Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറിവയ്ക്കാൻ ശുദ്ധമായ ഇലകൾ ഇനി പായ്ക്കറ്റിലെത്തും

packed-vegetables കഞ്ഞിക്കുഴിയിലെ വനിതാ സെൽഫി ഇലകൾ ഉൾപ്പെടെയുള്ള പച്ചക്കറികൾ പായ്ക്കറ്റിൽ വിൽപനയ്ക്കു തയാറാക്കിയപ്പോൾ.

പച്ചക്കറികൾക്കു പിന്നാലെ കഞ്ഞിക്കുഴിയിൽ നിന്നു കറി വയ്ക്കാനുള്ള ഇലകളും പായ്ക്കറ്റിലാക്കി വിപണിയിലേക്ക്. ആലപ്പുഴ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്നതും കുടുംബശ്രീ പ്രവർത്തകർ അംഗങ്ങളുമായ വനിതാ സെൽഫിയാണു ഇലകൾ പായ്ക്ക് ചെയ്തു വിപണിയിൽ എത്തിക്കുന്നത്. തുടക്കത്തിൽ ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു കിഴക്കുവശം ആരംഭിച്ചിട്ടുള്ള ആലപ്പുഴ ജില്ലാ കോ ഓപ്പറേറ്റീവ് ഓർഗാനിക് ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഓർഗാനിക് കേന്ദ്രത്തിൽ (അഡ്കോസ്) നിന്നു ശുദ്ധമായ ഇലക്കറികൾ വൃത്തിയായി പായ്ക്ക് ചെയ്ത് ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കും. ഉദ്യോഗസ്ഥരായ വീട്ടമ്മമാരുടെ സമയക്കുറവു മുൻകൂട്ടി കണ്ടാണു വനിതാ സെൽഫി ‘റെഡി ടു കുക്ക്’ ആയ പച്ചക്കറികളും ഇലകളും അരിഞ്ഞു പായ്ക്കറ്റിലാക്കി വിപണിയിൽ എത്തിക്കുന്നത്.

വാങ്ങുകയേ വേണ്ടൂ , പാചകം ചെയ്യുവാൻ പാകത്തിനാണ് ഇതു തയ്യാർ ചെയ്തിട്ടുള്ളതെന്ന് അഡ്കോസ് ചീഫ് പ്രമോട്ടർ ജി.ഹരിശങ്കറും വനിതാ സെൽഫി രക്ഷാധികാരി സുദർശനാഭായിയും പറഞ്ഞു. ആദ്യഘട്ടത്തിൽ വിവിധ ഇനം ചീരകൾ, മുരിങ്ങയില, ചേമ്പിൻതാള്, കൊഴുപ്പ തുടങ്ങിയവയാണു ആവശ്യക്കാർക്കു ലഭ്യമാക്കുക: വിപണിയിലെ ആവശ്യം നോക്കി ഇതു വിപുലീകരിക്കുമെന്നു ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ കൂട്ടിചേർത്തു. ഇപ്പോൾ അഡ്കോസിൽ നിന്നു വനിതാ സെൽഫി ഉൽപന്നങ്ങളായ ജാതിക്ക സ്ക്വാഷ്, ചെമ്പരത്തി, ഇരുമ്പൻ പുളി, പച്ചമാങ്ങ, മാമ്പഴം ,ചീര, മുന്തിരി, ഓറഞ്ച് സ്ക്വാഷുകളും ചോളം, റാഗി, പുഞ്ച അരി പൊടികളും ശുദ്ധമായ നാടൻ മഞ്ഞൾ പൊടിയും വിൽപനയ്ക്കുണ്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപനയല്ലാത്തതു കൊണ്ടു തന്നെ കൃത്രിമ രാസപദാർഥങ്ങൾ ഒന്നും ചേർക്കാതെയാണു ഇവ വനിതാ സെൽഫി തയാറാക്കുന്നതെന്നു മുൻ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സെൽഫിയുടെ ചുമതലക്കാരി ഗീതാ കാർത്തികേയൻ സാക്ഷ്യപ്പെടുത്തുന്നു. പ്രചാരണ കുറവുമൂലം വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറയുന്നത് ഉൽപാദനത്തെ ബാധിക്കുന്നുണ്ട്. വിഷമില്ലാത്ത ഗുണമേൻമയുള്ള നാടൻ ഉൽപന്നങ്ങൾ അധിക ലാഭമൊന്നും ഇല്ലാതെ ആവശ്യക്കാരുടെയടുത്ത് എത്തിച്ചിട്ടും വേണ്ട പരിഗണന തങ്ങളുടെ ഉൽപന്നങ്ങൾക്കു ലഭിക്കുന്നില്ലെന്ന നിരാശയും വനിതാ സെൽഫി പ്രവർത്തകർ മറച്ചുവയ്ക്കുന്നില്ല. പാചകം ചെയ്യാൻ പാകത്തിനു ചക്കയും, വാഴക്കൂമ്പും, വാഴപ്പിണ്ടിയും ഒക്കെ അഡ്കോസ് വഴി മാർക്കറ്റിൽ എത്തിച്ചിരുന്നു.

ആവശ്യക്കാർ ഏറിയാൽ കൂടുതൽ വിപുലമാക്കാനുള്ള തയാറെടുപ്പിലാണു വനിതാ സെൽഫി. ഇലക്കറികളുടെ വിപണന ഉദ്ഘാടനം അഡ്കോസ് ചീഫ് പ്രമോട്ടറും മുൻ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി കമ്മിറ്റി ചെയർമാനുമായ ജി. ഹരിശങ്കർ കഞ്ഞിക്കുഴിയിലെ ബാങ്ക് ഹെഡ് ഓഫിസിൽ 23നു നിർവഹിക്കും. 'അഡ്കോസിന്റെ ഓർഗാനിക് സെന്ററിൽ മുൻകൂർ ഓർഡർ നൽകുന്നവർക്കു പച്ചക്കറികൾ ആവശ്യാനുസരണം പാചകം ചെയ്യാൻ പാകത്തിന് അരിഞ്ഞു നൽകുന്ന പദ്ധതിക്കും രൂപം കൊടുത്തിട്ടുണ്ട്. എല്ലാ ചൊവ്വ , വെള്ളി ദിവസങ്ങളിലും കഞ്ഞിക്കുഴി എസ്‌സിബിയിലോ ആലപ്പുഴ അഡ്കോസ് ഓഫിസിലോ വന്നു വാങ്ങാം.

വിവരങ്ങൾക്ക്, 0478- 2862216.