Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മർഫി സായിപ്പിന്റെ ഓർമയ്ക്ക് 60 വയസ്സ്

irish-planter-jj-murphy ജോൺ ജോസഫ് മർഫി, ഏന്തയാർ മാത്തുമലയിലുള്ള മർഫി സായിപ്പിന്റെ ശവകുടീരം. ഇതിനു സമീപത്തായി 2014ൽ റബർ ബോർഡിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഫലകവും കാണാം.

കടൽകടന്നെത്തി റബർ കൃഷിയിലൂടെ മലയോരമേഖലയുടെയും കോട്ടയം ജില്ലയുടെയും വികസന വിപ്ലവങ്ങൾക്കു തുടക്കം കുറിച്ച അയർലൻഡുകാരൻ മർഫി സായിപ്പിന്റെ ഓർമയ്ക്ക് അറുപതു വയസ്സ്. ഏന്തയാറിൽനിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മാത്തുമലയെന്ന വിജനമായ സ്ഥലത്ത് ചുറ്റുമതിലുകൾക്കുള്ളിൽ മർഫി സായിപ്പിന്റെ ശവകുടീരം നിലകൊള്ളുന്നതു കാണാം.

മർഫിയോടൊപ്പം റബർ വന്ന വഴി

റബർ കൃഷിക്ക് അനുയോജ്യമായ സ്ഥലംതേടി ഇന്ത്യയിലെത്തിയ ജോൺ ജോസഫ് മർഫി നേര്യമംഗലത്തിനടുത്തു മാങ്കുളത്തു റബർ കൃഷി നടത്തി പാരാജയപ്പെട്ടാണ് 1902ൽ ഏന്തയാറിൽ എത്തുന്നത്.

വൻ മരങ്ങൾ വെട്ടിനിരത്തി കൂട്ടിക്കൽ മുതൽ ഇളംകാട് വരെ റബർ കൃഷിചെയ്ത മർഫിയെ മലയോരമേഖലയുടെ മണ്ണ് തുണച്ചു. കൃഷി വിജയിച്ചതോടെ വർഷങ്ങൾകൊണ്ട് പന്ത്രണ്ടായിരത്തിലധികം ഏക്കറുകളിലേക്കു റബർ കൃഷി വ്യാപിപ്പിച്ചു. ഒപ്പം ഏന്തയാറിൽ റബർ, തേയില ഫാക്ടറികളും സ്ഥാപിച്ചു. ഇതോടെ മർഫി സായിപ്പ് ഇന്ത്യയിലെ റബർ കൃഷിയുടെ പിതാവ് എന്നറിയപ്പെട്ടു.

തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഉന്നമനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം. മെച്ചപ്പെട്ട ശമ്പളം, ചികിത്സ, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് മുഖ്യ പ്രാധാന്യം നൽകി.

ഏന്തയാറിൽ തൊഴിലാളികൾക്കായി ആശുപത്രിയും തുടങ്ങി. തൊഴിലാളികളുടെ മക്കൾക്കായി ഇളംകാട്ടിലും ഏന്തയാറിലും പാഠശാലകളും തുറന്നു. ഇന്നും ഈ സ്കൂളുകൾ മർഫിയുടെ സ്മരണാർഥം നിലകൊള്ളുന്നു. ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയോടെ തോട്ടങ്ങൾ വിൽക്കേണ്ടിവന്ന സായിപ്പ് തന്റെ സമ്പാദ്യം മുഴുവൻ തൊഴിലാളികൾക്കായി വീതിച്ചുനൽകി.

1957 മേയ് ഒൻപതിന് നാഗർകോവിലിലെ ആശുപത്രിയിൽ വച്ചാണ് മർഫി സായിപ്പ് മരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഏന്തയാറിലെ തൊഴിലാളികളുടെ ശ്മശാനത്തിൽ അടക്കം ചെയ്തു.