Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഷൻ ഫ്രൂട്ട് ഉൽപാദനം കൂടി; ലക്ഷ്യം പൊതുവിപണി

passion-fruit നെല്ലിയാമ്പതിയിലെ സർക്കാർ ഫാമിൽ വിളഞ്ഞുനിൽക്കുന്ന പാഷൻ ഫ്രൂട്ട്.

പാലക്കാട് നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്നുള്ള വിളവെടുപ്പു വർധിച്ചു. കൃഷി 17 ഏക്കറിൽനിന്നു കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിച്ചതോടെയാണ് ഉൽപാദനം കൂടിയത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന സ്ക്വാഷിനും ജാമിനും മറ്റും പൊതുവിപണി ലക്ഷ്യമിടുകയാണ് അധികൃതർ. ഈ സീസണിൽ ഒരു ടണ്ണോളം പഴം പറിച്ചെടുക്കാനായതായി ഫാം സൂപ്രണ്ട് അജിത് പറഞ്ഞു. ഇവ പൂർണമായും ഫാമിൽതന്നെയുള്ള സംസ്കരണശാലയിലാണെത്തിക്കുന്നത്.

സ്ക്വാഷിനു പുറമെ ജാം, ജെല്ലി, അച്ചാർ, സിപ്അപ്, റെഡി ടു ഡ്രിങ്ക് തുടങ്ങിയ ഉൽപന്നങ്ങളും തയാറാക്കുന്നുണ്ട്. നിലവിൽ 3000 കുപ്പി സ്ക്വാഷ് സ്റ്റോക്കുണ്ട്. ഓണവിപണി ലക്ഷ്യമാക്കി ഉൽപാദനം വർധിപ്പിക്കാനും ലാഭകരമാക്കാനുമാണ് ആലോചന. ഒരു കോടി രൂപ മുടക്കി ആധുനിക രീതിയിൽ സെമി ഓട്ടോമാറ്റിക് യന്ത്രങ്ങൾ ഘടിപ്പിച്ചിട്ടുള്ള പുതിയ പഴം സംസ്ക്കരണശാലയിൽ ദിവസം ഒരു ടൺവരെ പഴം സംസ്ക്കരിച്ചെടുക്കാം. പാലക്കാട്ടെ ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റി പോലുള്ള സംവിധാനങ്ങൾ വഴി ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കൃഷിവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്.

നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികളിലേറെയും വാങ്ങാറുള്ള പാഷൻ ഫ്രൂട്ട് സ്ക്വാഷിനു നല്ല ഡിമാൻഡുണ്ട്. 750 മില്ലിക്ക് 100 രൂപയാണു കൗണ്ടർ വില. നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനു കഴിഞ്ഞ വർഷം കൃഷിവകുപ്പിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ഉൽപാദനം വർധിപ്പിച്ചതും 21 ലക്ഷം രൂപയുടെ അധികവിറ്റുവരവും പരിഗണിച്ചായിരുന്നു ബഹുമതി. ഓറഞ്ച് ഫാമായി അറിയപ്പെടുമെങ്കിലും വേണ്ടത്ര ഓറഞ്ച് കൃഷി ചെയ്യാനായിട്ടില്ല. പണ്ട് ഓറഞ്ച് കൃഷിയിൽ തിളങ്ങിനിന്ന ഫാമിന്റെ ഖ്യാതി തിരിച്ചുപിടിക്കാൻ പുതിയ ഓറഞ്ച് വച്ചുപിടിപ്പിക്കാൻ പുതിയ തൈകൾ നട്ടുവരികയാണ്. 50 ലക്ഷം രൂപ മുതൽമുടക്കിലാണിത്.