Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ ഉൽപാദനത്തിൽ 22.78%വളർച്ച, ഈ വർഷത്തെ ലക്ഷ്യം 8 ലക്ഷം ടൺ

rubber

പ്രതിസന്ധികളെ മറികടന്ന് റബർ ഉൽപാദനത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ഉൽപാദനം 6.90 ലക്ഷം ടണ്ണായി. 2015–16ൽ ഇത് 5.62 ലക്ഷം ടൺ ആയിരുന്നു. വളർച്ചാ നിരക്ക് 22.78 ശതമാനം. ഇത്തരത്തിൽ ഏറ്റവും ഉയർന്ന ഉൽപാദന നിരക്ക് കൈവരിച്ചത് 1964–65 കാലഘട്ടത്തിലായിരുന്നു. 21.68% 

2012–13ൽ 9.13 ലക്ഷം ടൺ ഉൽപാദിപ്പിച്ചിരുന്നു. വിലക്കുറവും കാലാവസ്ഥാ പ്രശ്നവും കൊണ്ട് ഉൽപാദനം ഓരോ വർഷവും കുറയുകയായിരുന്നു. 2017–18ലെ ലക്ഷ്യം എട്ടു ലക്ഷം ടണ്ണാണ്. 35,000 ഹെക്ടർ തോട്ടങ്ങളില്‍ കൂടി കഴിഞ്ഞ സാമ്പത്തിക വർഷം ടാപ്പിങ് പുനരാരംഭിച്ചതാണ് ഉൽപാദനം വര്‍ധിക്കാന്‍ കാരണമായത്.

കയറ്റുമതിയിലും വൻകുതിപ്പാണുണ്ടായത്. 2015–16ൽ 8655 ടൺ റബർ കയറ്റുമതി ചെയ്തു. 

2016–17ൽ ഇത് 20,000 ടൺ കടന്നു. ചൈന, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിലേക്കായിരുന്നു കയറ്റുമതി. ഇന്ത്യയിലെ റബർ ഉപഭോഗത്തിലും വർധനവുണ്ടായി. 2015–16ൽ 90,000 ടൺ ആയിരുന്നു ഉപഭോഗമെങ്കിൽ 2016–17ൽ അത് 94,000 ടണ്ണായി ഉയർന്നു. 

എട്ടു ലക്ഷം ടൺ എന്ന ഉൽപാദന ലക്ഷ്യത്തിനായി ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങളെ കണ്ടെത്തി കർഷകരെ പ്രോൽസാഹിപ്പിച്ച് ടാപ്പിങ് നടത്തും. കേരളത്തിൽ മാത്രം ഒന്നരലക്ഷം ഹെക്ടറോളം തോട്ടങ്ങൾ ടാപ്പ് ചെയ്യാതെ കിടക്കുന്നു. ബാക്കി സംസ്ഥാനങ്ങളിൽ 75,000 ഹെക്ടർ തോട്ടവും ടാപ്പ് ചെയ്യാതെയുണ്ട്. 

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന റബർ ഉത്തേജന പാക്കേജും ഗുണമായി. കിലോഗ്രാമിന് 150 രൂപ ലഭിക്കുന്ന ഇൗ പദ്ധതിയിലൂടെ കൂടുതൽ കർഷകർ ടാപ്പിങ് പുനരാരംഭിച്ചിരുന്നു. 700 കോടിയിലധികം രൂപ ഇതുവരെ വിതരണം ചെയ്തു.

50% തോട്ടങ്ങളില്‍ റെയിൻ ഗാർഡ് വിലകുറച്ച് നൽകി. ഇതുവഴി മഴക്കാലത്ത് ടാപ്പിങ് തുടർന്നതു ഉൽപാദന വർധനവിനു വഴിയൊരുക്കിയതായി റബർ ബോർഡ് അറിയിച്ചു. നിലവിൽ 30% തോട്ടങ്ങളിലാണ് റെയിൻ ഗാർഡ് ഉപയോഗിക്കുന്നത്. 17,000 പേർക്കു കൂടി സ്കിൽ ഇന്ത്യാ പദ്ധതിയിൽപ്പെടുത്തി ടാപ്പിങ് പരിശീലനം നൽകുന്നതിന് പുറമേ കുടുംബശ്രി യൂണിറ്റിലെ അംഗങ്ങൾക്ക് ടാപ്പിങ് പരിശീലനം നൽകുന്ന പദ്ധതിക്കും തുടക്കം കുറിച്ചതായി എക്സിക്യുട്ടീവ് ഡയറക്ടർ അജിത്കുമാർ പറഞ്ഞു. 

കുടുംബശ്രി യൂണിറ്റുകൾ ടാപ്പിങ് രംഗത്തേക്ക് വരുന്നതോടെ ചെറുകിട തോട്ടങ്ങളില്‍ ടാപ്പിങിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഉൽപാദന വർധന വിലയെ ബാധിക്കില്ല

ഉൽപാദനം വർധിച്ചതുകൊണ്ട് വിലയെ ബാധിക്കില്ലെന്ന് റബർ ബോർഡ്. ഇന്ത്യയിൽ ഇപ്പോൾ റബറിന്റെ ആവശ്യം 10 ലക്ഷം ടണ്ണാണ്. കേരളത്തിലെ കർഷകന് നിലവിൽ 150 രൂപ കിലോഗ്രാമിന് ലഭിക്കുമെന്നതിനാൽ ആശങ്ക വേണ്ട. റബർ കൃഷിക്കിടെ മറ്റു ഇടകൃഷിക്ക് പദ്ധതി വരുന്നതിനാൽ അധിക വരുമാനവും കർഷകന് ലഭിക്കും.

Your Rating: