Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയറ്റ്നാമിന്റെ കൃഷിപാഠം കേരളമറിയാൻ

huva മധ്യവിയറ്റ്നാമിലെ ടിയൻ ഫുവോക്കിലെ വീട്ടുമുറ്റത്ത് കുരുമുളക് ഉണക്കുന്ന ഹുവ.

അൻപത്താറുകാരിയായ ഹുവ മധ്യവിയറ്റ്നാമിലെ ടിയൻ ഫുവോക്കിലെ വീട്ടുമുറ്റത്തു കുരുമുളക് ഉണക്കുന്നത് അമേരിക്കൻ കമ്പനിക്കു വിൽക്കാനാണ്. അമേരിക്കൻ സാമ്രാജ്യത്വത്തെ വിയറ്റ്നാമിന്റെ മണ്ണിൽനിന്നോടിക്കാൻ ജീവൻ നൽകിയ അച്ഛനെയും സഹോദരനെയും മറന്നുകൊണ്ടല്ല, തങ്ങളുടെ അന്നത്തെ വീട് യുഎസിന്റെ ബോംബുവർഷത്തിൽ തകർന്നടിഞ്ഞത് ഇതേ മുറ്റത്താണെന്ന് ഓർക്കാതെയല്ല; തരിപ്പണമായ രാജ്യത്തെ വളർച്ചയിലേക്കു കൊണ്ടുവരാൻ അമേരിക്കയുടെ സാധ്യതകൾപോലും പരമാവധി പ്രയോജനപ്പെടുത്തണമെന്ന സർക്കാരിന്റെ യുക്തിപൂർവമായ നയത്തിന്റെ ഗുണഭോക്താവാണു ഹുവ.

‘കരാർ കൃഷി’ പ്രോൽസാഹിപ്പിക്കുകയാണു സർക്കാർ. പ്രാദേശിക ഭരണകൂടങ്ങളുടെ സമ്പൂർണ പിന്തുണയോടെ ഹുവയെപ്പോലെ നൂറുകണക്കിനാളുകൾ ഈ രംഗത്തുനിന്നു മാന്യമായ വരുമാനം കണ്ടെത്തുന്നു. വൻകിട വിദേശ കമ്പനികൾ 30% തുക മുൻകൂർ നൽകിയാണു വിളവ് ഓർഡർ ചെയ്യുന്നത്. വിളവു പൂർണമായും വിൽക്കപ്പെടുന്നു എന്നുറപ്പാക്കാനാകുന്നതിനാൽ ആത്മവിശ്വാസത്തോടെ കൃഷിചെയ്യാം.

‘എന്റെ കുട്ടിക്കാലത്തു പട്ടിണിയായിരുന്നു നാടെങ്ങും. ഞാൻ പിന്നീട് അധ്യാപികയായി. വിരമിച്ചശേഷം കൃഷിയിലേക്കിറങ്ങി. ഇവിടെ ഭൂമിയെല്ലാം സർക്കാരിന്റെ ഉടമസ്ഥതയിലാണ്. കൃഷിക്കായാലും വീടുവയ്ക്കാനായാലും സർക്കാരിൽനിന്നു പാട്ടത്തിനെടുക്കണം. എന്നാൽ, കുരുമുളകുകൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി എനിക്കു സൗജന്യമായാണു പാട്ടം. പുറമെ സർക്കാരിന്റെ ധനസഹായവുമുണ്ട്’. അമേരിക്ക എന്നോ ബഹുരാഷ്ട്ര കുത്തക എന്നോ ഉള്ള ലേബലുകൾ വിയറ്റ്നാമിലെ കർഷകരെ പേടിപ്പെടുത്തുന്നില്ല. അതിന്റെയൊക്കെ നേട്ടങ്ങൾ എങ്ങനെ കൈക്കലാക്കാം എന്നേ അവർ ആലോചിക്കുന്നുള്ളൂ.

ഹുവയുടെ അനുഭവം വിയറ്റ്നാമിന്റെ പുതിയ കൃഷിപാഠം, വികസനതന്ത്രം. ചരിത്രത്തിൽനിന്ന് അകന്നുനിൽക്കാതെതന്നെ, വർത്തമാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭാവിയിലേക്കു കുതിക്കണമെന്ന നയം വിജയം കണ്ടെന്നുതന്നെ പറയണം. ജനസംഖ്യയുടെ 65% പട്ടിണിക്കാരായിരുന്നു, എതാണ്ട് 20 വർഷം മുൻപ്. ഇപ്പോൾ പട്ടിണിക്കാർ എന്നു വിളിക്കാവുന്നതു വെറും മൂന്നുശതമാനം പേരെ മാത്രം.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കിണങ്ങുന്ന വിളകളാണു കൃഷിചെയ്യുക. നാണ്യവിളകളും പച്ചക്കറിയും അലങ്കാരച്ചെടികളുമൊക്കെ കരാർകൃഷിയിലൂടെ വളർന്നുല്ലസിക്കുന്നു. വിയറ്റ്നാമിന്റെ കുരുമുളക് കേരളത്തിലെ കർഷകർക്കു ഭീഷണിയായി എന്നൊക്കെ കേൾക്കുമ്പോൾ ഓർക്കുക: അവർ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയതു കാലത്തിനനുസരിച്ചു തന്ത്രം മാറ്റിയതുകൊണ്ടുകൂടിയാണ്. ഇപ്പോൾ ലോകത്ത് ആകെയുണ്ടാകുന്ന കുരുമുളകിന്റെ 34% വിയറ്റ്നാമിന്റെ വകയാണ്. വർഷം ഉൽപാദനം 1,63,000 ടൺ. ഇതിൽ 95 ശതമാനവും കയറ്റി അയയ്ക്കുന്നു; മുഖ്യമായും യുഎസ്, ഇന്ത്യ, നെതർലൻഡ്സ്, ജർമനി എന്നിവിടങ്ങളിലേക്ക്. ഇന്ത്യയിലെ ഉൽപാദനം 53,000 ടൺ മാത്രം.

കൃഷിസൗഹൃദ സർക്കാർ

സർക്കാർ ജീവനക്കാരനായ ട്രുയന്റെയും ഭാര്യ തൻഹയുടെയും ജീവിതം സുഗന്ധപൂരിതമാക്കിയതും സർക്കാരിന്റെ കൃഷിസൗഹൃദനയം തന്നെ. നെൽകൃഷിക്കു യോജിച്ചതല്ല തങ്ങളുടെ കൃഷിഭൂമിയെന്നു വ്യക്തമായപ്പോൾ അവർ പൂച്ചെടികളും അലങ്കാരച്ചെടികളും നടാൻ തീരുമാനിച്ചു. 25 ലക്ഷം രൂപയാണു വിയറ്റ്നാം അഗ്രിബാങ്ക് വായ്പ നൽകിയത്. പ്രാദേശിക ഭരണകൂടം ഇവരെപ്പോലെയുള്ള ചെറുകിട കർഷകരിൽനിന്നുമാത്രമേ പൂവും അലങ്കാരസസ്യങ്ങളും വാങ്ങൂ. റോഡ് ഡിവൈഡറുകളുടെ സൗന്ദര്യവൽക്കരണം പോലെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് അധികൃതർ ഇവരെ സഹായിക്കുന്നു. വർഷം ആറുലക്ഷം രൂപ ലാഭം നേടാൻ ഇപ്പോൾ ട്രൂയൻ–തൻഹ ദമ്പതികൾക്കു കഴിയുന്നുണ്ട്.

flower-garden മധ്യ വിയറ്റ്നാമിൽ ഡാ നാങ്ങിനടുത്ത് ട്രുയന്റെയും ഭാര്യ തൻഹയുടെയും അലങ്കാരച്ചെടിത്തോട്ടം

പുതിയ വഴി തേടണം

വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം യാഥാർഥ്യങ്ങൾക്കു പുറംതിരിഞ്ഞുനിൽക്കുന്നില്ല. പൂച്ച കറുത്തതോ വെളുത്തതോ ആകട്ടെ, എലിയെ പിടിക്കുന്നുണ്ടോ എന്നതാണു പ്രധാനമെന്നു ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ് പറഞ്ഞതു വിയറ്റ്നാം പിന്തുടരുന്നു. കാർഷിക പുരോഗതി ഉറപ്പാക്കണമെങ്കിൽ കേരളം പഠിക്കേണ്ടുന്ന പാഠം ഇതുതന്നെയല്ലേ? കൃഷി വലിയ ബാധ്യതയാണെന്നു കർഷകർതന്നെ പറയുകയും പുതിയതലമുറ കൃഷിയിൽനിന്നു പൂർണമായും അകന്നുനിൽക്കുകയും ചെയ്യുമ്പോൾ വാർഷിക ദിനാചരണങ്ങളെക്കാൾ കേരളത്തെ തുണയ്ക്കുക, ദീർഘകാല നയങ്ങളാകും. ഒരു വിളയും പാഴല്ലെന്നും വിദേശനാണ്യം പോലും നേടിത്തരാവുന്നവയാണെന്നും മനസ്സിലാക്കി പുതിയ വഴികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. കരാർകൃഷി അതിലൊന്നുമാത്രം.

ആവശ്യം കണ്ടറിഞ്ഞ് സർക്കാർ ധനസഹായം

zim-in-her-vegetable-farm കുവ ഥുവയിലെ പച്ചക്കറിത്തോട്ടത്തിൽ സിം.

യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടയാളാണു കുവ ഥുവയിലെ സിം. കൃഷിഭൂമി എട്ടുവർഷം തരിശുകിടന്നതോടെ പട്ടിണിയെ മുഖാമുഖം കണ്ട സിം സർക്കാരിന്റെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷിചെയ്യുകയാണിപ്പോൾ. അരയേക്കർ സ്ഥലം അവർക്കു സർക്കാർ നൽകിയിരിക്കുന്നതു വെറും 200 രൂപ വാർഷിക വാടകയ്ക്ക്. രാസവളങ്ങളില്ലാത്ത കൃഷിയാണ് എഴുപത്തിനാലുകാരിയായ സിമ്മിന്റേത്. ഓരോ ആളുടെയും ആവശ്യം കണ്ടറിഞ്ഞുള്ള ധനസഹായരീതിയാണിപ്പോൾ സർക്കാരിന്റേത്. പ്രാദേശിക ഭരണകൂടങ്ങളും കാർഷികവികസന ബാങ്കുമൊക്കെ ഈ രീതി  പിന്തുടരുന്നു.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുംബൈ ഹെഡ് ഓഫിസിൽ കാർഷിക ബിസിനസ് വിഭാഗം ചീഫ് ജനറൽ മാനേജരാണു ലേഖകൻ)