Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കതിരണിഞ്ഞു, കല്ലോടിയിലെ കരനെൽക്കൃഷി

വയൽനാട്ടിലെ വയലുകളിൽ നെൽക‍ഷി അനുദിനം കുറയുമ്പോഴും കരഭൂമിയിൽ നെൽക‍ൃഷി ഇറക്കി കൊയ്യാൻ ഒരുങ്ങുകയാണ് കല്ലോടി ആയിലമൂലയിലെ നിരപ്പുതെട്ടിയിൽ ഹെലൻ മാത്യുവും കടുംബവും. കുറ്റിക്കാടുകൾ വളർന്ന് നിന്ന പന്തലിച്ച കല്ലോടി ആയിലമൂലയിൽ നിന്ന് ഒരപ്പിലേക്ക് പോകുന്ന റോഡിനോട് ചേർന്ന മൂന്ന് ഏക്കർ കുന്നിൻപ്രദേശമാണ് ഹെലനും ഭർത്താവ് മാത്യുവും ചേർന്ന്  കഠിനാധ്വാനത്തിലൂടെ ക‍ഷിയോഗ്യമാക്കിയത്.   ജൂലൈ 25, 26, 27 തീയതികളിലാണ് വിത നടത്തിയത്. കൃഷി ഭവനിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിച്ച ‘അന്നപൂർണ’ വിത്താണ് വിതച്ചത്.  

90 കിലോ വിത്ത് ഉപയോഗിച്ചാണ്‌ കൃഷിയിറക്കിയത്. വിത്ത് മുളവന്നശേഷമാണ് വിതച്ചത്. 90 ദിവസം മാത്രം മൂപ്പുളള ഇനമാണ് അന്നപൂർണ. ഒന്നര കിലോമീറ്റർ അകലെയുള്ള കുളത്തിൽ നിന്ന്  ജലമെത്തിച്ചാണ് സ്പ്രിംഗ്ലർ ഉപയോഗിച്ച് നനച്ചു. വയലിൽ ഒരേക്കർ ആതിരയും  കൃഷി ചെയ്തിട്ടുണ്ട്.  ഡൽഹിയിൽ മെഡിക്കൽ റപ്രസെന്റെറ്റീവ് ജോലി ഉപേക്ഷിച്ചാണ് ശാസ്ത്ര  ബിരുദധാരിയായ മാത്യു കൃഷിയിലേക്കിറങ്ങുന്നത്. കൃഷിയിൽ മുൻ പരിചയമൊന്നും ഇല്ലെങ്കിലും ഹെലനും ഒപ്പം നിന്നു.  

ആദ്യകാലങ്ങളിൽ ഇഞ്ചി കൃഷിയിലൂടെ മികച്ച വരുമാനം ലഭിച്ചുവെങ്കിലും പിന്നീട് കൃഷി നഷ്ടത്തിലാവുകയും ചെയ്തതോടെ കടബാധ്യത ഏറി. കുടകിലെ ഇഞ്ചിയിലെ പരിജയം നെൽകൃഷിയുടെ വിജയത്തിലൂടെ വീണ്ടും കൃഷിയിൽ തിരികെ എത്തുകയാണ് ഇൗ കുടുംബം.   പ്ലസ്ടുവിന് പഠിക്കുന്ന ഡെന്നിസും മൂന്നാം ക്ലാസ് വിദ്യാർഥി അലക്സും രാവിലെയും വൈകിട്ടും  കൃഷിയിടത്തിൽ എത്തും. കരനെൽകൃഷിക്കായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി പ്രകാരമുള്ള ഹെക്ടറിന് 13,600 രൂപയുടെ സാമ്പത്തീക സഹായവും ഇവർക്ക് ലഭിച്ചു.

ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഗോമൂത്രം, ചാണകം, ശർക്കര, ചെറുപഴം, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയുടെ മിശ്രിതങ്ങൾ പാകപ്പെടുത്തിയാണ് ജൈവവളമായി ഉപയോഗിക്കുന്നത്. എടവക കൃഷിഭവനിലെ കൃഷി ഓഫിസർ കെ. മമ്മൂട്ടി, അസിസ്റ്റന്റ് കൃഷി ഓഫിസർ സുഭാഷ്, ഗീത എന്നിവർ മികച്ച പിൻതുണ നൽകി. കരനെൽകൃഷി വിളവെടുത്തു കഴിഞ്ഞാൽ ഉടൻ ഈ സ്ഥലത്ത് പയർ കൃഷി ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.

അടുത്ത വർഷവും കരനെൽകൃഷി തുടരാനും ഹെലനും മാത്യുവും ഉറപ്പിച്ചിട്ടുണ്ട്.  കാപ്പി, ഏലം, കുരുമുളക്, ഗ്രാമ്പു, കമുക്  തുടങ്ങിയ  കൃഷികളും ഇവർ ചെയ്യുന്നുണ്ട്. മഴമറയിലെ  പച്ചക്കറി കൃഷിയും ഇടവിളയായുള്ള കാന്താരി കൃഷിയും നല്ല വരുമാനം നൽകുന്നുണ്ട്. രണ്ട് പശുക്കളെ കറന്ന് ദിവസവും പാൽ വിൽക്കുന്ന  ഇൗ കർഷക കുടുംബം മൃഗസംരക്ഷണ രംഗത്തും സജീവമാണ്.