Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷിയിലെ കണക്കുകൂട്ടൽ

സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ ആദ്യം ചെയ്യുന്നത്, തങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള വാഴകൾക്കും  പച്ചക്കറികൾക്കും  വേണ്ട വെള്ളവും വളവും നൽകി പരിപാലിക്കുക എന്നതാണ്.  കൃഷിരീതികളും  വിളകളുടെ വളർച്ചയുമെല്ലാം അവർ ബുക്കിൽ രേഖപ്പെടുത്തും. രണ്ടാഴ്ചകൂടുമ്പോൾ ഉള്ള കാർഷിക ക്ലബ് യോഗത്തിൽ ഇവർ ഇത്  ചർച്ച ചെയ്യും. ക്ലാസുകളിലെ പാഠങ്ങൾക്കൊപ്പം ക്ലാസിന് പുറത്തുള്ള കൃഷിപാഠവും  കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ  സ്കൂളിലെ കുട്ടികൾക്ക് ഏറെ രസകരവും ആഹ്ലാദകരവുമാണ്.

സ്കൂളിനോട് ചേർന്നുള്ള ഒരേക്കർസ്ഥലത്താണ് കുട്ടികൾ പിടിഎയുടെയും അധ്യാപകരുടയും സഹകരണത്തോടെ കൃഷിനടത്തുന്നത്. നേന്ത്രവാഴ, കരനെൽ, വിവിധയിനം പച്ചക്കറികളായ പയർ,പാവൽ, പടവലം, വഴുതന തുടങ്ങിയവയും ഇവിടെ കൃഷിചെയ്യുന്നു.   കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷികൾ നടത്തുന്നത്. കൃഷി വകുപ്പിൽനിന്ന് ലഭിച്ച നേന്ത്രവാഴയാണ് കൃഷി ചെയ്തത്. ഇത് ഇപ്പോൾ വളർന്ന് വലുതായിരിക്കുന്നു.

സ്കൂളിനോട് ചേർന്നുള്ള കുളത്തിലെ വെള്ളമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നത്. ജൈവവളവും ചാണകവും കൃഷിക്ക് ഉപയോഗിക്കുന്നു. സ്കൂളിന്റെ മറ്റൊരുഭാഗത്ത് കരനെൽകൃഷിനടത്തുന്നു. ഏകദേശം ഇരുപത് സെന്റ് സ്ഥലം ഇതിന് നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വിപുലമായ കരനെൽകൃഷി നടത്തിയതിന്റെ അനുഭവവും ഇവർക്കുണ്ട്. നെല്ല് വളർന്ന് ഇപ്പോൾ കതിർപ്രായമായിരിക്കുന്നു.പഴയകാലകർഷകരുമായി കൂടികാഴ്ചനടത്തുകയും കൃഷിയിടങ്ങൾ സന്ദർശിക്കുകയും ചെയ്തശേഷമായിരുന്ന കുട്ടികർഷകർ കൃഷിഭൂമിയിലേക്ക് ഇറങ്ങിയത്. 

പല കർഷക തൊഴിലാളികളും സ്കൂളിലെത്തി തങ്ങളുടെ അനുഭവം പങ്കിടുകയും കൃഷിക്ക് വേണ്ട മാർഗനിർദ്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. നൂറോളം ചാക്കുകളിൽ മണ്ണുംജൈവവളവും നിറച്ചാണ് പച്ചക്കറി കൃഷി നടത്തുന്നത്. കൃഷിഭവനിൽനിന്ന് ലഭിച്ച വിത്തുകളും പ്രാദേശികമായി സ്വരൂപിച്ച വിത്തുകളുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പച്ചക്കറി വിളകളെല്ലാ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മിച്ചമുള്ളത് ആവശ്യക്കാർക്ക് കൊടുക്കും. വിഷരഹിത പച്ചക്കറികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുയർത്തി നടത്തുന്ന കൃഷിപാഠം പലകുട്ടികളും വീടുകളിലേക്കും  വ്യാപിപ്പിക്കുന്നുണ്ട്.

പച്ചക്കറികളിൽ സ്വയംപര്യാപ്തമായ വീടും വിദ്യാലയവുമെന്ന  മുദ്രാവാക്യത്തിന് അടിസ്ഥാനമിടുകയാണ് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ സ്കൂൾ. കൂടരഞ്ഞി കൃഷിഭവനിലെ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ച് വേണ്ട മാർഗനിർദ്ദേശം നൽകുന്നുണ്ട്. പഠനത്തിന്റെ ഇടവേളകളിലും ഒഴിവ് ദിനങ്ങളിലും ഈ സ്കൂളിലെ കുട്ടികളും അധ്യാപകരും കൃഷിയിടത്തിലുണ്ട്. പ്രധാനാധ്യാപകൻ ജോൺസൻ തോമസ്, അധ്യാപകരായ അനിൽ ജോൺ, മനോജ് മാനുവൽ, സത്യനാഥൻ, ലയോണി വർഗീസ് എന്നിവർ കൃഷിക്ക് വേണ്ട പ്രോത്സാഹനം നൽകുന്നു. അക്ഷരങ്ങളുടെ അറിവിനൊപ്പം പ്രതീക്ഷയുടെ പച്ചപ്പും മനസിൽ സൂക്ഷിച്ച് മുന്നേറുകയാണ് പുഷ്പഗിരി സ്കൂളിലെ വിദ്യാർത്ഥികൾ.