Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിത്തീറ്റയ്ക്കു തീവില, പാലിനു വിലയില്ല; കർഷകർ ദുരിതത്തൊഴുത്തിൽ

milk-cow

പാലിനു വില ലഭിക്കാത്തതും കാലിത്തീറ്റയുടെ വിലവർധനയും മൂലം ഇടുക്കിയിലെ കർഷകർ ക്ഷീരമേഖല ഉപേക്ഷിക്കാനൊരുങ്ങുന്നു. ഉൽപാദന ചെലവിന് ആനുപാതികമായി പാലിനു വില ലഭിക്കാത്തതും മിൽമയുടെയോ ക്ഷീരവികസന വകുപ്പിന്റെയോ ആനുകൂല്യങ്ങൾ ലഭിക്കാത്തതും വൈക്കോൽ, കാലിത്തീറ്റ എന്നിവയുടെ വില വർധനയും കർഷകരെ ബാധിക്കുകയാണ്. ക്ഷീരസാഗരം പദ്ധതി പ്രകാരം കാലിവളർത്തൽ ആരംഭിച്ച പല കുടുംബശ്രീ അംഗങ്ങളും പദ്ധതി ഉപേക്ഷിച്ചു. ഒരു ലീറ്റർ പാലിന് 42 രൂപ വിൽപനവിലയുള്ളപ്പോൾ കർഷകർക്കു ലഭിക്കുന്നത് വേനൽക്കാല ഇൻസെന്റീവ് ഉൾപ്പെടെ 30 മുതൽ 35 രൂപ വരെയാണ്. 

റീഡിങ്ങിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് മിൽമ ചാർട്ട് പ്രകാരമുള്ള വില കർഷകർക്കു ലഭിക്കുന്നത്. മുപ്പതും മുപ്പത്തിരണ്ടും രൂപയ്ക്കു കർഷകൻ സംഘത്തിൽ അളക്കുന്ന പാൽ കടകളിൽ 42 രൂപയ്ക്കാണു വിറ്റഴിക്കുന്നത്. മുൻകാലങ്ങളിൽ ക്ഷീരവികസന വകുപ്പിൽനിന്നു തൊഴുത്ത് അറ്റകുറ്റപ്പണി, കറവയന്ത്രം, റബർമാറ്റ്, പ്രഷർ വാഷർ, തൊഴുത്ത് നിർമാണം, ഡെയറി യൂണിറ്റ്, പുൽകൃഷി എന്നിവയ്ക്ക് ധനസഹായവും മിൽമ മേഖലാ യൂണിയന്റെ കീഴിൽ വിവിധ ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്കു തൊഴുത്തിനുള്ള ആനുകൂല്യവും മറ്റും ലഭിച്ചിരുന്നു.

എന്നാൽ രണ്ടു വർഷമായി ഇത്തരം ആനുകൂല്യങ്ങളാന്നും അർഹതയുള്ളവർക്ക് വിതരണം ചെയ്തിട്ടില്ല. വർഷങ്ങളായി പശുക്കളെ വളർത്തുന്ന മുതിർന്ന പൗരന്മാർക്കു പോലും യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. പലരുടെയും തൊഴുത്തിന്റെ മേൽക്കൂരയും പുൽത്തൊട്ടിയും ചാണകക്കുഴിയുമെല്ലാം കാലപ്പഴക്കത്താൽ തകർന്നെങ്കിലും ഇവർക്ക് ആവശ്യമായ ധനസഹായം നൽകുന്നില്ലെന്നും അക്ഷേപമുണ്ട് .അർഹരായ ചിലർക്ക് പെൻഷൻ ലഭിച്ചിട്ടില്ലെന്നും ക്ഷീരകർഷകർ പറയുന്നു. മിൽമ കാലിത്തീറ്റയ്ക്കു മലബാർ മേഖലാ യൂണിയൻ 200 രൂപ വീതം സബ്സിഡി 12 മാസവും നൽകുന്നുണ്ട്. 

വർഷം മുഴുവൻ പാൽ അളക്കുന്ന കർഷകന് 1000 രൂപ ആനുകൂല്യവും നൽകുന്നു. എന്നാൽ, ആവശ്യത്തിന് പാൽ ലഭിക്കാതെ പുറത്തു നിന്ന് പാൽ വാങ്ങേണ്ടി വരുന്ന എറണാകുളം മേഖലാ യൂണിയൻ കാലിത്തീറ്റ നിർമാണം ലാഭത്തിന് വേണ്ടി മാത്രമാക്കാൻ ശ്രമിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. ക്ഷീരമേഖലയിലെ കർഷകർക്ക് പ്രോത്സാഹനം നൽകാനായി കാലിത്തീറ്റയ്ക്ക് സബ്സിഡിയും വർഷം മുഴുവൻ പാൽ അളക്കുന്ന കർഷകർക്ക് ധനസഹായവും നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

കേരള സർക്കാരിന്റെ ഗോസുരക്ഷാ പദ്ധതി പ്രകാരം കുറഞ്ഞ പ്രീമിയത്തോടെ പശുക്കളെ ഇൻഷൂർ ചെയ്യുന്ന പദ്ധതിയും കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം പശുക്കിടാക്കൾക്ക് കാലിത്തീറ്റ സബ്സിഡി നിരക്കിൽ നൽകുന്ന പദ്ധതിയും രണ്ടു വർഷമായി നിർത്തലാക്കിയിരിക്കുകയാണ്. പുൽകൃഷി വിപുലമാക്കുന്നതിനും ആനുകൂല്യങ്ങൾ കർഷകർക്ക് നൽകുന്നതിനുമായി ആരംഭിച്ച കെഎൽഡി (എംഎം) ബോർഡും വർഷങ്ങൾക്ക് മുമ്പ് നിർത്തലാക്കി. 

ആശുപത്രികളിൽ മരുന്നുകൾ എത്തിച്ച് ഡോക്ടറുടെ സേവനം ലഭ്യമാക്കുക, സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഗ്രാമപഞ്ചായത്ത് വഴി ഒരു ലീറ്റർ പാലിന് അഞ്ച് രൂപ കാലിത്തീറ്റ സബ്സിഡി നൽകുക, ക്ഷീരവികസന വകുപ്പും മിൽമയും ക്ഷീരകർഷകർക്ക് വേണ്ട സബ്സിഡികളും ധനസഹായവും യഥാസമയം എത്തിക്കുക, ആവശ്യാനുസരണം വൈക്കോൽ, കാലിത്തീറ്റ എന്നിവ സബ്സിഡി നിരക്കിൽ എത്തിച്ച് നൽകുക എന്നിവയാണ് പ്രതിസന്ധിയിലായ കർഷകരുടെ ആവശ്യം.