Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണറിഞ്ഞ് വളമിടാൻ റബർ ബോർഡിന്റെ ആപ്

rubsis-app

റബർ തോട്ടങ്ങളിൽ മണ്ണിന്റെ ഫലപുഷ്ടി മനസ്സിലാക്കി വളം ചെയ്യുന്നതിനു റബർ ബോർഡിനു കീഴിലുള്ള റബർ ഗവേഷണ കേന്ദ്രം മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള ഓൺലൈൻ ആപ്ലിക്കേഷൻ വളപ്രയോഗ ശുപാർശ സംവിധാനം ഇന്ത്യയിൽ ആദ്യമായിട്ടാണെന്നു റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. അജിത്കുമാർ അറിയിച്ചു.

ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം, നാഷനൽ ബ്യൂറോ ഓഫ് സോയിൽ സർവേ ആൻഡ് ലാൻഡ് യൂസ് പ്ലാനിങ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്, ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്  കേരള എന്നീ സ്ഥാപനങ്ങൾ സഹകരിച്ചാണു ‘റബ്സിസ്’ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെയുള്ള റബർമേഖലകളിൽ റബ്സിസ് വഴിയുള്ള സേവനം ലഭ്യമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സേവനം 2018ൽ ലഭ്യമാകും.

പ്രവർത്തനം ഇങ്ങനെ

കർഷകർ തങ്ങളുടെ സ്മാർട് ഫോണിൽ ‘റബ്സിസ്’ എന്ന ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യണം.. സ്ഥലത്തിന്റെ പേര് ടൈപ്പ് ചെയ്തു കൊടുത്താൽ  ആ സ്ഥലത്തെ മണ്ണിന്റെ ഫലപുഷ്ടി വിവരങ്ങൾ തെളിയും. ഏതുതരം വളം എത്രമാത്രം ഉപയോഗിക്കണമെന്ന നിർദേശവും ലഭിക്കും.

മൂന്നു വർഷം കൊണ്ടാണു റബർ ഗവേഷണ കേന്ദ്രം ഇതിനായി ഗവേഷണങ്ങളും പഠനങ്ങളും നടത്തിയത്. റബർ കൃഷിയുള്ള 50 ഏക്കർ വീതം സ്ഥലം വേർതിരിച്ച് ഓരോ സ്ഥലത്തെയും മണ്ണിന്റെ 13 തരം ഘടകങ്ങൾ പരിശോധിച്ചു. ഈ ഫലം സാറ്റലൈറ്റ് വഴി ബന്ധിപ്പിച്ചു.

ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ മണ്ണിന്റെ ഫലപുഷ്ടി സജീവമായി നിലനിർത്താൻ വേണ്ടി എതുതരം രാസവളം എത്രമാത്രം ചെയ്യണമെന്നതും കണക്കാക്കി ഇതും സാറ്റലൈറ്റ് വഴി ബന്ധിപ്പിച്ചു. 12,000 മണ്ണ് സാംപിളുകളാണ് ഇതിനായി  പരിശോധിച്ചു ഫലം തയാറാക്കിയത്.

ഗുണങ്ങൾ

റബർ ബോർഡിന്റെ കണക്കിൽ 11 ലക്ഷം റബർ കർഷകരാണു കേരളത്തിലുള്ളത്.  മണ്ണു പരിശോധിച്ചു വളം ചെയ്യുന്നതു വെറും 4000 കർഷകർ.  മണ്ണു പരിശോധിച്ച് ഇതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമുള്ള രാസവളം മാത്രം ഉപയോഗിച്ചാൽ മണ്ണിന്റെ ഫലപുഷ്ടി നിലനിർത്താം.

കോട്ടയം ജില്ലയിൽ മാത്രം ഈ ആപ്പ് ഉപയോഗിച്ച് മണ്ണിന്റെ ഗുണമേന്മ മനസ്സിലാക്കി വളപ്രയോഗം നടത്തിയാൽ വർഷം 21 കോടി രൂപയുടെ അധിക ചെലവ് കർഷകർക്കു കുറയ്ക്കാനാകുമെന്നു റബർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജയിംസ് ജേക്കബ് പറഞ്ഞു.

പരിശീലന വിവരങ്ങൾ അറിയാനും ആപ്

പരിശീലന ഇ–ഗവേണൻസിന്റെ ഭാഗമായി മറ്റൊരു മൊബൈൽ ആപ്പ് റബർ ബോർഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. റബർ ബോർഡിന്റെ പുതിയ പദ്ധതികൾ, പരിശീലനം എന്നിവയെക്കുറിച്ചുള്ള അറിയിപ്പുകൾ, തൊഴിലാളിക്ഷേമ പദ്ധതികൾ തുടങ്ങിയ വിവരങ്ങൾ അറിയാം.  മാർക്കറ്റ് പ്രൈസ്  എന്ന അലേർട്ടിൽ നിന്ന് ഇന്ത്യയിലെയും  വിദേശവിപണികളിലെയും റബർവില  അറിയാം.