Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവകൃഷി: മികച്ച നിയോജകമണ്ഡലത്തിന് അവാർഡ്

vegetable-farming Representative image

കൃഷിവകുപ്പ് പദ്ധതിയിലൂടെ ജൈവകൃഷിയിലേക്കു മാറിക്കൊണ്ടിരുന്നതും മാറിയതുമായ നിയോജകമണ്ഡലം, മുനിസിപ്പാലിറ്റി, കോർപറേഷൻ, പഞ്ചായത്ത് എന്നിവയ്ക്ക് അവാർഡ് നൽകുന്നു. ജൈവകൃഷിവ്യാപനം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജൈവകൃഷിയുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവാര്‍ഡ് നിർണയിക്കുന്നത്. നിയോജകമണ്ഡലാടിസ്ഥാനത്തിൽ ജൈവകാർഷിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും, ആരോഗ്യപരമായ മത്സരം പ്രോത്സാഹിപ്പിക്കുവാനും മികച്ചവയ്ക്ക് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നൽകുന്നു. അവാര്‍ഡ് തുക യഥാക്രമം 10 ലക്ഷം, 5 ലക്ഷം, 3 ലക്ഷം രൂപ.

സംസ്ഥാനതലത്തിൽ, ജൈവകൃഷി വ്യാപനത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന മുനിസിപ്പാലിറ്റികൾക്കും ജില്ലാതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തുകൾക്കും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് അവാര്‍‍ഡ് നൽകുന്നു. 3, 2, 1 ലക്ഷം രൂപയാണ് അവാർഡ് തുക. സംസ്ഥാനതലത്തിൽ കോർപറേഷനുകൾക്ക് ഒന്നാം സ്ഥാനം മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക.

ഏപ്രിൽ 2016 മുതൽ ജൂലൈ 2017 വരെയുള്ള കാലാവധിയിലെ പ്രവർത്തനങ്ങളാണ് പരിഗണിക്കുക. ജില്ലാ–സംസ്ഥാന തലത്തിൽ അവാർഡ് നിർണയ കമ്മിറ്റി കൃഷിയിടം പരിശോധിക്കും.

മികച്ച ജൈവ പഞ്ചായത്തിനുള്ള അപേക്ഷ കൃഷി ഓഫിസർ, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ശുപാർശയോടുകൂടി പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് ആഗസ്റ്റ് 25നകം സമർപ്പിക്കേണ്ടതാണ്.

കാവുകൾക്ക് സഹായം

ജില്ലയിലെ കാവുകൾ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം. തിരുവനന്തപുരം രാജീവ്ഗാന്ധി നഗറിലെ (പി.ടി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സെപ്റ്റംബർ 15 ന് മുമ്പ് അപേക്ഷ നൽകണം.

വനമിത്ര അവാര്‍ഡ്

ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം രാജീവ്ഗാന്ധി നഗറിലെ (പി.ടി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സെപ്റ്റംബർ 15 വരെ അപേക്ഷ നല്‍കാം.

നെൽകർഷകരുടെ റജിസ്ട്രേഷൻ തുടങ്ങി

ഒന്നാം വിളയുമായി ബന്ധപ്പെട്ട് നെല്ല് സംഭരിക്കുന്നതിനു വേണ്ടി നെൽകർഷകരുടെ റജിസ്ട്രേഷൻ ആരംഭിച്ചു. www.supplycopaddy.in  എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട പാഡി മാർക്കറ്റിങ് ഓഫിസുകളുമായി ബന്ധപ്പെടണം.

തടി ഉൽപാദനത്തിന് പ്രോത്സാഹനം

സ്വകാര്യ ഭൂമിയിലെ തടി ഉൽപാദനം വർധിപ്പിക്കുന്നതിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വനംവകുപ്പ് പ്രോത്സാഹന ധനസഹായം നൽകുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും അതത് ജില്ലാ സോഷ്യൽ ഫോറസ്ട്രി ഓഫീസുകളിലും www.forest.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.