Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷരഹിതം മണാശ്ശേരിയുടെ മണ്ണ്

paddy-cultivation വിഷരഹിത കാർഷിക ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മണാശ്ശേരിയിലെ കരനെൽ കൃഷി

വിഷരഹിത കാർഷിക ഗ്രാമം പദ്ധതിയുമായി കോഴിക്കോട് മണാശ്ശേരിയിലെ കൂട്ടായ്മ രംഗത്തെത്തി. ഗ്രാമത്തെ വിഷ രഹിതമാക്കുന്നതിന് കർമ പദ്ധതികൾ ആവിഷ്കരിച്ച് ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് ഒരു പറ്റം യുവാക്കളും കർഷകരും. നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സഹായ സഹകരണത്തോടെയാണ് സ്വപ്നം യാഥാർഥ്യമാക്കുന്നത്.

നഗരസഭയ്ക്ക് കീഴിലെ അഞ്ച് ഡിവിഷനുകൾ ഉൾപ്പെടുത്തിയുള്ള മണാശ്ശേരി പ്രദേശത്തെ മൊത്തമായും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷകർക്കും മറ്റും ജൈവ കൃഷിക്കുള്ള വിത്തുകളും വളങ്ങളും വിതരണം ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിന് പുറമെ ജൈവ വളം ഉപയോഗിച്ചുള്ള കരനെൽകൃഷിയും ഇറക്കിയിരിക്കയാണ് വെള്ളാത്തൂർ ഭാഗത്ത്. രാസ കീടനാശിനികൾക്ക് വിട പറഞ്ഞ് ജൈവ കീടനാശിനികൾ ഉപയോഗിച്ചായിരിക്കും വിഷരഹിത കാർഷിക ഗ്രാമം സാക്ഷാത്കരിക്കുക.

elephant-foot-yam വിഷരഹിത കാർഷിക ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മണാശ്ശേരിയിലെ ചേന കൃഷി

അടുത്ത ചിങ്ങം ഒന്നിന് ഗ്രാമത്തെ വിഷരഹിത കാർഷിക ഗ്രാമമായി പ്രഖ്യാപിക്കാനാണ് ശ്രമം. ജൈവ വളങ്ങളും വിത്തുകളും ഉപയോഗിച്ച് കർഷകർ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ ന്യായമായ വില നൽകി വാങ്ങി മണാശ്ശേരിയിൽ ഔട്ട്‌ലെറ്റ് സ്ഥാപിച്ചായിരിക്കും പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വിൽപന നടത്തുക. നഗരസഭ ചെയർമാൻ വി. കു‍ഞ്ഞൻ വിഷരഹിത കാർഷിക ഗ്രാമം പദ്ധതിയുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്ത വാഴക്കുലകൾ മണാശ്ശേരി ഗവ. യുപി സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന നൽകിയും കൂട്ടായ്മ ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്.

മുക്കം നഗരസഭയിലെ മണാശ്ശേരി ടൗൺ, മുതുകുറ്റി, വെസ്റ്റ് മണാശ്ശേരി, കുറ്റ്യേരിമ്മൽ, കരിയാകുളങ്ങര, നെടുമങ്ങാട് തുടങ്ങിയ ഡിവിഷനുകൾ ഉൾപ്പെടുത്തിയുള്ള മണാശ്ശേരി ഗ്രാമത്തെയാണ് വിഷരഹിത കാർഷിക ഗ്രാമം പദ്ധതിയിൽ ചേർത്തിയിട്ടുള്ളത്.

karshika-gramam-project മണാശ്ശേരി വിഷരഹിത കാർഷിക ഗ്രാമം പദ്ധതി കൂട്ടായ്മയുടെ യോഗത്തിൽനിന്ന്

കെ. രാമചന്ദ്രൻ ചെയർമാനും വിനോദ് മണാശ്ശേരി കൺവീനറും ജോഷിൽ ചെമ്പ്രാട്ട് ട്രഷററുമായുള്ള കമ്മിറ്റിയുടെ ഉപദേശക സമിതി ചെയർമാൻ ആർ.കെ. പൊറ്റശ്ശേരിയാണ്. കരനെല്ലു കൂടാതെ ചേന, വാഴ, വെണ്ട, പടവലം, വഴുതന, വെള്ളരി തുടങ്ങിയ പച്ചക്കറി കൃഷികളും പദ്ധതിയിൽ ഉൾപ്പെടുത്തി വ്യാപകമായി ആരംഭിച്ചിട്ടുണ്ട്.