Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടൻ ഓർമ, മുതലമട ഞാവൽ വിപണിയിൽ താരം

jamun-njaval-rambutan-fruit പുതിയ കാലത്തിന്റെ പഴമായ റംബുട്ടാൻ അടുത്തുണ്ടെങ്കിലും പഴമയുടെ ഓർമകളുണർത്തുന്ന ഞാവൽ പഴത്തിനും ആവശ്യക്കാരെറെ. എംസി റോഡിലെ അടൂരിൽ നിന്നുള്ള കാഴ്ച.

വീട്ടുപറമ്പുകളിലും വഴിവക്കുകളിലും ഉണ്ടായിരുന്ന ഞാവൽ മരങ്ങളിൽ നിന്നു ലഭിച്ചിരുന്ന നാടൻ തനിമയുള്ള പഴങ്ങൾ  ഓർമയാകുമ്പോൾ വിൽപനയ്ക്കെത്തിക്കുന്ന ഞാവൽ പഴങ്ങൾ വിപണികളിൽ താരമാകുന്നു. മുതലമടയിൽ നിന്നുമാണ് മുന്തിയ ഇനം ഞാവൽപഴം വിൽപനയ്ക്കായി എത്തിക്കുന്നത്.

വഴിയോര വിപണിയിലെ വിദേശ ഇനം പഴങ്ങൾക്കിടയിലാണ് കടും കറുപ്പും നീലനിറത്തോടും കൂടിയ ഞാവൽ പഴങ്ങളുടെ സ്ഥാനം. വിലയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. 400 രൂപയാണ് ഒരു കിലോയുടെ വില. പ്രമേഹം ശമിപ്പിക്കുമെന്ന് പറയപ്പെടുന്ന ഞാവൽപഴം പോഷകങ്ങളുടെ കലവറയാണെങ്കിലും എല്ലാത്തിനും വിപണിയെ ആശ്രയിക്കുന്ന നമ്മൾക്ക് നാടൻ തനിമയുള്ള ഞാവൽപഴം ഇപ്പോൾ കണ്ടുകിട്ടാനില്ല.

പണ്ട് വീട്ടുപറമ്പുകളിലും വഴിവക്കിലും സുലഭമായിരുന്നു ഞാവൽപഴം. അച്ചാറും ജാമും ഉണ്ടാക്കുന്നതിനും ഞാവൽപഴങ്ങൾ പഴമക്കാർ ഉപയോഗിച്ചിരുന്നു. ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ആരോഗ്യവർധകമാണെന്നതിനാൽ വീട്ടുപറമ്പുകളിലെ പ്രധാന വൃക്ഷമായിരുന്നു ഞാറ. പ്രകൃതിയോട് ഏറ്റവും ചേർന്നു നിൽക്കുന്ന നിത്യഹരിത വൃക്ഷമാണ് ഞാറ.

ഡൽഹി, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് ഞാവൽപഴങ്ങൾ സുലഭമായിട്ടുള്ളത്. വടക്കേ ഇന്ത്യയിൽ ഞാവൽപഴം സുലഭമാകുന്ന ഉഷ്ണകാലം കുട്ടികൾക്ക് ഒരു വർഷത്തേക്കുള്ള പോഷകങ്ങളുടെ സംഭരണ കാലമാണ്. അതിനാൽ അവരുടെ ജനകീയ പഴമാണിത്.

എന്നാൽ, കേരളത്തിൽ പറമ്പുകളിലും പാതയോരങ്ങളിലും വച്ചുപിടിപ്പിച്ചിരുന്ന ഞാവൽ മരങ്ങൾ അന്യമായപ്പോൾ തോട്ടക്കൃഷിയായി മാറിയ ഞാവൽപഴത്തിനു വിപണിയിൽ മൂല്യവുമേറി.