Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നെയും താരം; വനില കിലോ 40,000 വരെ

vanilla വനില

ആദായകരമായ കൃഷിവിളകളുടെ പട്ടികയിൽ ഇപ്പോൾ വനിലയാണു മുൻനിരയിൽ. ഇത്തിരി പണമിറക്കിയാൽ വൻ തുക കൊയ്യാമെന്ന് ഇടുക്കിയിലെ കർഷകർ ഒരേ സ്വരത്തിൽ പറയുന്നു.

പച്ചവനിലയ്ക്ക് കിലോയ്ക്ക് 5000 മുതൽ 7000 രൂപ വരെയും, ഉണക്ക വനിലയ്ക്ക് കിലോയ്ക്ക് 20000 മുതൽ 40000 രൂപ വരെയുമാണ് ഇപ്പോഴത്തെ വില. ജില്ലയിൽ 10 വർഷം മുൻപ് വരെ വൻതോതിൽ കർഷകർ വനില കൃഷി ചെയ്തിരുന്നു. വനില വില 50 രൂപയിലെത്തിയതോടെ ജില്ലയിലെ കർഷകരിൽ പലരും കൃഷി നശിപ്പിച്ചു. ഏലം, കാപ്പി, കുരുമുളക് കൃഷി എന്നിവ ഉപേക്ഷിച്ചാണ് കർഷകർ വൻതോതിൽ കൃഷി നടത്തിയത്. എന്നാൽ അപ്രതീക്ഷിത വിലത്തകർച്ചയും, വനിലകൃഷിയിൽ രോഗബാധ പടർന്നുപിടിച്ചതും കർഷകരുടെ പ്രതീക്ഷകൾ തകർത്തു. ഇതോടെ ജില്ലയിൽനിന്നു വനില കൃഷി ഭൂരിഭാഗവും ഇല്ലാതായി. ഇപ്പോൾ നാമമാത്രമായ കർഷകരാണ് ജില്ലയിൽ വനില കൃഷി രംഗത്തുള്ളത്. വനിലയുടെ ഉൽപാദന കേന്ദ്രമായ മഡഗാസ്കറിൽ ഉൽപാദനം കുറഞ്ഞതോടെയാണ് ഇടക്കാലത്തിനുശേഷം വനില റെക്കോർഡ് വിലയിലേക്ക് കുതിക്കുന്നത്. സംസ്ഥനത്ത് ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിലാണ് വനില കൃഷിക്കു പറ്റിയ കാലവസ്ഥയുള്ള സ്ഥലങ്ങൾ. വർഷത്തിൽ 150 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതും, ചൂടും, ഈർപ്പവുമുള്ള സ്ഥലമാണ് വനില കൃഷിക്ക് ഏറ്റവും അനുയോജ്യം. ഏത് തരം മണ്ണിലും വളരുമെങ്കിലും ജൈവസമ്പന്നമായ മണ്ണിൽ വനില പൊന്ന് വിളയിക്കുമെന്നു കർഷകർ പറയുന്നു.

കാലവർഷം ശക്തമാകുന്നതിനു മുൻപ് മേയ് മാസത്തിലും, കാലവർഷത്തിനും തുലാവർഷത്തിനും മധ്യേ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ നടീൽ സമയമായി തിരഞ്ഞെടുക്കാം. തൈകളോ, വനിലയുടെ തണ്ട് മുറിച്ചതോ ആണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. 14 മുതൽ 20വരെ ഇടമുട്ടുകളുള്ള തണ്ടുനട്ടാൽ വളരെ വേഗത്തിൽ പുഷ്പിക്കുമെന്നാണ് കർഷകർ പറയുന്നത്. താങ്ങുമരങ്ങൾ നട്ടുപിടിപ്പിക്കണം. ശീമക്കൊന്നകളാണ് അനുയോജ്യം. തണ്ട് ചീയാതിരിക്കാനായി തണ്ടിന്റെ ചുവടുമുറി ഭാഗം മണ്ണിനു മുകളിലായിരിക്കുവാൻ ശ്രദ്ധിക്കണം. ഇതിനു ശേഷം ജൈവപുതയിട്ടാൽ രണ്ടുമാസത്തിനുള്ളിൽ തണ്ട്, വേരുപിടിക്കുകയും മുളകൾ പൊട്ടുകയും ചെയ്യും.

ജൈവ വളപ്രയോഗമാണ് കൂടുതൽ അനുയോജ്യം. കാലിവളം, പച്ചിലകൾ, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവയും വളർച്ച വേഗത്തിലാക്കും.

നട്ട് മൂന്നാം വർഷം മുതൽ വനില പൂവിടാൻ തുടങ്ങും. വർഷത്തിലൊരിക്കൽ മാത്രമേ പൂവിടുകയുള്ളൂ. കൃത്രിമ പരാഗണമാണ് നടത്തേണ്ടത്. പൂവിരിയുന്ന ദിവസം തന്നെ രാവിലെ ആറിനും പത്തിനുമിടയിൽ പരാഗണം നടത്തണം. പരാഗണം നടന്ന ശേഷം ഒൻപതുമുതൽ 11 മാസം വരെയായാൽ മാത്രമേ വിളവെടുപ്പിനു പാകമാവുകയുള്ളു.

ജോബിൻ തോമസ്