Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷികവിപണിയിലും ജിഎസ്ടി ബാധ

gst

മറ്റെല്ലാ വിപണികളിലുമെന്നപോലെ കാർഷികവിപണിയിലും കഴിഞ്ഞ മാസം ഏറ്റവും സ്വാധീനം ചെലുത്തിയതു ചരക്ക്, സേവന നികുതി (ജിഎസ്‌ടി) തന്നെ. ജിഎസ്ടി സംബന്ധിച്ച തർക്കത്തിൽ തേയില ലേലം മുടങ്ങുകപോലും ചെയ്‌തു. അത്ര വലിയ തോതിലല്ലെങ്കിലും ആശയക്കുഴപ്പം റബർവിപണിയിലും പ്രകടമായിരുന്നു. വെളിച്ചെണ്ണവില വർധിക്കാൻ ജിഎസ്ടി കാരണമായപ്പോൾ ജാതിക്ക, ജാതിപത്രി എന്നിവയുടെ വിപണനത്തിലും പ്രശ്‌നങ്ങളുണ്ടായി.

റബർ

റബർവിപണിയിൽ പതിവു തെറ്റിച്ചുള്ള പ്രതിഭാസമാണു കഴിഞ്ഞ മാസം കണ്ടത്. രാജ്യാന്തരതലത്തിൽ ഇന്ത്യയിലെ വില മുന്നിട്ടുനിന്ന ദിവസങ്ങൾ. ചൈനയിൽനിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണ് രാജ്യാന്തരവിലയിലെ കുറവിനു കാരണമായതെന്നു റിപ്പോർട്ടുണ്ടായിരുന്നു.

ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ആർഎസ്എസ് നാലിന്റെ വില ക്വിന്റലിന് 14,100 രൂപയും ആർഎസ്എസ് അഞ്ചിന്റെ വില 13,900 രൂപയുമാണ്. അവധിവിലകൾ: ഓഗസ്റ്റ് 14,200; സെപ്റ്റംബർ 14,201; ഒക്‌ടോബർ 13,850 രൂപ.

വായിക്കാം ഇ - കർഷകശ്രീ

ജിഎസ്ടി നടപ്പായതു കൃഷിക്കാരിൽനിന്നു പാൽ വാങ്ങി ഷീറ്റാക്കി കമ്പനികൾക്കു നൽകുന്ന റബർ ഉൽപാദക സംഘങ്ങളെയാണു ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇവ അഞ്ചു ശതമാനം ജിഎസ്ടി നൽകണമെന്നു വന്നിരിക്കുന്നു. എന്നാൽ ഇങ്ങനെ നൽകുന്ന നികുതി പിന്നീടു തട്ടിക്കിഴിക്കാൻ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സമ്പ്രദായം സഹായകമാകുമെന്ന പ്രതീക്ഷയിലാണു സംഘങ്ങൾ.

അതിനിടെ, റബർ വിലസ്ഥിരതാപദ്ധതിയിൽ അംഗങ്ങളായിട്ടില്ലാത്ത കൃഷിക്കാർക്ക് ഓഗസ്റ്റ് 31 വരെ റജിസ്റ്റർ ചെയ്യാമെന്ന് അറിയിപ്പുണ്ട്. ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കുന്നതാണു പദ്ധതി.

വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയിൽ വൻ കുതിപ്പിന്റേതായിരുന്നു കഴിഞ്ഞ മാസം. വെളിച്ചെണ്ണയ്ക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതാണു വിലക്കയറ്റത്തിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. കേരളത്തിൽ നാളികേര ഉൽപാദന സീസൺ അവസാനിക്കുകയും തമിഴ്‌നാട്ടിൽ ഉൽപാദനം കുറയുകയും ചെയ്തതു വിലക്കയറ്റത്തിനു മറ്റൊരു കാരണമാണ്. വെളിച്ചെണ്ണ (മില്ലിങ്) ക്വിന്റലിന് 14,600 രൂപ. തയാർ 14,000 രൂപ. കൊപ്ര ക്വിന്റലിന് 9900 രൂപ. പിണ്ണാക്ക് എക്‌സ്‌പെല്ലർ 2200; റോട്ടറി 2500.

കുരുമുളക്

ഉത്തരേന്ത്യന്‍ ഡിമാൻഡിലുണ്ടായ കുറവ് കുരുമുളകു വിപണിയിൽ വിലയിടിവിനു കാരണമായി. ഗാർബിൾഡിന്റെ വില ക്വിന്റലിന് 50,100 രൂപവരെ താഴ്ന്നു; അൺഗാർബിൾഡിന്റെ വില 48,100 രൂപവരെയും.

ഇന്ത്യന്‍ കുരുമുളകിന്റെ പകുതിയിലും കുറഞ്ഞ വിലയ്ക്കാണു രാജ്യാന്തരവിപണിയിൽ ഇപ്പോഴും വിയറ്റ്‌നാമിന്റെ വിൽപന. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിനു ടണ്ണിന് 8100 യുഎസ് ഡോളറിനടുത്താണു വില. വിയറ്റ്നാമിന്റെ വിൽപന 4000 ഡോളറിനും. ശ്രീലങ്കയുടെ വില 5800 ഡോളർ.

തേയില

ജിഎസ്ടി സംബന്ധിച്ചു വ്യാപാരികളും ഇടനിലക്കാരും മറ്റും തർക്കത്തിലായതു തേയില ലേലം മുടങ്ങാൻ പോലും ഇടയായി. ഒരാഴ്ചത്തെ ഇടവേളയ്‌ക്കു ശേഷം വീണ്ടും ലേലം ആരംഭിച്ചപ്പോൾ ഇലത്തേയിലയ്ക്കും പൊടിത്തേയിലയ്ക്കും ഉയർന്ന നിലവാരത്തിലായിരുന്നു വില. ഇലത്തേയില ഓർത്തഡോക്സ് ഹൈഗ്രോൺ ബ്രോക്കൺ: 235 – 252 രൂപ.

ഹൈഗ്രോൺ ഫാന്നിങ്സ്: 184 – 190 രൂപ. മീഡിയം ബ്രോക്കൺ: 97 –104 രൂപ. മീഡിയം ഫാന്നിങ്സ്: 85 – 90 രൂപ.

സിടിസി ബെസ്റ്റ് ബ്രോക്കൺ: 105 – 112 രൂപ. ബെസ്റ്റ് ഫാന്നിങ്‌സ്: 100 – 105 രൂപ. മീഡിയം ബ്രോക്കൺ: 88 – 92 രൂപ. മീഡിയം ഫാന്നിങ്സ്: 82 – 87 രൂപ.

പൊടിത്തേയില ഓർത്തഡോക്സ് മീഡിയം ബ്രോക്കൺ ഡസ്റ്റ്: 103 – 108 രൂപ.

സിടിസി ബെസ്റ്റ് സൂപ്പർഫൈൻ ഡസ്റ്റ്: 124 – 144 രൂപ. ബെസ്റ്റ് റെഡ് ഡസ്‌റ്റ്: 119 – 127 രൂപ. കടുപ്പം കൂടിയ ഇടത്തരം: 112 – 118 രൂപ. കടുപ്പം കുറഞ്ഞ ഇടത്തരം: 100 – 106 രൂപ.

ചുക്ക്, മഞ്ഞൾ

turmeric-manjal മഞ്ഞൾ

ചുക്കിന്റെ വിലയിൽ ഇടിവാണ് അനുഭവപ്പെട്ടത്. ചുക്ക് മീഡിയം ക്വിൻറലിനു വില 9500 രൂപ. ബെസ്റ്റ് 11,500 രൂപ. മഞ്ഞൾ വില സേലം 8700 രൂപ; ഈറോഡ് 9200 രൂപ.

ജാതിക്ക

ജിഎസ്ടിയും കയറ്റുമതിയിലെ ഇടിവും ജാതിക്കയുടെ വിലയിടിച്ചു. ജൂൺ ആദ്യം കിലോയ്ക്ക് 260 രൂപവരെ വിലയുണ്ടായിരുന്നത് ജൂലൈ പകുതിയോടെ ഗണ്യമായി താഴ്ന്നു. ജാതിക്കയുടെ അഞ്ചു ശതമാനം നികുതിനിരക്കിൽ വ്യത്യാസമൊന്നും വന്നില്ലെങ്കിലും കൂടുതൽ വ്യാപാരികൾ നികുതിപരിധിയിലേക്കു വരുന്ന അവസ്ഥയാണു പ്രശ്‌നമായത്. പലരും വ്യാപാരത്തിൽനിന്നു വിട്ടുനിന്നു. ജാതിപത്രിയുടെ ജിഎസ്ടി നിരക്ക് 28 ശതമാനമാണ്. ഇതു നേരത്തെയുണ്ടായിരുന്ന നിരക്കിന്റെ ഇരട്ടിയാണെന്നതും വിപണിയിൽ ആശങ്കയ്ക്കു കാരണമായി.

ജാതിക്ക (തൊണ്ടൻ) വില കിലോയ്ക്ക് 150 – 180 രൂപ നിലവാരത്തിൽ. തൊണ്ടില്ലാതെ 270 – 310 രൂപ. ജാതിപത്രി ചുവപ്പ് 400 രൂപയും മഞ്ഞ 550 രൂപയും.