Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരക്കോടി ഊണിലൂടെ അറിയിക്കുന്ന സന്ദേശം

paddy-harvest-methran-kayal മെത്രാൻ‌കായലിലെ വിളവെടുപ്പുദ്‌ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിക്കുന്നു. ധനമന്ത്രി തോമസ് ഐസക്, നടൻ ശ്രീനിവാസൻ എന്നിവർ സമീപം. ഫോട്ടോ: ജിബിൻ ചെമ്പോല

മെത്രാൻ‌കായലിലും ആറന്മുളപുഞ്ചയിലും കൊയ്ത്തു കഴിഞ്ഞു. വിത നടക്കുമെന്നുപോലും കരുതാതിരുന്ന പാടങ്ങളിലെ വിളവെടുപ്പിനൊപ്പം തനതു ബ്രാൻഡിൽ നെല്ലിന്റെ വിപണനവും നടക്കുകയാണ്. ആറന്മുളയിൽ ആദ്യം കൊയ്ത്തുനടന്ന പത്തു ഹെക്ടറില്‍നിന്ന് 47 ടൺ നെല്ല് മില്ലുകളിലെത്തി. ഇവിടെ നിന്ന് ആകെ 470 ടൺ നെല്ല് സംസ്ഥാനത്തെ ജനങ്ങൾക്ക് കൂടുതൽ കിട്ടി.

മെത്രാൻ‌കായലിലും സ്ഥിതി വ്യത്യസ്തമല്ല. ടൂറിസം ലോബിയുടെ പ്രലോഭനങ്ങളെ അതിജീവിച്ച കരുണാകരൻ ചേട്ടന്റെ അഞ്ച് ഏക്കർ പാടത്തുനിന്നും, വാടകക്കൃഷി നടത്തിയ പത്തുപങ്കിൽ രാജുവിന്റെ പത്തേക്കറിൽനിന്നുമായി 300 ക്വിന്റൽ നെല്ലാണ് ഓയിൽപാം ഇന്ത്യയുടെ വെച്ചൂർ റൈസ് മില്ലിലേക്കു കയറ്റിവിട്ടത്. ഏക്കറിനു ശരാശരി 20 ക്വിന്റൽ ഉൽപാദനം. ഇവിടെ ആകെ കൃഷി നടന്ന 300 ഏക്കർ പാടത്തുനിന്ന് 600 ടൺ നെല്ല് വിളവെടുക്കാനായേക്കും.

രണ്ടിടങ്ങളിൽനിന്നുമായി ആയിരം ടണ്ണിലേറെ ഉൽപാദനം. കുത്തിയെടുത്താൽ 700 ടൺ അരിയാണ് ഈ തിരിച്ചുപിടിക്കലിലൂടെ മലയാളികൾക്ക് കൂടുതലായി കിട്ടുക. 7,00,000 കിലോ അരി അഥവാ 45–50 ലക്ഷം ഊണായും ഇതിനെ കാണാം. എല്ലാ മലയാളികൾക്കും ഒരു നേരം ഉണ്ണാൻപോലും ഇതു മതിയാവില്ല.

വായിക്കാം ഇ - കർഷകശ്രീ

പക്ഷേ മെത്രാൻ‌കായലിലെയും ആറന്മുളയിലെയും കൃഷി തിരിച്ചുപിടിച്ചതുകൊണ്ടുള്ള യഥാർഥ നേട്ടം ഇതു മാത്രമാണോ? കേരളത്തിലെ നെൽകൃഷിയുടെ പ്രശ്നങ്ങൾ അറിയുന്ന ആർക്കും അങ്ങനെ പറയാനാവില്ല. കിട്ടിയ അരിയുടെ കണക്കിനെക്കാൾ നൽകിയ സന്ദേശത്തിന്റെ കരുത്തും തീവ്രതയുമാണ് ഈ പാടങ്ങളിൽനിന്നുള്ള യഥാർഥ വിളവ്. പാടം തരിശിടുന്നത് സമൂഹം വെറുക്കുന്ന തിന്മയായി മാറിക്കഴിഞ്ഞു. വിമാനവും ടൂറിസവും അരിയെക്കാൾ വലുതല്ലെന്നും അരി ഉൽപാദനം സംബന്ധിച്ച നിലപാടിൽ സംസ്ഥാന സർക്കാരിന് ആത്മാർഥതയുണ്ടെന്നും തെളിയിക്കാൻ ഇതിലൂടെ സാധിച്ചു.

paddy-harvest-aranmula-puncha ആറന്മുളയിലെ വിളവെടുപ്പ്

വിമാനം പറന്നിറങ്ങുമെന്ന് പ്രചരിപ്പിച്ചിടത്ത് കൊയ്ത്തുയന്ത്രങ്ങൾ ഇരമ്പുന്നതിന് ഇന്ധനമായത് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ്. പാടം നികത്തലിനെതിരായ പ്രസംഗങ്ങൾക്കപ്പുറം ശക്തമായ നടപടികളുണ്ടാവുമെന്ന സന്ദേശം എല്ലാവരിലുമെത്തിക്കാൻ ഈ രണ്ടു പാടങ്ങളിലെയും വിളവെടുപ്പിലൂടെ കൃഷിമന്ത്രിക്കു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുമ്പോൾ ഈ സന്ദേശത്തിനു പിന്തുണ വർധിക്കുകയാണ്. നല്ല അരിക്കുവേണ്ടി മാത്രമല്ല, കുടിവെള്ളത്തിനും മെച്ചപ്പെട്ട കാലാവസ്ഥയ്ക്കും പാടങ്ങൾ നിലനിർത്തണമെന്ന സമൂഹമനഃസാക്ഷിയുടെ ആവശ്യമാണ് ഇതുവഴി അംഗീകരിക്കപ്പെട്ടത്.

വലിയ പ്രതിബന്ധങ്ങളാണ് രണ്ടിടങ്ങളിലും നെല്‍കൃഷി നേരിട്ടത്. വെള്ളമെത്തിച്ചിരുന്ന തോടുകൾ ഇല്ലാതായ ആറന്മുളയിൽ പാടം കൃഷിയോഗ്യമാക്കുന്നതിനൊപ്പം തോടും തിരിച്ചുകൊണ്ടുവരേണ്ടിവന്നു. ആറന്മുളച്ചാലിന്റെയും കരിമാരം തോടിന്റെയും പുനർനിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ആകെയുള്ള 443 ഹെക്ടറിൽ, 56 ഹെക്ടറിൽ കൃഷി നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 153.76 ലക്ഷം രൂപയുടെ ഫണ്ടും സർക്കാർ അനുവദിച്ചു. എന്നാൽ ഇത്രയും തുക വിനിയോഗിക്കാതെ തന്നെ 101 ഹെക്ടറില്‍ നെൽകൃഷി പുനരാരംഭിക്കാനായത് അതിനു പിന്നിലെ ജനകീയ മുന്നേറ്റത്തിന്റെ കരുത്തുകൊണ്ടു മാത്രമാണെന്ന് സംരംഭത്തിനു ചുക്കാൻ പിടിച്ച കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജെ. സജീവ് ചൂണ്ടിക്കാട്ടി.

പതിനേഴു വർഷത്തിനുശേഷം ഇവിടെ ആദ്യത്തെ വിത നടക്കുമ്പോഴും കൃഷി കൊയ്ത്തുവരെയെത്തുമെന്ന് പലരും കരുതിയിരുന്നില്ല. എന്നാൽ ഓരോ പ്രശ്നത്തിനും പരിഹാരമുണ്ടാക്കി കൃഷി യാഥാർഥ്യമാക്കാൻ ശ്രമിച്ച കൃഷിമന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ആത്മാർഥത കർഷകർക്കു പ്രചോദനവും ആത്മവിശ്വാസവും പകർന്നു. ആഴ്ചകൾക്കു ശേഷവും കൂടുതൽ പേർ കൃഷിയിറക്കാൻ സന്നദ്ധരായത് അങ്ങനെയാണ്.

മെത്രാൻ‌കായലിലെ വെല്ലുവിളികൾ കുറച്ചുകൂടി കടുത്തതായിരുന്നു. മട മുറിച്ച് കൃഷി നശിപ്പിക്കാൻ വരെ ശ്രമമുണ്ടായി. ഒന്നിനു പുറകെ മറ്റൊന്നായി കേസുകൾ വന്നു. മെത്രാൻ‌കായല്‍ മേഖലയിൽ കാണപ്പെടുന്ന പ്രത്യേക ഇനം മീനിനുവേണ്ടി പോലും കോടതിയിൽ കേസുണ്ടായ കാര്യം ഇവിടുത്തെ നെൽകൃഷിയുടെ ചുമതലക്കാരനായിരുന്ന കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോർജ് മത്തായി ചൂണ്ടിക്കാട്ടി. ആകെയുള്ള 404 ഏക്കറിൽ 28 ഏക്കർ മാത്രമാണ് ഔദ്യോഗികമായി കൃഷി നടന്നത്. എന്നാൽ ബാക്കി സ്ഥലത്ത് ഉടമസ്ഥർ കൃഷി ഇറക്കിയില്ലെങ്കിൽ ജനങ്ങൾക്കു വിതയ്ക്കാമെന്ന കൃഷിമന്ത്രിയുടെ ആഹ്വാനം അക്ഷരാർഥത്തിൽ നടപ്പായി. വിവിധ രാഷ്ട്രീയപാർട്ടികളും യുവജനസംഘടനകളും വനിതാസ്വാശ്രയസംഘങ്ങളുമൊക്കെ മുന്നോട്ടുവന്നതോടെ മെത്രാൻകായലിലും ആവേശം ഉണർന്നു. മുന്നൂറ് ഏക്കറിൽ കൃഷി നടന്നു. പാടം സന്ദർശിക്കുമ്പോഴെല്ലാം മന്ത്രിക്കും കൃഷിവകുപ്പ് ഡയറക്ടർക്കും വാട്സ്ആപ്പിലൂടെ റിപ്പോർട്ടും ചിത്രങ്ങളും നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

ശരിയായി വരമ്പു തീർക്കാൻപോലും കഴിയാതെ കിടന്ന പാടത്ത് കൊടി കുത്തി അവർ അതിരു നിർണയിച്ചപ്പോൾ പാടമൊന്നാകെ നൂറു കണക്കിനു കൊടിക്കൂറകളാൽ വർണശബളമായി. വിതച്ചശേഷം മാത്രം ചാലുകൾ തീർത്ത പാടത്ത് ജലവിനിയോഗമായിരുന്നു ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നത്– കുമരകത്തെ കൃഷി ഓഫീസർ റോണി വർഗീസ് പറഞ്ഞു. രണ്ടു പാടങ്ങളിലും നിലമൊരുക്കലും വിത്തും സർക്കാർ വകയായിരുന്നു. യന്ത്രസഹായത്തോടെ നിലമൊരുക്കാൻ തന്നെ വലിയ തുക വേണ്ടിവന്നു.

ജൈവരീതിയിലുള്ള കൃഷിക്കു കർഷകർ കാര്യമായൊന്നും മുടക്കേണ്ടിവന്നില്ലെന്നതാണ് വാസ്തവം. രാസകീടനാശിനികളുടെ പ്രയോഗം പൂർണമായി ഒഴിവാക്കപ്പെട്ടു. മെത്രാൻകായലിൽ വൈകി കൃഷി ആരംഭിച്ചവർക്ക് ഇലപ്പേനിനെതിരെ മരുന്നടിക്കേണ്ടിവന്നതു മാത്രമാണ് അപവാദം. തരിശുകിടന്ന പാടങ്ങൾ പോഷകപൂരിതമായതിനാൽ കാര്യമായ വളപ്രയോഗം വേണ്ടിവന്നില്ല. നേരിയ തോതിൽ യൂറിയ വിതറിയവർപോലും സുരക്ഷിതഭക്ഷണമെന്ന മാനദണ്ഡം കാത്തുസൂക്ഷിക്കാൻ ശ്രദ്ധിച്ചു. ഉൽപാദിപ്പിച്ച അരി അതതു പാടശേഖരത്തിന്റെ പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ചതും ശ്ലാഘനീയമായ നടപടി തന്നെ. മറ്റ് പാടശേഖരങ്ങൾക്കും മാതൃകയാക്കാവുന്ന വിപണനതന്ത്രമാണിത്.

അടുത്ത കാലത്ത് കേരളീയരെ ഏറെ പരിഭ്രാന്തരാക്കിയ കാര്യമാണ് അരിവിലയിലുണ്ടായ വർധന. ഉൽപാദനക്കമ്മി നേരിടുന്ന സംസ്ഥാനത്തിനു ഭക്ഷ്യസുരക്ഷയ്ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ നിവൃത്തിയില്ലെന്നതു വാസ്തവം. പക്ഷേ അതു സമ്പൂർണ ആശ്രയമാകുന്നത് അപകടമല്ലേ? കാലാവസ്ഥാമാറ്റത്തിന്റെ കാലഘട്ടത്തിൽ എന്നും ആരെങ്കിലും നമ്മെ ഊട്ടുമെന്നു ചിന്തിക്കുന്നതു വിഡ്ഢിത്തമാണ്.

സാഹചര്യമുണ്ടായിട്ടും ആഹരിക്കുന്നതിന്റെ എട്ടിലൊന്നുപോലും സ്വന്തമായി ഉൽപാദിപ്പിക്കാതെ അഭിപ്രായപ്രകടനം മാത്രം നടത്തുന്ന ജനതയെ മറ്റുള്ളവർ പരിഹസിക്കില്ലേ? പ്രതിസന്ധികളെ അതിജീവിക്കാൻ കേരളം സ്വന്തം ഭക്ഷണം പരമാവധി ഉൽപാദിപ്പിച്ചേ മതിയാകൂ. കൂടുതൽ തവണ വിളവിറക്കിയും ഉൽപാദനക്ഷമത കൂട്ടിയും മറ്റു ശാസ്ത്രീയ മാർഗങ്ങളിലൂടെയും ഉപഭോഗത്തിന്റെ പകുതിയെങ്കിലും ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയണം. ആറന്മുള– മെത്രാൻകായൽ മാതൃകയിൽ ഇനിയുമൊരായിരം പാടങ്ങൾ നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. ഓരോ പഞ്ചായത്തിലും തരിശു കിടക്കുന്ന ഒരു പാടമെങ്കിലും കൃഷിയിറക്കുകയാവട്ടെ അടുത്ത വർഷം കാർഷികകേരളത്തിന്റെ മുഖ്യപ്രവർത്തനം. ഈ പാടങ്ങളിലെ നെല്ലിന്റെ അരി തനതു ബ്രാൻഡ് നാമത്തിൽ വിപണിയിലെത്തിക്കുന്ന കാലം ഏറെ അകലെയല്ല എന്നു നമുക്ക് പ്രതീക്ഷിക്കാം.