Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് സഹായം

vegetable-basket Representative image

വീട്ടുവളപ്പിൽ പച്ചക്കറി കൃഷിക്കൊപ്പം മാലിന്യ സംസ്കരണ-ജലസേചന യൂണിറ്റുകൾ സ്ഥാപിക്കാനുള്ള സഹായ പദ്ധതികളുമായി കൃഷിവകുപ്പ്. നഗരപ്രദേശങ്ങളിൽ 4-6 പച്ചക്കറി ഇനങ്ങൾ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗ് യൂണിറ്റുകൾ 75% സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നു. ഇത്തരം 37,000 യൂണിറ്റുകൾ നടപ്പാക്കും. നിലവിൽ പരിപാലിച്ചുവരുന്ന 75,000 ഗ്രോബാഗ് യൂണിറ്റുകൾക്ക് 200 രൂപ നിരക്കിൽ പരിപാലനച്ചെലവ് നൽകും. 2600 ഗാർഹിക കമ്പോസ്റ്റ് യൂണിറ്റുകൾക്ക്, യൂണിറ്റൊന്നിന് 2500 രൂപ വീതം സബ്സിഡി. നഗരപ്രദേശങ്ങളിൽ 10 ഗാർഹിക മാലിന്യ ജലസംസ്കരണ മാതൃകാ പ്ലാന്റുകൾ സ്ഥാപിക്കാൻ സഹായം.

തിരിനന/ചെറുകണിക ജലസേചന യൂണിറ്റുകൾക്ക് 2000 രൂപ വരെ സബ്സിഡി. നഗരപ്രദേശങ്ങളിൽ 3-5 റസിഡൻസ് അസോസിയേഷനുകൾ ചേർന്ന് രൂപീകരിക്കുന്ന ഹരിത ഗ്രൂപ്പുകൾക്ക് 50,000 രൂപ വീതം സഹായം. ഇത്തരം 50 ഗ്രൂപ്പുകൾ രൂപീകരിക്കും. 20 ലക്ഷം പച്ചക്കറി വിത്ത് കിറ്റുകൾ സൗജന്യമായി വിദ്യാർഥികൾക്കും കർഷകർക്കും. 2.20 രൂപ നിരക്കിൽ 46 ലക്ഷം പച്ചക്കറിത്തൈകളും വിതരണം ചെയ്യും.

'അനന്തപുരി ചക്കമഹോല്‍സവം'

ജൂണ്‍ 30 മുതല്‍ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയില്‍ 'അനന്തപുരി ചക്കമഹോല്‍സവം' അരങ്ങേറുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, വെള്ളായണി കാര്‍ഷിക കോളജ്, സിസ, ശാന്തിഗ്രാം, മിത്രനികേതന്‍, പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, ഇപാക് എന്നീ സംഘടനകളാണ് മേളയുടെ സംഘാടകര്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വിൽപനയുമാണ് ഒരുക്കുന്നത്. കഴിഞ്ഞവര്‍ഷം കനകക്കുന്നില്‍ നടന്ന ചക്ക മഹോല്‍സവത്തിന്റെ വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷവും മേള സംഘടിപ്പിച്ചിരിക്കുന്നത്. 30-ന് രാവിലെ പത്തിന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അനന്തപുരി ചക്കമഹോല്‍സവം ഉദ്ഘാടനം ചെയ്യും.

മൃഗസംരക്ഷണ വകുപ്പിന്റെ വ്യവസായ സംരംഭക മീറ്റ്

2017-18 സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണ വകുപ്പ് പ്ലാൻ സ്കീമിന്റെ ഭാഗമായി താലൂക്ക്തല വ്യവസായ സംരംഭക മീറ്റ് സംഘടിപ്പിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കോഴി, ആട്, പന്നി, മുയൽ വളർത്താൻ താൽപര്യമുളള കർഷകർക്കായി ഒരു ദിവസത്തെ പരിശീലന പരിപാടിയും സംഘടിപ്പിക്കപ്പെടുന്നു.  ബാങ്ക്, നബാർഡ്, തദ്ദേശസ്വയംഭരണവകുപ്പ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, മാർക്കറ്റിംഗ് വിദഗ്ധർ എന്നിവർ ക്ലാസ്സെടുക്കുന്നതായിരിക്കും. സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ, വിപണനം, ലൈസൻസിംഗ്, എൽ.എസ്.ജി നിയമങ്ങൾ, വേയ്സ്റ്റ് മാനേജ്മെന്റ് എന്നിവയെക്കുറിച്ച് കർഷകരെ ബോധവത്ക്കരണം നടത്തുക എന്നതാണ് പരിശീലന പരിപാടിയുടെ ഉദ്ദേശം. നെടുമങ്ങാട് താലൂക്കിലെ 75 കർഷകർക്കാണ് പരിശീലനം നൽകുന്നത്. താൽപര്യമുളള കർഷകർ അതാത് മൃഗാശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് പ്രോജക്ട് ഓഫിസർ അറിയിച്ചു.