Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പിന്റെ അംശം വർധിച്ചു; കല്ലുമ്മക്കായ കൃഷി നശിക്കുന്നു

kallummekkaya-mussel Representative image

കായൽ ജലത്തിൽ ഉപ്പിന്റെ അംശം വർധിച്ചതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ കല്ലുമ്മക്കായ കൃഷി നശിച്ചു. കണ്ണൂർ കവ്വായി കായലോരത്ത് കണ്ണീരിൽ കലങ്ങി കർഷകർ. മഴയാരംഭത്തിന് മുൻപേ വിളവെടുക്കാനുള്ള ആയിരത്തോളം കൃഷിപ്പാടങ്ങളിലെ കല്ലുമ്മക്കായയാണ് നശിച്ചത്. വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം മുതൽ മാവിലാക്കടപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് പ്രധാനമായും കൃഷി നാശമുണ്ടായിട്ടുള്ളത്. അടുത്ത മാസത്തോടെ പൂർണ വളർച്ചയെത്താവുന്ന കായ വായ പിളർന്ന് നശിക്കുകയായിരുന്നു.

പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വർധിതവീര്യത്തോടെയാണ് കർഷകർ വിത്തിട്ടിരുന്നത്. ഇടത്തട്ടുകാരുടെ ചൂഷണത്തിൽ കുടുങ്ങി വിത്തിന് വൻ വില നൽകേണ്ടി വന്നിരുന്നു. എന്നാൽ ഇത്തവണ ബന്ധപ്പെട്ടവരുടെ ഇടപെടൽ മൂലം വിത്തിന് നേരത്തേ കൊടുത്തു വന്നതിന്റെ പകുതി മാത്രമേ വില കൊടുക്കേണ്ടി വന്നുള്ളൂ. ഗുണനിലവാരമുള്ള വിത്ത് ലഭ്യമാകുകയും ചെയ്തു. ഇതോടൊപ്പം കൃഷി ചെയ്യുന്നതിൽ നിയന്ത്രണവും ഏർപ്പെടുത്തുകയുണ്ടായി.

എന്നാൽ കർഷകരെയാകെ കണ്ണീരിലാഴ്ത്തുന്നതായി കൃഷിനാശം. വ്യക്തികൾക്ക് പുറമേ, കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘം, ഓരുജല കർഷക ഗ്രൂപ്പുകൾ തുടങ്ങിയവയാണ് ഈ കൃഷിമേഖലയിൽ സജീവം. ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയും മറ്റുമാണ് വ്യക്തികളും ഗ്രൂപ്പുകളും കല്ലുമ്മക്കായ കൃഷി ഇറക്കുന്നതും വിപുലപ്പെടുത്തുന്നതും. നാശം നേരിട്ടതോടെ പലരും വായ്പാതിരിച്ചടവിന് ബുദ്ധിമുട്ടും.

സ്വാഭാവികമായി കൃഷി രംഗത്ത് നിന്ന് പിൻവലിയാനും കാരണമാകും. നാശനഷ്ടത്തെക്കുറിച്ച് കണക്കെടുത്തും കൃത്യമായ വിശകലനം നടത്തിയും കർഷകരെ സഹായിക്കാൻ ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂർ, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ, കവ്വായി കായലിൽ കൃഷിയിറക്കുന്ന ആയിരത്തോളം കുടുംബങ്ങളുടെ വരുമാനത്തിൽ പ്രധാനപ്പെട്ടതാണ് ഇത്.