Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാമ്പൂവിനെ വെല്ലാൻ കൃഷ്ണതുളസി

onam-flower-thulasi തുളസി

ഗ്രാമ്പൂ, കറുവ കൃഷിക്കാർ ശ്രദ്ധിക്കുക. നിങ്ങളുടെ തോട്ടത്തിൽ ഇടവിളയായെങ്കിലും കൃഷ്ണതുളസി വളർത്തുന്നതിനെക്കുറിച്ചു ചിന്തിച്ചുകൊള്ളൂ! ഗ്രാമ്പൂവിന്റെ ഗുണങ്ങൾക്ക് അടിസ്ഥാനം അതിലെ യൂജിനോൾ എന്ന തൈലമായിരുന്നു. പല്ലുവേദന ശമിപ്പിക്കാൻ ഗ്രാമ്പൂവിനും ഭക്ഷണത്തിന്റെ ഗുണവും മണവും മെച്ചപ്പെടുത്താൻ കറുവപ്പട്ടയ്ക്കുമൊക്കെ സാധിക്കുന്നത് ഈ തൈലത്തിന്റെ ബലത്തിലായിരുന്നു. സൂക്ഷ്മജീവികളെ തുരത്തി അണുബാധ തടയാനുള്ള യൂജിനോളിന്റെ കഴിവ് ദന്തഡോക്ടർമാർ ഏറെ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ ഇപ്പോൾ തുളസിയിൽനിന്നും കുറഞ്ഞ ചെലവിൽ യൂജിനോൾ വേർതിരിക്കാമെന്ന് നമ്മുടെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. രാജ്യാന്തരവിപണിയിൽ നൂറു മില്ലി യൂജിനോളിനു 40 ഡോളറാണ് വില. എന്നാൽ ഗുജറാത്തിലെ ആനന്ദിലുള്ള ഡയറക്ടറേറ്റ് ഒഫ് മെഡിസിനൽ ആൻഡ് അരോമാറ്റിക് പ്ലാന്റ്സിലെ ഗവേഷകർ ഉയർന്ന അളവിൽ യൂജിനോൾ അടങ്ങിയ ഒരിനം കൃഷ്ണതുളസി കണ്ടെത്തി. താരതമ്യേന കുറഞ്ഞ ചെലവിൽ യൂജിനോൾ ഉൽപാദിപ്പിക്കാൻ ഇതു സഹായിക്കുമെന്ന് ഗവേഷകസംഘം തലവൻ പരമേശ്വർ ലാൽ സരൻ പറഞ്ഞു. ഒരു ഹെക്ടറിൽ കൃഷി ചെയ്ത ഈയിനം തുളസിയിൽനിന്ന് 67 കിലോ യൂജിനോൾ കിട്ടിയതായും അദ്ദേഹം വ്യക്തമാക്കി. ഡോസ്–1 എന്നാണ് ഈയിനം തുളസിക്ക് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. അതേസമയം ഒരു ഹെക്ടറിലെ ഗ്രാമ്പൂവിൽനിന്ന് പരമാവധി 20 കിലോ യൂജിനോളാണ് വേർതിരിക്കാനാവുക.

clove-spice ഗ്രാമ്പൂ

കർമസേനയെന്ന സ്റ്റാർട്ടപ്പ്

അഗ്രി സ്റ്റാർട്ടപ്പുകൾ ഫാഷനായി മാറുന്നു. ഇഎം3 അഗ്രി സർവീസസ് എന്ന പുതുതലമുറ സംരംഭത്തിന്റെ കഥ കേട്ടോളൂ. എയർടെല്ലിന്റെ മുൻ സിഇഒ റോഹ്താഷ് മാലും മകൻ അദ്വൈത മാലും ചേർന്ന് നാലു വർഷം മുമ്പ് തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ത്യയിലെ കാർഷികമേഖലയെ മാറ്റിമറിക്കുമെന്നാണ് അവകാശവാദം. ഗ്ലോബൽ ഇന്നവേഷൻ ഫണ്ടിൽ‌നിന്നും ഒരു കോടി ഡോളറിന്റെ നിക്ഷേപവും അവർ നേടിയതായി വാർത്തയുണ്ട്. ഇനി എന്താണവർ ചെയ്യുന്നതെന്നു കേട്ടോളൂ. വിവിധ കാർഷിക ജോലികൾ യന്ത്രസഹായത്തോടെ ചെയ്തു കൊടുക്കും. അതായത് നിലമൊരുക്കൽ, വിത, വിളപരിപാലനം, വിളവെടുപ്പ് എന്നീ ജോലികൾ. ചെയ്യുന്ന ജോലിക്ക് മണിക്കൂർ അഥവാ ഏക്കർ അടിസ്ഥാനത്തിലാവും കൂലി ഈടാക്കുക. മനുഷ്യാധ്വാനത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ കാർഷികമേഖലയെ യന്ത്രസഹായത്തോടെ ആധുനികവൽക്കരിക്കുകയാണ് ലക്ഷ്യം. നിലമൊരുക്കാൻ ഏക്കറിന് 1500 രൂപ, ഞാറ്റടി തയാറാക്കാൻ 3500 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഫീസ് നിരക്കുകൾ. മധ്യപ്രദേശിൽ സേവനം ആരംഭിച്ച കമ്പനി വൈകാതെ രാജസ്ഥാനിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമത്രെ. തങ്ങളുടെ സേവനം സ്വീകരിച്ച 35,000 കൃഷിക്കാരിൽ 90 ശതമാനവും വീണ്ടും സേവനം സ്വീകരിക്കാൻ സന്നദ്ധരായെന്നും ഇഎം3 അവകാശപ്പെടുന്നു. സംഗതിയൊക്കെ നല്ലതുതന്നെ. പക്ഷേ, ഇതൊക്കെ തന്നെയല്ലേ നമ്മുടെ അഗ്രോ സർവീസ് സെന്ററുകളും കാർഷിക കർമസേനയുമൊക്കെ ചെയ്യുന്നതും. സർക്കാർ എന്ന ഫണ്ടിങ് ഏജൻസി സ്പോൺസർ ചെയ്യുന്ന അഗ്രി സ്റ്റാർട്ടപ്പുകൾതന്നെ അവയും. കോർപറേറ്റ് പരിവേഷം ഇല്ലെന്നു മാത്രം.

ജാതിക്കു വെല്ലുവിളികൾ

ഉയർന്ന വില മൂലം ഇന്ത്യയിൽനിന്നുള്ള ജാതിക്കാ പരിപ്പിനു രാജ്യാന്തരവിപണിയിൽ ഡിമാൻഡ് കുറയുന്നു. കഴിഞ്ഞ വർഷം കയറ്റുമതി 25 ശതമാനം വർധിച്ചതിനെ തുടർന്ന് 236 കോടി രൂപയുടെ വിദേശനാണയമാണ് നമുക്ക് ജാതിക്ക നേടിത്തന്നത്. ഇന്തൊനീഷ്യ വില ഉയർ‍ത്തിയതായിരുന്നു ഈ നേട്ടത്തിനുള്ള പ്രധാന കാരണം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ നേരേ വിപരീതമായി. ഇന്ത്യൻ ജാതിക്കയുടെ വില 7300 ഡോളറായി ഉയർന്നു. ഇന്തൊനീഷ്യൻ ജാതിക്കയുടെ വിലയെക്കാൾ 500 ഡോളർ കൂടുതൽ. ഇവിടെ നിന്നു കൂടുതലായി ചരക്കെടുത്തിരുന്ന ചൈന ഇന്തൊനീഷ്യൻ ഉൽപന്നത്തോട് താൽപര്യം കാണിക്കുകയാണത്രെ. ഇതേത്തുടർന്ന് ആഭ്യന്തരവിപണിയിൽ ജാതിക്കയുടെ വില താഴുകയാണ്. കിലോയ്ക്ക് 350 രൂപ മാത്രമാണ് ഇപ്പോൾ കൃഷിക്കാർക്ക് കിട്ടുന്നത്. ജിഎസ്ടിയുടെ പേരിലുള്ള ആശയക്കുഴപ്പങ്ങളും ഈ വിളയുടെ വിപണിയെ ബാധിച്ചു. ജിഎസ്ടി നിരക്ക് എത്രയാകുമെന്നു നിശ്ചയമില്ലാതെ വ്യാപാരികൾ വിപണിയിൽനിന്ന് വിട്ടുനിന്നതായിരുന്നു തുടക്കത്തിൽ പ്രശ്നം. ഇപ്പോൾ ഇത് അഞ്ച് ശതമാനമാണെന്നു തീരുമാനമായിട്ടുണ്ട്. എന്നാൽ കയറ്റുമതിക്കാർക്ക് ഇൻപുട്ട് ക്രെഡിറ്റ് കിട്ടുന്നില്ലെന്നത് ജാതിക്കാവിപണിയുടെ ഉത്സാഹം കെടുത്തുകയാണ്.

പൊള്ളുന്ന പഴംവിപണി

crop-banana-fruit

വാഴപ്പഴത്തിന്റെ വിലയാണ് ഇപ്പോൾ ചർച്ചാവിഷയം. കൽപറ്റയൊഴികെ സംസ്ഥാനത്തെ എല്ലാ വിപണികളിലുംതന്നെ നേന്ത്രപ്പഴത്തിന് 60 രൂപയിലധികം വില കിട്ടി. ഉൽപാദനകേന്ദ്രമായ വയനാട്ടിൽ 50 രൂപ മാത്രമായിരുന്നു ഇതേ കാലഘട്ടത്തിലെ വില. കഴിഞ്ഞ വേനലിലുണ്ടായ വിളനാശത്തിന്റെ പരിണിതഫലം കൂടിയാണിതെന്നു കരുതാം. എന്നാൽ നേന്ത്രനെക്കാളും വിലയും ഡിമാൻഡും ഞാലിപ്പൂവനായിരുന്നു. നാടൻ ഞാലിപ്പൂവൻ ആകെ മൂന്നു വിപണികളിൽ മാത്രമാണുണ്ടായിരുന്നത്– കൽപറ്റയിലും മഞ്ചേരിയിലും പാലക്കാട്ടും. പാലക്കാട് 60 രൂപ വിലയുള്ളപ്പോൾ മറ്റ് രണ്ട് സ്ഥലങ്ങളിലും ഞാലിപ്പൂവന്റെ വില 45 രൂപയായിരുന്നു. അതേസമയം നാടൻ കായ്കൾ കിട്ടാനില്ലാതിരുന്ന മറ്റു വിപണികളിൽ ഈയിനം പഴം ഉപഭോക്താക്കളെ കണ്ണീരണിയിച്ചു. ആലപ്പുഴ–78, ആലുവ–82, കോട്ടയം–82, എറണാകുളം–78 എന്നിങ്ങനെ പോയി വരവുഞാലിപ്പൂവന്റെ വില. എന്നാൽ വരവ് കായ്കൾക്ക് റിക്കാർഡ് വില കിട്ടിയത് തിരുവനന്തപുരം ചാല വിപണിയിലാണ്– 90 രൂപ. നാടൻ കായ്കളുണ്ടായിരുന്ന കൽപറ്റയിൽ വരവ് ഞാലിപ്പൂവന് ഒരു രൂപ കുറഞ്ഞ് 44 രൂപയായിരുന്നു വില. നാടൻ പാളയൻകോടൻ ആലുവ, കൽപറ്റ, മഞ്ചേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. വില 34–36 രൂപ.

വായിക്കാം ഇ - കർഷകശ്രീ

പൈനാപ്പിൾ ഉൽപാദനകേന്ദ്രമായ വാഴക്കുളത്ത് 28 രൂപയായിരുന്നു മൊത്തവില. എന്നാൽ സംസ്ഥാനത്തെ ഇതരവിപണികളിൽ ഇത് 32നും 46നും ഇടയിലായിരുന്നു. ഇഞ്ചിയുടെ വിലയിലാണ് സംസ്ഥാനത്ത് ശ്രദ്ധേയമായ സ്ഥലഭേദം പ്രകടമായത്. ആലപ്പുഴയിൽ 30 രൂപ മാത്രം പച്ച ഇഞ്ചിക്കു വിലയുള്ളപ്പോൾ തൊട്ടടുത്ത കൊല്ലത്ത് അതേ ദിവസം 60 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയുടെ മറ്റ് സമീപജില്ലകളായ എറണാകുളത്ത് 55 രൂപയും കോട്ടയത്ത് 52 രൂപയുമായിരുന്നു അന്നത്തെ ഇഞ്ചിവില. പാവയ്ക്കയുടെ വില എല്ലാ ജില്ലകളിലും 40–50 രൂപ നിരക്കിലായിരുന്നു. ചേനയ്ക്ക് ഏറ്റവും വില കിട്ടിയത് എറണാകുളത്താണ് – 40 രൂപ. അതേദിവസം പാലക്കാട്ട് ചേനയുടെ വില 27 രൂപ മാത്രവും. കൊല്ലത്ത് 25 രൂപ വില കിട്ടിയ കപ്പയ്ക്ക് എറണാകുളത്ത് 16 രൂപ മാത്രം കിട്ടിയതും ശ്രദ്ധേയമായി.