Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയെത്തി; കൃഷിയിടങ്ങൾ സജീവമായി കന്നഡ ഗ്രാമങ്ങൾ

farming-with-oxen മണ്ണ് തണുക്കെ മഴ പെയ്തതോടെ സജീവമായ കന്നഡഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലൊന്ന്.

അതിർത്തിയിലെ കർണാടക ഗ്രാമങ്ങളിലും നന്നായി മഴ ലഭിച്ചതോടെ കാർഷിക രംഗം സജീവമായി. മണ്ണിളക്കി വിവിധ വിളകളിറക്കുന്ന തിരക്കിലാണ് കർഷകർ. കനത്ത വേനൽ സമ്മാനിച്ച ദുരിതങ്ങൾക്കും നഷ്ടങ്ങള്‍ക്കുമൊടുവില്‍ എല്ലായിടത്തും ശക്മായ മഴ ലഭിച്ചു. നേരത്തെ മഴ ലഭിച്ച സ്ഥലങ്ങളിൽ വിതക്കൃഷിയാരംഭിച്ചു. ഇഞ്ചി, പച്ചക്കറികൾ, എള്ള്, പരുത്തി തുടങ്ങിയവ നടാനും തുടങ്ങി. എച്ച്ഡി കോട്ട താലൂക്കിലെ ഗ്രാമങ്ങളിൽ ഇപ്പോൾ കൃഷിയിടങ്ങൾ സജീവമാണ്.

രാവിലെ തന്നെ കാലികളെയുമായി കൃഷിയിടത്തിലിറങ്ങുന്ന കർഷകർ നിലമുഴുത് വിത്തിട്ട് വൈകിട്ടാണ് വീടുകളിലേക്ക് മടങ്ങുന്നത്. സ്ത്രീകളും കുട്ടികളുമെല്ലാം പാടത്താണ്. കാലവർഷം ദുർബലമായതും വേനൽ മഴയൊഴിഞ്ഞതും കഴിഞ്ഞ വർഷം കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ധാന്യങ്ങളും പച്ചക്കറികളും വൻ തോതിൽ നശിച്ചു. മുത്താറിയും പരുത്തിയും ചോളവുമെല്ലാം ഉണങ്ങി. കുടിയ്ക്കാൻ പോലും വെള്ളമില്ലാതെ ജനം വലഞ്ഞു.

തീറ്റയും വെള്ളവുമില്ലാതെ കൃഷിക്കാർ കുലത്തൊഴിലായ കന്നുകാലി വളർത്തലും ഉപേക്ഷിച്ചു. കിട്ടിയ വിലയ്ക്ക് പലരും കന്നുകാലികളെ വിറ്റൊഴിവാക്കി.ഇക്കൊല്ലത്തെ കാലാവസ്ഥ വളരെ അനുകൂലമാണെന്ന് കർഷകർ പറയുന്നു. വരൾച്ചയെ തുടർന്ന് വൻകൃഷി നാശമാണ് ഈ മേഖലയിലുമുണ്ടായത്. കുഴൽക്കിണറുകളടക്കം വറ്റിയതോടെ ജലസേചനവും മുടങ്ങി.മലയാളികളുടെ നിരവധിയേക്കർ കൃഷിയും നശിച്ചു. ഇഞ്ചി, വാഴ എന്നീ കൃഷികൾ വിജയിപ്പിക്കാൻ കഴിയാതെ കടക്കെണിയിലായ കർഷകർ നിരവധിയാണ്.

ഇഞ്ചിവില കുറഞ്ഞതിനാൽ വിളവെടുക്കാതെ കാത്തിരിക്കുന്ന കർഷകരും നിരവധി. പാട്ടക്കാലാവധി കഴിഞ്ഞാൽ വീണ്ടും പണം നൽകി കരാർ പുതുക്കേണ്ടിവരും. നെല്ല് ഉൾപ്പെടെ ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉൽപാദനം കാര്യമായി കുറഞ്ഞത് വിലക്കയറ്റത്തിനും ഇടയാക്കി.മഴയാരംഭത്തിലേ നിറയുന്ന കന്നഡ ഗ്രാമങ്ങളിലെ ചിറകളും ജലാശയങ്ങളുമെല്ലാം വറ്റിയത് ജലക്ഷാമം രൂക്ഷമാക്കി. ദൂരെ സ്ഥലങ്ങളിൽ നിന്നാണ് പലേടത്തും കുടിവെള്ളമെത്തിച്ചത്. ഏതായാലും നല്ലൊരു കാർഷിക വർഷത്തിന്റെ ശുഭസൂചനയോടെ നാട്ടിലെങ്ങും മഴ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർഷകർ.