Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി ചെയ്യാൻ മട്ടുപ്പാവ് ധാരാളം!

vegetable-farming-on-terrace Representative image

ഒരു സെന്റെങ്കിലും ഭൂമിയും കോൺക്രീറ്റ് ചെയ്ത മട്ടുപ്പാവുമുണ്ടെങ്കിൽ കൃഷി ചെയ്യാൻ കളം ഒരുങ്ങിക്കഴിഞ്ഞെന്നു കരുതാം. ഇനി വേണ്ടത് മനസ്സാണ്. നമ്മുടെ കാലാവസ്ഥയിൽ വളരില്ലെന്നു കരുതിയ പല വിളകളും ഇന്ന് സുലഭമായി ഇവിടെ വിളയുന്നു. അതെല്ലാം കർഷകരുടെ ഇച്ഛാശക്തിയുടെ ഫലങ്ങളാണ്. പിന്നെ, കൃഷിഭവനുകളിൽനിന്ന് അനർഗളമായ പിന്തുണയും.

'ഹൗ ഓൾഡ് ആർ യു' സിനിമ കണ്ട് ജൈവ പച്ചക്കറിക്കു ‘ജയ്’ വിളിക്കണമെന്ന് ചെറുതായെങ്കിലും തോന്നിയിട്ടില്ലേ. എന്നാൽ ഇനി കാത്തിരിക്കുന്നതിൽ അർഥമില്ല. അന്യസംസ്ഥാന പച്ചക്കറി ഭീകരതയ്ക്കെതിരെ ‘ജൈവായുധം’ പ്രയോഗിക്കേണ്ട ദിവസം അതിക്രമിച്ചിരിക്കുന്നു.

എന്തെല്ലാം വഴികൾ

1. ഗ്രോ ബാഗുകൾ: വീട്ടുകൃഷിക്ക് ഏറ്റവും ഫലപ്രദം ഗ്രോ ബാഗുകളാണെന്ന് കൃഷിവിദഗ്ധർ വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ, വിത്തുകളെക്കാൾ കൂടുതൽ ഗ്രോ ബാഗുകൾക്കാണ് കൂടുതൽ ആവശ്യക്കാർ. വേരു പിടിപ്പിച്ച തൈകൾ സഹിതമുള്ള ഗ്രോ ബാഗുകൾ വിതരണം ചെയ്യുന്ന പദ്ധതികൾക്കാണ് നിലവിൽ സർക്കാരും ഊന്നൽ കൊടുക്കുന്നത്. വീട്ടുകൃഷിയെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ കൂടുതൽ തൈകൾ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഗ്രോ ബാഗുകളിൽ തന്നെയുള്ള പുത്തൻ പരീക്ഷണങ്ങളും അണിയറയിലുണ്ട്.

2. പച്ചക്കറിപ്പന്തലുകൾ: ശാസ്ത്രീയമായ റെഡിമെയ്‍ഡ് പന്തലുകൾ വീട്ടിൽവന്നു സജ്ജീകരിച്ചു കൊടുക്കുന്ന കൃഷിസംഘങ്ങളും നഗരത്തില്‍ ധാരാളമാണ്. 40 സ്ക്വയർഫീറ്റിൽ സജ്ജമാക്കാവുന്ന പോളിഹൗസുകൾ തുടങ്ങാൻ താൽപര്യമുള്ളവർക്കു വേണ്ട സാങ്കേതിക സഹായങ്ങൾ കൃഷിവകുപ്പിൽനിന്നു ലഭിക്കും. ഇതിനായി സബ്സിഡിയും സർക്കാർ നൽകുന്നുണ്ട്.

3. വെർട്ടിക്കൽ ഫാമിങ്: ഫ്ലാറ്റുകൾ മുതലായവ സ്ഥലപരിമിതിയുള്ള സ്ഥലങ്ങളിൽ ഈ രീതി ഫലപ്രദമാണ്. ചാക്കിലോ മറ്റോ മണ്ണു നിറച്ച് വശങ്ങളിൽ പച്ചക്കറി നടുന്ന രീതിയാണിത്.

4. പൈപ്പ് ഫാമിങ്: പൈപ്പുകളിൽ തുളയിട്ട് മണ്ണും വളവും നിറച്ചുള്ള കൃഷിയും അടുക്കളത്തോട്ട കൃഷിക്ക് ഫലപ്രദമാണ്. സ്ഥലം തീരെ കുറച്ചു മതിയെന്നതാണ് ഇതിന്റെ ഗുണം.

5. ടെറസ് (മട്ടുപ്പാവ്) കൃഷി: വ്യാപകവും ഫലപ്രദവുമായ മറ്റൊന്നാണ് ടെറസ് കൃഷി. ഗ്രോ ബാഗുകളുടെ പ്രചാരം ടെറസ് കൃഷിക്ക് പ്രചാരം വർധിപ്പിച്ചിട്ടുണ്ട്. മട്ടുപ്പാവിന്റെ അരികുകളാവണം ഈ കൃഷിക്ക് തിരഞ്ഞെടുക്കേണ്ടത്. ഒത്ത നടുക്കുള്ള കൃഷി കെട്ടിടത്തിന്റെ ചോർച്ചയ്ക്കു കാരണമാകാം.