Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലിരിക്കാം, വിദൂരത്തു വിൽക്കാം

e-nam

ദേശീയ ഇലക്ട്രോണിക് കാർഷിക വിപണിയുടെ (ഇ–നാം) ഭാഗമാകാൻ കേരളവും സന്നദ്ധമെന്ന് കാർഷിക – കർഷകക്ഷേമ വകുപ്പുമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃഷിക്കാർക്കും കർഷക കമ്പനികൾക്കുമൊക്കെ രാജ്യമെമ്പാടുമുള്ള വിപണികളുമായി വിപണനം നടത്താൻ സാധിക്കുന്നത് നല്ലതുതന്നെ. ഭാവിയിൽ രാജ്യാന്തര വിപണിയിലേക്കു പ്രവേശിക്കുന്നതിനുള്ള ആദ്യപടിയായും ഇതിനെ കാണാം. സംസ്ഥാനത്തെ ആറ് മൊത്തവ്യാപാരകേന്ദ്രങ്ങളെ ഈ വിപണിശൃംഖലയുടെ ടെർമിനലുകളാക്കിയാവും ഇ–നാമിൽ നാം ഇടം കണ്ടെത്തുക. നെടുമങ്ങാട്, ആനയറ, മരട്, മൂവാറ്റുപുഴ, വേങ്ങേരി, ബത്തേരി എന്നിവയാണവ. ഈ സംവിധാനം കേരളത്തിലെ കൃഷിക്കാർക്ക് എങ്ങനെ പ്രയോജനപ്പെടുമെന്നും ഇത് നടപ്പാക്കുന്നതിലെ വെല്ലുവിളികൾ ഏതൊക്കെയാണെന്നും മനസ്സിലാക്കണമെങ്കിൽ ഇ–നാമിന്റെ പ്രവർത്തനം മനസ്സിലാക്കേണ്ടതുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

മറ്റ് സംസ്ഥാനങ്ങളിൽ കാർഷികോൽപന്നങ്ങളുടെ വിപണനം എപിഎംസി (അഗ്രിക്കൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി) വിപണികൾ വഴി മാത്രമായി നിയന്ത്രിക്കപ്പെട്ടിരുന്നു. അവയുടെ പ്രവർത്തനം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയാണ് ഇ–നാം ഇപ്പോൾ. ഓരോ വിപണിയിലും ഒന്നോ രണ്ടോ ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയാണ് ഈ സംവിധാനത്തിന് തുടക്കം കുറിച്ച കർണാടകയിൽ കണ്ടത്. കൃഷിക്കാർ നിശ്ചിത ദിവസം ഉൽപന്നങ്ങളുമായി വിപണി കവാടത്തിലെത്തുന്നു. അവിടെ ഉൽപന്നങ്ങളുടെ അളവും നിലവാരവും കൃഷിക്കാരന്റെ പേരും ഉൽപന്നം ഏൽപിക്കുന്ന കമ്മീഷൻ ഏജന്റിന്റെ പേരും നൽകി ചരക്ക് റജിസ്റ്റർ ചെയ്ത് സ്ലിപ് വാങ്ങണം. ഉൽപന്നങ്ങൾ നിശ്ചിത ലോട്ടുകളായി തിരിച്ച് നമ്പരിട്ട ലോട്ടുകളാണ് നൽകുക. വിപണിയിലെത്തിയ ചരക്കിനെ നിലവാരമനുസരിച്ച് പല ഗ്രേഡുകളായി തരം തിരിക്കാനുള്ള സംവിധാനവും വിപണികളിലുണ്ടായിരിക്കും. ഇപ്രകാരം നമ്പരിട്ട ലോട്ടുകൾ കമ്മീഷൻ ഏജന്റുമാരെ ഏൽപിക്കുന്നതോടെ കൃഷിക്കാരുടെ ചുമതല അവസാനിക്കുന്നു. വിപണിയിലെത്തിയ എല്ലാ ലോട്ടുകളുടെയും തൂക്കവും നിലവാരവും ഇലക്ട്രോണിക് രൂപത്തിൽ എല്ലാവർക്കും ലഭ്യമാക്കും. വിപണിക്കുള്ളിലെ കച്ചവടക്കാർക്ക് ലോട്ടുകളുടെ സാമ്പിൾ നേരിട്ടു പരിശോധിച്ച് നിലവാരം ഉറപ്പാക്കുകയുമാവാം.

റജിസ്റ്റർ ചെയ്ത വിവരങ്ങൾ ഇന്റർനെറ്റിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് സ്വന്തം കംപ്യൂട്ടർ സ്ക്രീനിൽ കാണാനാവും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ലോട്ടിനും നൽകാവുന്ന വില വ്യാപാരികൾക്ക് സ്വന്തം ഓഫിസിലിരുന്ന് രേഖപ്പെടുത്താം. വൈകുന്നേരം വരെ ഇപ്രകാരം വില രേഖപ്പെടുത്താൻ അവസരമുണ്ടായിരിക്കും. ലേലത്തിന്റെ സമയം അവസാനിക്കുമ്പോൾ ഓരോ ലോട്ടിനും രേഖപ്പെടുത്തിയ കൂടിയ വില കംപ്യൂട്ടർ പ്രഖ്യാപിക്കുകയും അതിന്റെ ഉടമസ്ഥനായ കൃഷിക്കാരനു വില രേഖപ്പെടുത്തിയ മൊബൈൽ സന്ദേശം അയയ്ക്കുകയും ചെയ്യും. വില സ്വീകാര്യമെങ്കിൽ കൃഷിക്കാരനു കച്ചവടം ഉറപ്പിക്കാം. അല്ലാത്തപക്ഷം അടുത്ത കച്ചവടദിവസത്തേക്ക് ചരക്ക് മാറ്റിവയ്ക്കും. ഉറപ്പിച്ച ഇടപാടുകളിൽ ബില്ല് തയാറാക്കുകയും അതനുസരിച്ചുള്ള തുക ഉടൻ കൃഷിക്കാരനു കൈമാറുകയും ചെയ്യുന്നു.

കേരളത്തിൽ ഏതൊക്കെ കൃഷിക്കാർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നതാണ് നാം ആലോചിക്കേണ്ടത്. മൊത്തവിപണിയിൽ ചരക്ക് എത്തിക്കാൻ മാത്രം ഉൽപാദനമുള്ള ഏതൊക്കെ വിളകളാണ് നമുക്കുള്ളത്? പൈനാപ്പിൾ, നാളികേരം, അടയ്ക്ക, നേന്ത്രൻ, സുഗന്ധവ്യഞ്ജനങ്ങൾ, മരച്ചീനി എന്നിവ ഉൽപാദിപ്പിക്കുന്ന കർഷകർക്ക് മാത്രമേ ഇവിടെ വിപണി ആഗ്രഹിക്കുന്ന തോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം സാധ്യമാകൂ. അവയിൽ പലതും സംസ്ഥാനത്തുതന്നെ ഉപഭോഗത്തിനു തികയുന്നില്ലെന്നതും പ്രസക്തമായ വസ്തുതയാണ്. നെല്ലിനു നിലവിലുള്ള സംഭരണസംവിധാനം മതിയാകും. റബറിനു ലേലസമ്പ്രദായം 

അനുവദിക്കുകയാണെങ്കിൽ കൃഷിക്കാർക്ക് പ്രയോജനം ചെയ്തേക്കാം. പൈനാപ്പിൾ, നേന്ത്രക്കുല എന്നിവയുടെ വിപണികളിൽ ശീതീകൃത സംഭരണസംവിധാനവും വേണ്ടിവരും. ഇപ്പോൾ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന കാർഷിക മൊത്തവ്യാപാരകേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭ്യമാണെന്നറിയുന്നു. അന്യസംസ്ഥാനങ്ങളുമായി മാത്രമല്ല സംസ്ഥാനത്തെ ജില്ലകൾ തമ്മിലും വിദേശരാജ്യങ്ങളിലേക്കുമൊക്കെ ഇടപാടുകൾ നടത്താവുന്ന രീതിയിൽ ഇ–നാം വളരുമെന്ന് പ്രതീക്ഷിക്കാം. അഞ്ചു ടൺ പൈനാപ്പിൾ ഗൾഫിലെ ഹോട്ടൽ ശൃംഖലയ്ക്ക് വിറ്റതായി വാഴക്കുളത്തെ പൗലോസും രണ്ടു ടൺ നേന്ത്രക്കുല കൊൽക്കത്തയിലെ മലയാളി അസോസിയേഷൻ വാങ്ങിയെന്നു വയനാട്ടിലെ നാരായണനുമൊക്കെ പറയുന്ന കാലം അടുത്തു വരികയാണെന്നു സാരം.