Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഫ്ബി വരും; എല്ലാം ശരിയാകും

Dr . Thomas Issac ഡോ. തോമസ് ഐസക്

സാമൂഹിക പശ്ചാത്തലവികസനം, അടിസ്ഥാന സൗകര്യവികസനം, സമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിലെ വൻകിട പദ്ധതികൾക്കു ബജറ്റിനു പുറമേനിന്നു വൻതോതിൽ നിക്ഷേപ സമാഹരണം നടത്താൻ ലക്ഷ്യമിടുന്നതാണ് 2017–'18ലെ സംസ്ഥാന ബജറ്റ്. കേരളാ ഇൻഫ്ര‍ാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെയും കെഎസ്എഫ്ഇയുടെ എൻആർഐ ചിട്ടികളിലൂടെയും മുതലാളിമാരിൽനിന്നും വിദേശ ഇന്ത്യക്കാരിൽനിന്നും വൻതോതിൽ നിക്ഷേപം സ്വീകരിച്ച് നാട്ടിൽ‌ വികസനം കൊണ്ടുവരാമെന്നതാണ് ബജറ്റിലെ പൊതു സമീപനം. കാർഷികമേഖലയ്ക്കു പ്രയോജനം ലഭിക്കുന്ന അഗ്രോപാർക്കുകൾ, മലയോര ഹൈവേ തുടങ്ങിയവയ്ക്കുള്ള പണം ഇങ്ങനെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.

കിഫ്ബി വഴി സമാഹരിക്കുന്ന തുക ഉപയോഗിച്ച് 25,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പതു ജില്ലകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ നിർമാണത്തിനുള്ള 3500 കോടി രൂപയും തീരദേശ ഹൈവേക്കുള്ള 6500 കോടി രൂപയും കണ്ടെത്തുക കിഫ്ബിയിൽനിന്നാണ്.

കൃഷി, ജലം, ശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഹരിത കേരള മിഷൻ, ജനകീയാസൂത്രണം എന്നിവയെ ആസ്പദമാക്കിയാണ് ബജറ്റിലെ കാർഷിക വികസന പദ്ധ‍തികൾ വിഭാവനം ചെയ്ത‍ിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വികസന ഫണ്ടിന്റെ പത്തുശതമാനം നീക്കിവയ്ക്കുമെങ്കിൽ ഈ പദ്ധതികൾ നടപ്പാക്കാൻ 600 കോടി രൂപയോളം സ്വരൂപിക്കാനാകും. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത, നെൽവയൽ വിസ്തൃതിയിൽ 10 ശതമാനം വർധന, 10 കോടി മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവ ഹരിത കേരളം മിഷനിലൂടെ ലക്ഷ്യമിടുന്നു. മണ്ണ്–ജല സംരക്ഷണ പ്രവർത്തനങ്ങളും കമ്പോസ്റ്റ് വളവും സംയോജിപ്പിച്ച് 'സുജലം, സുഫലം' കാർഷിക വ്യാപന പദ്ധതി നടപ്പാക്കും. കാർഷികമേഖലയുടെ അടങ്കൽ 2016–'17ലെ 1822 കോടി രൂപയിൽനിന്ന് ഈ ബജറ്റിൽ 2016 കോടി രൂപയായി ഉയർത്തി. ഭക്ഷ്യോൽപാദനത്തിനുള്ള 160 കോടി രൂപയിൽ 70 കോടി രൂപ നെല്ലിനും 85 കോടി രൂപ പച്ചക്കറിക്കുമാണ്. തരിശുഭൂമി കൃഷിയോഗ്യമാക്കൽ, ഒരുപ്പൂ കൃഷി ഇരിപ്പൂ കൃഷിയാക്കൽ എന്നിവയ്ക്ക് നെൽകൃഷി വികസനത്തിൽ മുൻഗണന നൽകും. രാഷ്ട്രീയ കൃഷി വികാസ് യോജന, സംസ്ഥാന ഫണ്ട് എന്നിവ ഉപയോഗിച്ച് മുൻകാലങ്ങളിൽ നടത്തിയ നെൽകൃഷി വികസനപദ്ധതികളൊന്നും വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നെൽകൃഷി വിസ്തൃതി പത്തു ശതമാനം (ഏകദേശം 5000 ഏക്കർ) വർധിപ്പിക്കുന്നത് എങ്ങനെയെന്നു ബജറ്റിൽനിന്നു വ്യക്തമല്ല. 10 കോടി മരങ്ങൾ എന്ന ലക്ഷ്യത്തോടെ മഴക്കാലം വരുന്നതിനു മുമ്പ് നടാൻ അത്രയും തൈകൾ ലഭ്യമാണോ എന്നും വ്യക്തമല്ല.

വായിക്കാം ഇ - കർഷകശ്രീ

ഇനി 2017–ലേതുപോലെ ഒരു വരൾച്ച കേരളത്തിൽ ഉണ്ടാകരുതെന്നു ധനമന്ത്രി തന്റെ ബജറ്റിൽ ആഗ്രഹം പ്രകടിപ്പ‍ിച്ചിട്ടുണ്ട്. ശരിയായ ജലസംരക്ഷണ നയമുണ്ടായിരുന്നെങ്കിൽ ഇന്നത്തെ പരിതാപകരമായ സ്ഥിതി ഒഴിവാക്കാമായിരുന്നു. കുളങ്ങൾ, നീർച്ചാലുകൾ, അരുവികൾ, തോടുകൾ, തടാകങ്ങൾ എന്നിവയുടെ സംരക്ഷണം ഹരിതകേരളം മിഷൻ ഏറ്റെടുക്കും. മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 102 കോടി രൂപയും ചെറുകിട ജലസേചനത്തിന് 208 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. വൻകിട, ഇടത്തരം ജലസേചന പദ്ധതികൾക്ക് 413 കോടി രൂപയും നീക്കിവച്ചു. ചെറുകിട ജലസേചന മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന (പിഎംകെഎസ്‍വൈ)ക്കു വേണ്ടി 195 കോടി രൂപ അടങ്കൽ ബജറ്റിൽ കാണിച്ചിട്ടുണ്ട്. എന്നാൽ വരൾച്ച അത്യന്തം രൂക്ഷമായിട്ടും ഇതിൽനിന്നു കാര്യമായ സാമ്പത്തികസഹായം സംസ്ഥാനത്തിനു നേടിയെടുക്കാനായിട്ടില്ല. വരൾച്ച രൂക്ഷമായ മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ വരൾച്ചാപ്രതിരോധത്തിനും സൂക്ഷ്മ ജലസേചനത്തിനുമായി ഈ പദ്ധതിയിൽനിന്നു നൂറുകണക്കിന് കോടി രൂപ സാമ്പത്തികസഹായം നേടിയെടുത്തു. തുള്ളിനന, തളിനന തുടങ്ങിയ സൂക്ഷ്മ ജലസേചന പദ്ധതികളുടെ പ്രോത്സാഹനം, ഭൂഗർഭ ജലസംരക്ഷണം, വരൾച്ചാപ്രതിരോധം, ചെറുകിട ജലസേചന വികസനം തുടങ്ങിയവയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പ്രസ്റ്റ‍ീജ് പദ്ധതിയിൽ 50,000 കോടി രൂപയാണ് അഞ്ചു വർഷത്തേക്ക് നീക്കിവച്ചിട്ടുള്ളത്. ജില്ലാ ഇറിഗേഷൻ പ്ലാൻ, ഇവയെ സംയോജിപ്പിച്ചുകൊണ്ടുള്ള സ്റ്റേറ്റ് ഇറിഗേഷൻ പ്ലാൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസഹായം. ഈ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം സൂക്ഷ്മ ജലസേചന വികസനത്തിന് കേന്ദ്രം കേരളത്തിന് നൽകിയത് കേവലം രണ്ടുകോടി രൂപ മാത്രമാണ്. ഈ വർഷത്തെ വരൾച്ചാ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുവേണ്ടി സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരിക്കുന്ന 30 കോടി രൂപ തീർത്തും അപര്യാപ്തമാണ്.

നെല്ലു സംഭരണത്തിന് ബജറ്റിൽ 700 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബജറ്റ് വിഹിതമുണ്ടെങ്കിലും സംഭരിക്കുന്ന നെല്ലിന്റെ വില നാലും അ‍ഞ്ചും മാസം കഴിഞ്ഞു മാത്രമാണ് കർഷകർക്കു ലഭിക്കുന്നത്. ഈ കാലതാമസം ഒഴിവാക്കുകയെന്നതു വളരെ പ്രധാനമാണ്.

കാർഷിക വിപണികളുടെ വികസനത്തിനായി 40 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. വിഎഫ്പിസികെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള)യുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ബ്ലോക്ക് തല വിപണനകേന്ദ്രങ്ങൾ തുടങ്ങുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് ആഴ്ചച്ചന്ത തുടങ്ങുന്നതിനും ഈ തുക വിനിയോഗിക്കും.

പൊതുവിപണിയിൽ ഫലപ്രദമായി ഇടപെടാൻ ഹോർട്ടികോർപ്പിന് 30 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. കാർഷികോൽപന്നങ്ങളുടെ മൂല്യവർധിത സംസ്കരണം ലക്ഷ്യമാക്കി തുടങ്ങുന്ന അഗ്രോ ബിസിനസ് കമ്പനിക്കു വേണ്ടി 27 കോടി രൂപയും വകയിരുത്തി.

കേന്ദ്രവും സംസ്ഥാനങ്ങളുമായി യോജിച്ച‍ുകൊണ്ട് ദേശീയ കാർഷിക വിപണി (ഇ–നാം) എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം കഴിഞ്ഞ വർഷം മുതൽ നിതി ആയോഗ് നടപ്പാക്കിയിരുന്നു. ഇടത്തട്ടുകാരെ ഒഴിവാക്കി കർഷകരുടെ ഉൽപന്നങ്ങൾക്ക് കൂടുതൽ വില ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെവിടെയും കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാം. ദേശീയ കാർഷിക വിപണിയിൽ അംഗമല്ലാത്ത പ്രമുഖ സംസ്ഥാനങ്ങൾ കേരളവും ബിഹാറും മാത്രമാണ്. ഇക്കാരണത്താൽ‌ കാർഷികവിപണികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കോടികളുടെ കേന്ദ്രസഹായമാണ് കേരളത്തിനും ബിഹാറിനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും ദേശീയ കാർഷിക വിപണിയുമായി ബന്ധപ്പെട്ട കാർഷികവിപണി പരിഷ്കാരങ്ങളെക്കുറിച്ച് സംസ്ഥാന ബജറ്റ് നിശ്ശബ്ദം.

മൂല്യവർധിത ഉൽപന്നങ്ങൾക്കു വേണ്ടി 14 അഗ്രോപാർക്കുകൾ സ്ഥാപിക്കാൻ കിഫ്ബിയിൽനിന്നു 100–150 കോടി രൂപ ലഭ്യമാക്കും. നാളികേര ഉൽപന്ന വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് കൂടുതൽ ഉൽപാദക കമ്പനികൾക്ക് രൂപം നൽകുന്നതാണ്. അതേ സമയം, നിലവിലുള്ള നാളികേര ഉൽപാദക കമ്പനികൾ ശക്തിപ്പെടുത്തുന്നതിനു നിർദേശങ്ങളില്ലാത്തതു ന്യൂനതയാണ്. വ്യക്തമായ ആസൂത്രണമില്ലാതെ കൂടുതൽ കമ്പനികൾ ആരംഭിക്കുന്നത് നിലവിലുള്ള കമ്പനികളുടെ പ്രവർത്തനത്തെ ബാധിക്കും.

റബറിന്റെ വില താൽക്കാലികമായി ഉയർന്നിട്ടുണ്ടെങ്കിലും ചെറുകിട കർഷകർക്ക് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള റബർവില സ്ഥിരതാപദ്ധതി തുടരും. ഇതിനായി 500 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ നാളികേര സംഭരണത്തിന് തുക അനുവദിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല.

പ്രത്യേക കാർഷിക–സാമ്പത്തിക മേഖലകൾ മുമ്പുതന്നെ പല സംസ്ഥാനങ്ങളിലും പരീക്ഷിച്ച് വിജയിച്ച ആശയമാണ്. അഞ്ചു വിളകൾക്കാണ് ഈ ബജറ്റിൽ സ്പെഷൽ ഇക്കണോമിക് സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട്, കോൾ, പൊക്കാളി, കൈപ്പാട്, ഓണാട്ടുകര, പാലക്കാട്, വയനാട് എന്നിവ നെല്ലിന്. പച്ചക്കറിക്ക് കഞ്ഞിക്കുഴി, പഴയന്നൂർ, ചിറ്റൂർ, ദേവികുളം, കൊല്ലങ്കോട് മേഖലകൾ. വാഴയ്ക്കു തൃശൂരും പൂക്കൾക്ക് വയനാടും നാളികേരത്തിന് കോഴിക്കോടും കേന്ദ്രമായി പ്രത്യേക സോണുകൾ. 10 കോടി രൂപയാണ് ഇതിനു നീക്കിവച്ചിരിക്കുന്നത്. ചക്കയിൽനിന്നും മൂല്യവർധിത ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനും ചക്കയിലും പ്ലാവിലും ഗവേഷണം നടത്തുന്നതിനും അഞ്ചുകോടി രൂപ കഴിഞ്ഞ ബജറ്റ‍ിൽ നീക്കിവച്ചിരുന്നു. പദ്ധതി നടപ്പായില്ലെന്നു മാത്രമല്ല, പുതിയ ബജറ്റിൽ ചക്കയ്ക്കായി പ്രത്യേക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടുമില്ല.

കുരുമുളക്, വയനാടിന്റെ തനത് നെല്ലിനങ്ങൾ, മണ്ണ്– ജല സംരക്ഷണം എന്നിവയ്ക്കായി 19 കോടി രൂപയുടെ വയനാട് പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് പാക്കേജിനായി 90 കോടി രൂപയും വിനിയോഗിക്കും. കുട്ടനാടിനും ഇടുക്ക‍ിക്കും പ്രത്യേക പാക്കേജുകളില്ല. മറയൂർ ശർക്കര പോലെ പ്രാദേശിക സവിശേഷതകളുള്ള കാർഷികോൽപന്നങ്ങൾക്കും കൃഷിക്കും വേണ്ടി 3.3 കോടി രൂപ വിനിയോഗിക്കും. ആദിവാസി മേഖലകളിൽ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും. ക്ലസ്റ്റർ സംവിധാനത്തിൽ പച്ചക്കറി കൃഷി വികസനത്തിനായി 18 കോടി രൂപ നീക്കിവച്ച‍ു. പച്ചക്കറി ഉൽപാദക കമ്പനിക്ക് അ‍ഞ്ചു കോടി രൂപയും ജൈവകൃഷി പ്രോത്സാഹനത്തിനു 10 കോടി രൂപയും വകയിരുത്തി.

വിള ആരോഗ്യപരിപാലനത്തിനു വകയിരുത്തിയിട്ടുള്ള 54 കോടി രൂപയിൽ ഒരു ഭാഗം പച്ചക്കറിക്കൃഷി വികസനത്തിനു നൽകും. ഏലം, കുരുമുളക് കൃഷി വികസനത്തിന് 10 കോടി രൂപയാണ് ബജറ്റ് വിഹിതം. നല്ല വിത്തും തൈകളും ലഭ്യമാക്കുന്നതിന് 21 കോടി രൂപയും വകയിരുത്തി. നാളികേര വികസനത്തിന് 45 കോടി രൂപ വിനിയോഗിക്കും. സങ്കരകുള്ളൻ തെങ്ങിനങ്ങളുടെ വ്യാപനത്തിനാണ് അഞ്ചു കോടി രൂപ.

milk-cow Representative image

മൃഗസംരക്ഷണമേഖലയ്ക്ക് 308 കോടി രൂപയും ക്ഷീര വികസനത്തിന് 97 കോടി രൂപയുമുണ്ട് ബജറ്റിൽ. ക്ഷീര കർഷകരുടെ പെൻഷൻ 1100 രൂപയായി ഉയർത്തി. കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. ഒരു ലക്ഷം പശുക്കുട്ടികളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്ക് 54 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാലിത്തീറ്റ സബ്സിഡിയായി 14 കോടി രൂപയും തൊഴുത്തിനും തീറ്റപ്പുൽകൃഷി വികസനത്തിനുമായി 48 കോടി രൂപയും വിനിയോഗിക്കും. ക്രോസ് ബ്രീഡിങ് പദ്ധതികൾക്ക് 70 കോടി രൂപയും വെറ്ററിനറി വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്ക് 110 കോടി രൂപയും നീക്കിവച്ചിരിക്കുന്നു. നാടൻ പശുപരിപാലനത്തിനും ഗവേഷണത്തിനുമായി കേന്ദ്രം പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന ബജറ്റിൽ ഇത്തരം പദ്ധതികളൊന്നുമില്ല.

വിലാസം: വിജ്ഞാനവ്യാപന വിഭാഗം മേധാവി, കാർഷിക കോളജ്, വെള്ളാനിക്കര, തൃശൂർ.

പ്രഖ്യാപനങ്ങൾക്കു പഞ്ഞമില്ല; നിർവഹണം കടലാസിൽ മാത്രം

ജനകീയാസൂത്രണം, കിഫ്ബി, ഹരിതകേരളം മിഷൻ, കഞ്ഞിക്കുഴി മോഡൽ പച്ചക്കറിക്കൃഷി പ്രചരണം, മാലിന്യസംസ്കരണം, ക്ഷേമപദ്ധതികളുടെ പെരുമഴ എന്നിങ്ങനെ ഈ സർക്കാരിൽനിന്നു പ്രതീക്ഷിക്കാവുന്ന പതിവു വിഭവങ്ങളെല്ലാം ചേർന്നതാണ് സംസ്ഥാന ബജറ്റ്. പതിവു ചട്ടങ്ങൾക്കു പുറത്തുകടന്നു വിപ്ലവകരമായ നിർദേശങ്ങളൊന്നും കാർഷികമേഖലയ്ക്കു വേണ്ടി ബജറ്റിൽ ഇല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ‌ ദീർഘകാലാടിസ്ഥാനത്തിൽ കാർഷികമേഖലയെ സംരക്ഷിക്കുന്നതിനു സമഗ്ര നടപടികളുമില്ല.

ഏതാനും വർഷമായി ബജറ്റുകളിൽ കാർഷികമേഖലയ്ക്കുവേണ്ടി നിരവധി പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും പദ്ധതി നിർവഹണം തീർത്തും മന്ദഗതിയിലാണ്. ചില മേഖലകളിൽ ചെറിയ തോതിലുള്ള ഉൽപാദന വർധനയ്ക്കു സഹായകമാണെങ്കിലും ചെറുകിട–നാമമാത്ര കർഷകരുടെ ക്ഷേമത്തിനും വരുമാന വർധനയ്ക്കുമുള്ള നിർദേശങ്ങൾ പതിവുപോലെ ഈ ബജറ്റിലും വിരളം.

എല്ലാ ബജറ്റുകളിലും വൻ പ്രഖ്യാപനങ്ങൾ വരുന്നുണ്ടെങ്കിലും കേരളത്തിന്റെ കാർഷികമേഖലയുടെ വളർച്ച കീഴോട്ടാണ്. 2015 –16 സാമ്പത്തികവർഷം കാർഷികമേഖലയുടെ വളർച്ച നെഗറ്റീവ് 2.90 ശതമാനമായിരുന്നുവെന്ന് ബജറ്റിനു മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നു. നോട്ടു പിൻവലിക്കലും കൊടും വരൾച്ചയും പ്രതിസന്ധി ഒന്നുകൂടെ രൂക്ഷമാക്കി. കൂടുതൽ സ്ഥലം കൃഷിക്ക് ഉപയുക്തമാക്കാൻ സാധ്യമല്ലാത്തതിനാൽ വിളകളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുകയാണ് ഏക പോംവഴിയെന്ന് സാമ്പത്തിക അവലോകനം പറയുന്നു. എന്നാൽ വർഷങ്ങളായി നിശ്ചലാവസ്ഥയിലായ ഉൽപാദനക്ഷമത വർധിപ്പിക്കാൻ വ്യക്തമായ നിർദേശങ്ങൾ ബജറ്റിൽ ഇല്ല.

സംസ്ഥ‍ാന കൃഷിവകുപ്പിന്റെ ഇപ്പോഴത്തെ പേര് കർഷകക്ഷേമ കാർഷിക വികസനവകുപ്പ് എന്നാണ്. രാജ്യത്തെ കർഷകരുടെ വരുമാനം അഞ്ചു വർഷത്തിനകം ഇരട്ടിയാക്കുമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ രണ്ടു ബജറ്റുകളിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ലക്ഷ്യത്തോടെയുള്ള വ്യക്തമായ ഒരു നിർദേശവും സംസ്ഥാന ബജറ്റിൽ കാണുന്നില്ല.