Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടീൽ തിരക്കിൽ കൃഷിമേഖല

black-pepper-seedlings പുൽപള്ളിയിലെ ഒരു നഴ്സറിയിൽ വിൽപനയ്ക്ക് തയാറാക്കിയ കുരുമുളക് വള്ളികൾ.

തുടർച്ചയായ മഴയിൽ മണ്ണു തണുത്തതോടെ കർഷകർ നടീൽ തിരക്കിൽ. തന്നാണ്ട് കിഴങ്ങു കൃഷികൾക്ക് ശേഷം ഇപ്പോൾ നാണ്യവിളകളുടെ നടീലും സജീവമായി. കുരുമുളക്, കാപ്പി എന്നിവയും കാര്യമായി കൃഷി ചെയ്യാൻ കർഷകർ സന്നദ്ധരായിട്ടുണ്ട്. കർണാടകയിലെ സിദ്ധാപുരത്ത് നിന്ന് ലോഡ് കണക്കിന് നടീൽ വസ്തുക്കളാണ് ദിവസേന വയനാട്ടിലെത്തുന്നത്. ലക്ഷക്കണക്കിന് കുരുമുളക്, കാപ്പി, കമുക് തൈകളാണ് ഇവിടെ കൃഷിക്കാരെ കാത്തിരിക്കുന്നത്. വിവിധ കർഷക സ്വാശ്രയ സംഘങ്ങളും പ്രാദേശികമായി കുരുമുളക് വള്ളികൾ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്. പ്രാദേശികമായി നട്ട് വളർത്തുന്ന തൈകൾക്ക് ഇപ്പോൾ നല്ല ആവശ്യക്കാരുണ്ടെന്ന് നഴ്സറിക്കാർ പറയുന്നു. ഇവിടത്തെ മികച്ചയിനം ചെടികളിൽ നിന്ന് വളളി മുറിച്ച് മുളപ്പിക്കുന്ന തൈകൾ ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും രോഗ പ്രതിരോധ ശേഷി കൂടുതലാണെന്നും കൃഷിക്കാരും പറയുന്നു.

കരിമുണ്ട, കരിമുണ്ടി, കുരിയിലമുണ്ടി, അറക്കളമുണ്ടി,പഞ്ചമി എന്നീ ഇനങ്ങൾക്കാണ് ആവശ്യക്കാരേറെയും. നാടൻ ഇനത്തിൽ പെട്ടതും ഇവിടെ ഉത്പാദിപ്പിക്കുന്നതുമായ വള്ളി പായ്ക്കറ്റിന് 33–35 രൂപയാണ് വില. കർണാടക തൈകൾക്ക് 20–22 രൂപയും. വരൾച്ചയും ജലക്ഷാമവും മൂലം ഇക്കൊല്ലം തൈ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. നടീലിനുള്ള വള്ളിക്കും ക്ഷാമമുണ്ട്. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, പനമരം, മാനന്തവാടി പഞ്ചായത്തുകളിൽ ലക്ഷക്കണക്കിന് കുരുമുളകു വള്ളികൾ നടുന്നുണ്ട്. നല്ല വിലകിട്ടിയാൽ കുരുമുളകാണ് വരുമാനം കൂടുതലുള്ള കൃഷി. കുരുമുളകിന്റെ സർവനാശത്തെ തുടർന്ന് കൃഷിക്കാർ വീണ്ടും കൃഷിയിലേക്ക് സജീവമായി തിരിഞ്ഞിട്ടുണ്ട്.

കുരുമുളകിന് പുറമെ കാപ്പി, സിൽവർ ഓക്ക്, മഹാഗണി, അടയ്ക്കാ എന്നിവയുടെ തൈകളും നന്നായി വിറ്റഴിയുന്നുണ്ട്. ഉയരം കുറഞ്ഞ തെങ്ങ്, കമുക് ഇനങ്ങൾക്കാണ് ഇപ്പോൾ പ്രിയം. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന വിലയും മൂലം പലർക്കും ആവശ്യാനുസരണം നടീൽ വസ്തുക്കൾ വാങ്ങി നടാനാവാത്ത അവസ്ഥയുണ്ട്. ജില്ലയിൽ സർക്കാർ ഉടമസ്ഥതയിൽ വിത്ത് ഉത്പാദന കേന്ദ്രം ആരംഭിച്ച് കർഷകർക്ക് നടീൽ വസ്തുക്കൾ എത്തിച്ചുകൊടുക്കണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്ത് ഇവിടെ തന്നെ ഉത്പാദിപ്പിച്ച് കർഷകർക്ക് സൗജന്യമായോ, കുറഞ്ഞ വിലയ്ക്കോ നൽകുന്നത് ചെറുകിട കർഷകരെ കൃഷിയിലേക്ക് ആകർഷിക്കാനാവും. സാമ്പത്തിക പരാധീനത മൂലമാണ് പലരും കൃഷിയിലേക്ക് തിരിയാത്തത്. മുൻകാലങ്ങളിൽ കൃഷിഭവനുകളിലൂടെ തെങ്ങ്, കുരുമുളക് തൈകൾ സൗജന്യമായി നൽകിയിരുന്നു.