്ടായി. 

കാർഷിക മേഖലയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ ലഭിക്കുന്ന വിളവ് ഉടൻതന്നെ വിറ്റഴിച്ച് കടക്കെണിയിൽ നിന്ന് കരകയറാനാണ് കർഷകർ ശ്രമിക്കുന്നത്. അതിനാൽ വിളവെടുപ്പ് നടത്തിക്കഴിഞ്ഞാൽ ഉടൻതന്നെ ചെറുകിട കർഷകർ ഉൽപന്നം വിപണിയിൽ എത്തിക്കുകയാണ്. ഈ സാഹചര്യത്തിലുള്ള വിലയിടിവ് കർഷകർക്ക് കനത്ത പ്രഹരമാണ് സമ്മാനിക്കുന്നത്. നിലവിൽ വിപണിയിലേക്ക് വരുന്ന ഉൽപന്നത്തിന്റെ അളവ് വളരെയധികം കുറഞ്ഞിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. വിലയിടിവ് തുടരുന്നതിനിടെ ഭൂരിഭാഗം കർഷകരും നഷ്ടം സഹിച്ച് ഉൽപന്നം വിറ്റഴിക്കുകയാണു ചെയ്തത്. 

ഇതിനിടെ, വിയറ്റ്‌നാമിൽ നിന്ന് 64 ടൺ കുരുമുളക് ഇറക്കുമതി ചെയ്തത് വൻ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ എവിടെ വേണമെങ്കിലും കിലോഗ്രാമിന് 550 രൂപയ്ക്ക് ഈ കുരുമുളക് വിൽക്കാൻ ഇറക്കുമതി ലോബിക്ക് കഴിയുമെന്നത് വരുംദിനങ്ങളിൽ വിലയിടിവിന് കാരണമായേക്കും. കൂടാതെ, വൻതോതിൽ കുരുമുളക് കൃഷി വ്യാപിച്ച കർണാടകയിൽ വിളവെടുപ്പ് ആരംഭിച്ചതും വിലയിടിവിന് വഴിയൊരുക്കും. 

കർണാടകയിൽ നിന്നുള്ള കുരുമുളക് കിലോഗ്രാമിന് 575 രൂപയ്ക്ക് വിൽപനയ്ക്ക് എത്തിക്കാനാണു നീക്കം. ഇവയെല്ലാം കേരളത്തിൽ നിന്നുള്ള കുരുമുളകിന്റെ വിലയിടിവിന് വഴിയൊരുക്കും. ഹൈറേഞ്ചിലെ കുരുമുളകിനെ അപേക്ഷിച്ചു കർണാടകയിൽ നിന്നുള്ളതിനു ഗുണമേന്മ കുറവാണെങ്കിലും വലുപ്പക്കൂടുതലാണ് കച്ചവടക്കാരെ ആകർഷിക്കുന്നത്. 

എന്നാൽ കർണാടക കുരുമുളകിന് തൂക്കം കുറവാണ്. കർണാടകയിൽ ഉൽപാദിപ്പിക്കുന്ന കുരുമുളക് തമിഴ്‌നാട്, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു വിപണികളിലേക്ക് എത്തുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ കുരുമുളക് കേരളത്തിലെ കുരുമുളകുമായി കൂട്ടിക്കലർത്തി ആഭ്യന്തര വിപണികളിൽ വിറ്റഴിക്കുന്നുണ്ടത്രേ. കേരളത്തിൽ നിന്നുള്ള കയറ്റുമതി കുറയാൻ ഇതു വഴിയൊരുക്കുകയാണ്.