Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവ്യക്തതയുടെ നടുവിൽ പ്ലാന്റേഷൻ എക്സ്പോർട് ഡവലപ്മെന്റ് ഏജൻസി

rubber-rain-guards

കയറ്റുമതി വർധനയെന്ന ലക്ഷ്യത്തോടെ പ്ലാന്റേഷൻ എക്സ്പോർട് ഡവലപ്മെന്റ് ഏജൻസി (പിഇഡിഎ) രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോഴും അവ്യക്തത ബാക്കി.

റബർ, ടീ, ടുബാക്കോ, കോഫി, സ്പൈസസ് ബോർഡുകളെ ലയിപ്പിച്ച് ഒരൊറ്റ ഏജൻസി രൂപീകരിക്കാനാണു കേന്ദ്ര സർക്കാരിന്റെ നീക്കമെന്നാണു സൂചന. നിർദിഷ്ട ഏജൻസി വാണിജ്യ താൽപര്യങ്ങൾക്കാകും ഊന്നൽ നൽകുക എന്നതുകൊണ്ടു തന്നെ തോട്ടവിളകളുടെ കൃഷി വികസനം സംബന്ധിച്ച വിഷയങ്ങൾ ആരു കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ബോർഡുകൾ പൂർണമായും ഇല്ലാതാകുമോ അതോ നാമമാത്രമായി നിലനിർത്തിക്കൊണ്ടു കയറ്റുമതി വികസനത്തിനു മാത്രമായാണോ പുതിയ ഏജൻസി രൂപീകരിക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. തീരുമാനം എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാകും. റബർ, സുഗന്ധവിള കൃഷിയിൽ രാജ്യത്തെ മുൻനിരക്കാരാണു കേരളം.

തേയില, കാപ്പി ഉൽപാദനത്തിനും വിഹിതമുണ്ട്. ലക്ഷക്കണക്കിനു കർഷകരും വ്യാപാരികളുമാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്നത്. പുതിയ ഏജൻസിയിൽ റബറിനു സ്ഥാനമുണ്ടാകില്ലെന്ന അഭ്യൂഹങ്ങളുമുണ്ട്. റബർ ബോർഡാകട്ടെ, റീജനൽ ഓഫിസുകളുടെ എണ്ണം കുറച്ചുകഴിഞ്ഞു. ഫലത്തിൽ, അവ്യക്തതയുടെ നടുവിലാണു കർഷക, വാണിജ്യ സമൂഹം.

thought

നിലവിലുള്ള കമ്മോഡിറ്റി ബോർഡുകളെല്ലാം അതതു വിളകളുടെ കൃഷി  മുതൽ കയറ്റുമതി വരെയുള്ള മേഖലകളിൽ ശ്രദ്ധ നൽകുന്ന സ്ഥാപനങ്ങളാണ്. അവയ്ക്കു പകരം പുതിയൊരു ഏജൻസി രൂപീകരിക്കുമ്പോൾ വിത്തു മുതൽ വിപണി വരെയുള്ള വിപുലമായ വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നാണു കർഷകരും വ്യാപാരികളുമെല്ലാം പ്രതീക്ഷിക്കുന്നത്.

നിലവിലെ സൂചനകൾ പ്രകാരം പിഇഡിഎ അത്തരമൊരു സംവിധാനമായിരിക്കില്ല. കേന്ദ്ര വാണിജ്യ മന്ത്രാലയമാണു പുതിയ ഏജൻസി രൂപീകരിക്കാൻ നടപടികൾ മുന്നോട്ടുനീക്കുന്നത്. കയറ്റുമതി വർധിപ്പിക്കാനും ആഭ്യന്തര വ്യാപാരം വർധിപ്പിക്കാനും ഊന്നൽ നൽകി രൂപീകരിക്കുന്ന ഏജൻസിക്കു കാർഷിക വികസനത്തിന്റെ ചുമതല നൽകാൻ സാധ്യത കുറവ്.

സ്വാഭാവികമായും തോട്ടവിളകളുടെ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏത് ഏജൻസിയെ ഏൽപ്പിക്കുമെന്ന ചോദ്യം ബാക്കിയാണ്. ഈ വിളകളുടെ കൃഷിയും വികസനവും സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിക്കാൻ മറ്റെന്തെങ്കിലും പ്രായോഗിക സംവിധാനം കൂടിയേ തീരൂ.

ഒറ്റയടിക്കു ബോർഡുകളെല്ലാം ഇല്ലാതാക്കുകയും പകരം സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥിതി തോട്ടവിളകളുടെ കൃഷി വികസന കാര്യത്തിൽ വലിയ തിരിച്ചടിയാകും സൃഷ്ടിക്കുക. ഇക്കാര്യത്തിൽ കൃഷിമന്ത്രാലയത്തെ ചുമതലപ്പെടുത്താൻ കഴിയുമോയെന്ന സാധ്യതയാണു കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്നാണു സൂചന.

crop-coffee

പുതിയ ഏജൻസി അത്യാവശ്യമാണെന്ന നിലപാടിലാണു കേന്ദ്ര വാണിജ്യ മന്ത്രാലയം. ലയനത്തിനു മുന്നോടിയായി മനുഷ്യശേഷി വിനിയോഗം, നിയമപരവും ഭരണപരവുമായ വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച ആലോചനകളിലാണു മന്ത്രാലയം. വ്യക്തമായ രൂപമുണ്ടാക്കിയശേഷം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും.

രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 10 ശതമാനം കാർഷിക വിളകളാണ്. ബോർഡുകളുടെ ലയനത്തിലൂടെ ഒരൊറ്റ ഏജൻസി വരുന്നതിലൂടെ കയറ്റുമതി ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു കേന്ദ്ര സർക്കാർ.