Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണാം നല്ലോണം; പച്ചക്കറി നാടനുണ്ട്

bitter-gourd-cultivation-vegetable മാവേലിക്കര വരേണിക്കൽ ഭാഗത്തെ പാവൽ കൃഷി.

ഇല മുറിഞ്ഞ‍ു സദ്യയ്ക്കിരുന്നോളൂ, പച്ചക്കറികൾ വീട്ടു മുറ്റത്തു തന്നെയുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾക്കു വിട പറയാം. നമ്മുടെ കർഷകർക്ക് അൽപം വില കൂടുതൽ കൊടുത്താലും വിഷം ചേരാത്ത പച്ചക്കറികൾ കൊണ്ട് ഓണമുണ്ടതിന്റെ സംതൃപ്തിയിൽ വയറും തടവി സുഖമായുറങ്ങാം.

വിളഞ്ഞു പാകമാകാൻ ഈ നാടുകൾ

ആലപ്പുഴ ജില്ലയിലെ കടക്കരപ്പള്ളി, പട്ടണക്കാട്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, എഴുപുന്ന, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, നൂറനാട്, ഭരണിക്കാവ്, വള്ളികുന്നം, ചുനക്കര, പാലമേൽ, തഴക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണം ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷി വലിയ തോതിൽ നടക്കുന്നത്.

മൂന്നു ലക്ഷം വിത്തും തൈയും

ജില്ലയിൽ 3.40 ലക്ഷം പച്ചക്കറി വിത്തും 3.70 ലക്ഷം പച്ചക്കറിത്തൈകളും കൃഷി വകുപ്പു കർഷകർക്കു വിതരണം ചെയ്തു. ചീര, വെണ്ട, മുളക്, പയർ തുടങ്ങിയവയാണു കൃഷിവകുപ്പു നൽകിയത്. ഇതിനു പുറമേ കർഷകർ സ്വന്തമായി കണ്ടെത്തിയതും വാങ്ങിയതുമായ പച്ചക്കറികളും ഓണവിപണിയിലെത്തും.

1263 ഹെക്ടറിൽ 283 ടൺ

ഓണവും കാത്തു ജില്ലയിലാകെ 1263 ഹെക്ടർ കൃഷിഭൂമിയിലാണ് ഇത്തവണ പച്ചക്കറി പൊടിപൊടിക്കുന്നത്. ഉത്രാടത്തിനുള്ളിൽ 283 ടൺ ശുദ്ധജൈവ പച്ചക്കറി ചന്തയിലെത്തും.

ഇവ നാടൻ കിട്ടില്ല

സവാള, ക്യാരറ്റ്, കോളിഫ്ലവർ, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയവ മാത്രം ഇത്തവണ പുറത്തുനിന്നു വാങ്ങേണ്ടിവരും.

ജില്ലയിൽ 124 ചന്തകൾ

ഓണത്തിനു ജില്ലയിൽ സർക്കാരിന്റെ മേൽനോട്ടത്തിൽ 124 ചന്തകളാണു തുറക്കുക. ഹോർട്ടികോർപ്– 65ചന്തകൾ, വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിൽ– 10, കൃഷി വകുപ്പ് – 49.

ഇവിടെ കൃഷി ഇതുവരെ

banana മാന്നാറിലെ വിപണിയിലെത്തിയ ഏത്തക്കുലകൾ

കഞ്ഞിക്കുഴി : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള വിളവെടുപ്പിനു കാലതാമസമുണ്ട്. സ്വാശ്രയ സംഘങ്ങൾ, കർഷക സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള കൃഷി വിളവെടുപ്പു തുടങ്ങി. പാവൽ, പടവലം, പീച്ചിൽ, വെണ്ട, പയർ എന്നിവ ധാരാളമുണ്ട്.

എടത്വ : വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിൽ റജിസ്റ്റർ ചെയ്ത നൂറ‍ിലേറെ കർഷകർ പച്ചക്കറി വിളവെടുപ്പു തുടങ്ങി. പയർ,പാവൽ,വഴുതന, പച്ചമുളക്, കോവൽ, വെള്ളരി തുടങ്ങിയവയുണ്ട്. ഓണ വിപണിക്കായി കൃഷി ചെയ്ത ഏത്തവാഴകൾ മുൻപേ വിളഞ്ഞത് ഓണക്കാലത്തിനു തിരിച്ചടിയാകും. നാടൻ വിലയിങ്ങനെ: ഏത്തക്കായ – 70 രൂപ, പാളയങ്കോടൻ– 40 രൂപ, ഞാലിപ്പൂവൻ– 70 രൂപ.

ഓണാട്ടുകര: മേഖലയിൽ കടുത്ത വേനലിൽ കൃഷി നാശം നേരിട്ട കർഷകർ പ്രതീക്ഷയോടെയാണ് ഓണക്കൃഷി നടത്തുന്നത്. ഓഗസ്റ്റ് അവസാന ആഴ്ച വിളവെടുക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. തെക്കേക്കര, തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിലാണു പ്രധാന കൃഷി.

അപ്പർകുട്ടനാട് : മധ്യതിരുവിതാംകൂറിൽ ഓണവിപണി സജീവമാണ്. നേന്ത്രക്കായയും അവയുടെ ഉൽപന്നങ്ങളുമാണ് ഇക്കുറിയും പ്രധാനം. ഒരു കിലോ പച്ച ഏത്തക്കായ്ക്കു 70 രൂപയും വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉപ്പേരിക്കു 320 രൂപയുമാണു വില. വയനാടൻ ഏത്തയ്ക്കായാണു കൂടുതലായി എത്തിയത്. നാടൻ ഏത്തക്കായ്ക്കു 90 രൂപ വരെ വിലയുണ്ട്.

കുട്ടനാട് : വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിൽ രാമങ്കരി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതിയിലെ അംഗങ്ങൾ നെടുമുടി, രാമങ്കരി, ചമ്പക്കുളം, മുട്ടാർ, പുളിങ്കുന്ന് പഞ്ചായത്തുകളിൽ കൃഷിയിറക്കിയിട്ടുണ്ട്. 12 ഗ്രൂപ്പുകളാണു സമിതിയിൽ ഉള്ളത്. പാടത്തിന്റെ കളങ്ങളിലും മറ്റുമാണു കൃഷി. രണ്ടാം കൃഷി സമയമായതിനാൽ മഴയും ജലലഭ്യതയും ഉള്ളതിനാൽ പയറാണു പ്രധാന വിള. പടവലം, പാവൽ, വെണ്ട, വെള്ളരി തുടങ്ങിയവയുമുണ്ട്.

ജീവിതം പച്ച പിടിപ്പിച്ച പച്ചക്കറികൾ

farmer-biju-plantain-farm ബിജു ഏത്തവാഴ കൃഷിയിടത്തിൽ.

വള്ളികുന്നം പുത്തൻ വീട്ടിൽ ബിജുവിനു പച്ചക്കറികൾ ഒരു കൈത്താങ്ങാണ്. കാലിനു സ്വാധീനക്കുറവുള്ള ബിജു ഓണത്തിനു പച്ചക്കറികൾ വിപണിയിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ഭാര്യ ശ്രീജ, മക്കളായ അനില, അഖില എന്നിവർ സഹായികളായി ഒപ്പമുണ്ട്. നടക്കാൻ പ്രയാസമുള്ളതിനാൽ ഒരു കൈയിൽ ഊന്നുവടിയുമായാണു കൃഷിയിടത്തേക്കു ബിജുവിന്റെ യാത്ര. ചെറുപ്പം മുതൽ കൃഷിയിൽ തൽപരനാണ്. നെൽകൃഷിയാണു മുഖ്യം.

വള്ളികുന്നം ഗ്രാമപ‍ഞ്ചായത്തിന്റെ നിർദേശപ്രകാരമാണ് ഓണത്തിനു ഒരുമുറം പച്ചക്കറി പദ്ധതിയിൽ സഹകരിക്കാൻ തീരുമാനിച്ചത്. വള്ളികുന്നം കൃഷി ഓഫിസിൽ നിന്നും മറ്റു കൃഷിയിടങ്ങളിൽ നിന്നും വിത്തുകൾ ശേഖരിച്ചു. വള്ളികുന്നം പുഞ്ചയിലും വീട്ടുവളപ്പിലുമായി കൃഷിയിടങ്ങളാക്കി. അൻപതു സെന്റ് പാട്ടത്തിനെടുത്ത് ഏത്തവാഴ നട്ടു. കൃഷിയിടത്തിൽ നിന്ന് ഓണത്തിനു ഏത്ത വാഴക്കുലയും പടവലം, പാവൽ, പയർ ഉൾപ്പടെയുള്ള ജൈവപച്ചക്കറികളും എത്തുമെന്നു ബിജു പറയുന്നു.