Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുളക്കിഴങ്ങ് വിപ്ലവം: വിജയക്കൊടി നാട്ടി വട്ടവട, കാന്തല്ലൂർ കർഷകർ

potato-farm-vattavada കൃഷിവകുപ്പിന്റെ വട്ടവടയിലെ ഉരുളക്കിഴങ്ങ് പരീക്ഷണ തോട്ടം

ഉരുളക്കിഴങ്ങ് കൃഷിയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മൂന്നാർ വട്ടവട, കാന്തല്ലൂർ മലനിരകൾ. ഉരുളക്കിഴങ്ങിന് അനുയോജ്യമായ മണ്ണും കാലാവസ്ഥയുമുള്ള ഈ മേഖലയിൽ നിലനിൽക്കുന്ന പരമ്പരാഗത കൃഷിരീതിയാണ് കൃഷിവകുപ്പ് ഊട്ടിയിലെ കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ മാറ്റിമറിക്കുന്നത്. ഇതിനായി തുടങ്ങിയ പരീക്ഷണ തോട്ടങ്ങൾ വിജയകരമായി വിളവെടുപ്പിന് പാകമായി വരുന്നു. രണ്ടു പഞ്ചായത്തുകളിലുമായി 1000 ഹെക്ടറിലാണ് കിഴങ്ങ് കൃഷിയുള്ളത്.

തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഊട്ടി ചന്തകളിൽ നിന്നും കർഷകർ നേരിട്ട് എത്തിക്കുന്ന കുഫ്രിജ്യോതി എന്ന വിത്തിനമാണ് ഇവിടെ കർഷകർ പരമ്പരാഗതമായി കൃഷിയിറക്കി വരുന്നത്. ഈയിനം വിത്തുകൾ സർക്കാർ നിരോധിച്ചതാണെന്ന് അറിയാതെയാണ് ബദൽ മാർഗങ്ങൾ അറിയാതെ ഇവ തന്നെ കൃഷിയിറക്കുന്നത്. ഈയിനത്തെ ബാധിക്കുന്ന കീടബാധ പലപ്പോഴും കർഷകർക്ക് വൻ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.

ബാക്ടീരിയൽ വിൽറ്റ്, പൊട്ടറ്റൊ സിസ്റ്റ് എന്നീ കുമിൾ രോഗങ്ങളാണ് കുഫ്രിജ്യോതി ഇനത്തിന് വിനയാവുന്നത്. മഴക്കാലത്ത് വ്യാപകമാവുന്ന ഈ കീടബാധ തടയാൻ വൻതോതിൽ കീടനാശിനി പ്രയോഗം ആവശ്യമായി വരുന്നു. ഇത് ഗുണനിലവാരത്തെയും ബാധിച്ചു. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച് (ഐസിഎആർ) നു കീഴിൽ ഊട്ടിയിലുള്ള കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് കൃഷി വകുപ്പ് ബദൽ സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചത്.

കുഫ്രിജ്യോതി വിത്തിനു പകരം രോഗപ്രതിരോധ ശേഷിയുള്ള കുഫ്രി ഹിമാലിൻ, കുഫ്രി ഗിർധാരി എന്നീ ഇനങ്ങൾ ഈ മേഖലയിൽ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനായി ഐസിഎആർ വിദഗ്ധരുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും മേൽനോട്ടത്തിൽ വട്ടവട പഞ്ചായത്തിൽ കൊട്ടാക്കമ്പൂരും കടവരിയിലുമായി മൂന്നും കാന്തല്ലൂരിൽ രണ്ടും പരീക്ഷണ തോട്ടങ്ങളാണ് സ്ഥാപിച്ചത്. അരയേക്കർ വരെ വരുന്ന ഈ തോട്ടങ്ങളിൽ യാതൊരു കീടബാധയും ഇല്ലാതെ ഇരു വിത്തിനങ്ങളും തഴച്ച് വളരുന്നു. ഈ പരീക്ഷണം വിജയമായാൽ കുഫ്രിജ്യോതിയെ പടിക്ക് പുറത്താക്കി കുഫ്രിഹിമാലിനും കുഫ്രി ഗിർധാരിയും വിളവിൽ വിപ്ലവം സൃഷ്ടിച്ച് ഇനി അഞ്ചുനാടൻ മലനിരകളെ സമൃദ്ധമാക്കും.