Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണില്ലാ നടീൽ മിശ്രിതം വാങ്ങാൻ നല്ല തിരക്ക്

planting-mixture-cmfri സിഎംഎഫ്ആർഐക്കു കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ച മണ്ണില്ലാ നടീൽ മിശ്രിതം വാങ്ങാനെത്തിയവർ.

മണ്ണില്ലാ നടീൽ മിശ്രിതത്തിനു നഗരവാസികളുടെ വരവേൽപ്. കൊച്ചി കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിനു (സിഎംഎഫ്ആർഐ) കീഴിലെ കൃഷി വിജ്ഞാന കേന്ദ്രം (കെ വികെ) വികസിപ്പിച്ച, മണ്ണിനു പകരമായി ഉപയോഗിക്കാവുന്ന പോഷക സമ്പുഷ്ടമായ നടീൽ മിശ്രിതം പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച വിപണ മേളയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണു മിശ്രിതം വാങ്ങിയത്. 5000ത്തോളം പായ്ക്കറ്റുകൾക്കു മുൻകൂർ ബുക്കിങ് ലഭിച്ചിട്ടുണ്ട്.

നഗരപ്രദേശങ്ങളിൽ ജൈവകൃഷി ചെയ്യുന്നവർക്ക് അനുഗ്രഹമാണു പുതിയ നടീൽ മിശ്രിതം. നല്ല മണ്ണു കിട്ടാത്ത നഗരത്തിൽ പോഷകമൂല്യം കൂടിയ മണ്ണില്ലാ മിശ്രിതത്തിന്റെ 10 കിലോഗ്രാമിന്റെ ഒരു പാക്കിൽ ഗ്രോബാഗ് ഇല്ലാതെ നേരിട്ടു കൃഷി ചെയ്യാം.

ഒരു പായ്ക്കറ്റിൽ ഒരു തൈ മാത്രം. മിശ്രിതം വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദനം നടത്താൻ താൽപര്യമറിയിച്ചും ആളുകളെത്തി. ഇവർക്കു കൃഷി വിജ്ഞാന കേന്ദ്രത്തിനു കീഴിൽ പരിശീലനം നൽകും. താൽപര്യമുള്ള സ്വയം സഹായക സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും കെവികെയെ സമീപിക്കാം.

വേപ്പെണ്ണ, വേപ്പിൻ പിണ്ണാക്ക്, വിവിധ ജൈവവളങ്ങൾ, പച്ചക്കറി വിത്തുകൾ, ജൈവകീടിനാശിനി തുടങ്ങി കെവികെയുടെ മറ്റ് ഉൽപന്നങ്ങൾ വാങ്ങാനും മേളയിൽ തിരക്കനുഭവപ്പെട്ടു.

കെവികെ വിപണന കേന്ദ്രം സിഎംഎഫ്ആർഐയിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ട്.

26നു വീണ്ടും വിപണമേള നടത്തുമെന്നു കെവികെ മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ അറിയിച്ചു. സംരംഭകത്വ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരും മിശ്രിതം ആവശ്യമുള്ളവരും 8281757450 എന്ന നമ്പരിൽ വിളിക്കണം.