Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുമാഹാത്മ്യം ശാസ്ത്രീയമായി പഠിക്കാൻ കേന്ദ്ര സമിതി

cow-stable-in-rain Representative image

പശു മാഹാത്മ്യം ശാസ്ത്രീയമായി പഠിക്കാൻ പ്രത്യേക കേന്ദ്ര സമിതി. നാടൻ പശുക്കളെയും പഞ്ചഗവ്യമായ പശുവിന്റെ ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയെയും കുറിച്ചുള്ള അറിവുകൾക്കു ശാസ്ത്രീയ അടിത്തറയുണ്ടാക്കാനാണ് പ്രത്യേക സമിതി. പോഷകാഹാരം, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ പഞ്ചഗവ്യത്തിന്റെ ഗുണഗണങ്ങൾ ശാസ്ത്രീയമായി പഠിക്കും.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹർഷ് വർധനാണ് 19 അംഗ സമിതിയുടെ അധ്യക്ഷൻ. ആർഎസ്എസ്–വിഎച്ച്പി അനുബന്ധ സ്ഥാപനങ്ങളിലെ അംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാൻ ഭാരതി പ്രസിഡന്റ് വിജയ് ഭട്കറാണ് സമിതി ഉപാധ്യക്ഷൻ. ആർഎസ്എസ് ബന്ധമുള്ള ശാസ്ത്ര സംഘടനയായ വിജ്‍ഞാൻ ഭാരതിയുടെ സെക്രട്ടറി ജനറലും മലയാളിയുമായ എ. ജയകുമാർ, വിഎച്ച്പി സംഘടനയായ പശു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ (ജിവിഎകെ) സുനിൽ മൻസിംഘ്ക എന്നിവരും സമിതിയിലുണ്ട്.

പശു ഗവേഷണവുമായി ബന്ധപ്പെട്ട് ആറു പേറ്റന്റുകൾ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിവിഎകെയ്ക്കു ലഭിച്ചിട്ടുണ്ടെന്ന് മൻസിംഘ്ക പറഞ്ഞു. ഇതിലൊന്ന് ഗോമൂത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. പഞ്ചഗവ്യത്തിന്റെ പ്രയോജനം അറിയാൻ ‘സ്വരോപ്’ (സയന്റിഫിക് വാലിഡേഷൻ ആൻഡ് റിസർച് ഓൺ പഞ്ചഗവ്യ – എസ്‍വിആർഒപി) എന്ന പദ്ധതി സർക്കാർ രൂപീകരിക്കും.

പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലാണ് സ്വരോപ് പദ്ധതി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും ഡൽഹി ഐഐടിയുമായി സഹകരിച്ചാണ് സ്വരോപിന്റെ പ്രവർത്തനം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ്, പാരമ്പര്യേതര ഊർജ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും സമിതി അംഗങ്ങളാണ്.

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ) ഡയറക്ടർ ആർ.എ. മഷേൽകർ, ഡൽഹി ഐഐടി ഡയറക്ടർ പ്രഫ. വി.റാംഗോപാൽ റാവു, ഡൽഹി ഐഐടിയിലെ പ്രഫ. വി.കെ.വിജയ് എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.