Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്താരിക്ക് വില കിലോഗ്രാമിന് 1200 രൂപ! ഞെട്ടണ്ട, ഇപ്പോഴല്ല

birds-eye-chili-kanthari-mulaku കാന്താരി മുളക്

കാന്താരിക്ക് വില കിലോഗ്രാമിന് 1200 രൂപ! ഞെട്ടണ്ട. ഇപ്പോഴല്ല. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നമ്മുടെ സ്വന്തം കാന്താരിയുടെ വില കയറിപ്പോയത് മുകളിലേക്കാണ്. 2011 ജൂലൈ മാസം അത് 1300– 1500 രൂപ എന്ന റെക്കോർഡ് വിലയിലേക്കായിരുന്നു കുതിച്ചത് എന്ന കാര്യവും മറക്കണ്ട. പച്ചക്കറികളുടെ കൂട്ടത്തിൽ ഒരു പക്ഷേ  ഇത്രയധികം വില സ്വന്തക്കിയ മറ്റൊന്നുണ്ടാവില്ല.

ഇതെല്ലാം കാന്താരിയുടെ ‘രാജകീയപ്രൗഢി’ വിളിച്ചോതുന്നു. വിലയിൽ കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിനെപ്പോലും കടത്തിവെട്ടിക്കളഞ്ഞു കാന്താരി മുളക്. ഒരു കാലത്ത് കാര്യമായ ‘വിലയൊന്നുമില്ലാതിരുന്ന’ കാന്താരിക്ക് ഈ പ്രൗഢി എങ്ങനെയാണ് കൈവന്നത്?

പണ്ടൊക്കെ ഗ്രാമീണ ഭവനങ്ങളുടെ ഭാഗമായിരുന്ന കാന്താരി ഇല്ലാതായതും അതിന്റെ ഗുണങ്ങൾക്ക് കൂടുതൽ പ്രചാരം നേടിയതുമാണ് കാന്താരിയുടെ വില ഇത്രയധികം ഉയരാൻ കാരണമായത്. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ കാന്താരി കൃഷിക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തുടക്കമായി. കൃഷി ചെയ്യുമ്പോൾപോലും കാന്താരിക്ക് അത്രയധികം വളങ്ങളോ കീടനാശിനികളോ ആവശ്യമില്ല എന്നതും കാന്താരിയുടെ ഡിമാൻഡ് വർധിപ്പിച്ച ഘടകമാണ്.

കാന്താരി പല പേരുകളിൽ

ബേഡ്സ് ഐ ചില്ലി, ബേഡ്സ് ചില്ലി, തായ് ചില്ലി എന്നീ പേരുകളിലാണ് കാന്താരി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നത്. പഴുത്ത കാന്താരി മുളക് പക്ഷികൾ കൊത്തിയെടുത്ത് വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനാലാണ് ഇവയെ ബേഡ്സ് ഐ എന്ന പേരിൽ വിളിക്കുന്നത്. കാപ്സിക്കം ആനം എന്ന വിഭാഗത്തിൽപ്പെടുന്നതാണ് കാന്താരി.

കേരളത്തിൽ കാന്താരി പല പേരുകളിലാണ് അറിയപ്പെടുന്നത്. കപ്പപറങ്കി, പാൽമുളക്, ചുനിയൻ മുളക്, കരണംപൊട്ടി, സൂര്യകാന്താരി എന്നീ േപരുകളിൽ വിവിധ പ്രദേശങ്ങളിൽ കാന്താരി പ്രശസ്തമാണ്. വെള്ള, പച്ച, നീല നിറങ്ങളിൽ ഇവയെ കാണാം.

ജനനം

മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നീ പ്രദേശങ്ങളിലാണ് കാന്താരിയുടെ ജനനം എന്നു വിശ്വസിക്കപ്പെടുന്നു. സ്പാനിഷ്, പോർച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളും കച്ചവടക്കാരും മിഷനറിമാരുമാണ് കാന്താരി വിവിധ പ്രദേശങ്ങളിലെത്തിച്ചത്. ഇത്യോപ്യയിലും തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ് കാന്താരി ഇപ്പോൾ കൂടുതലായി കാണപ്പെടുന്നത്. 16–ാം നൂറ്റാണ്ടിലാണ് ഇവ ഏഷ്യയിലെത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിൽ കേരളം, മിസോറ‌ം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും.