Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാക്കനാട്ട് വരൂ; കേട്ടറിയാം, കണ്ടറിയാം, തൊട്ടറിയാം കൃഷി

പറഞ്ഞറിയിക്കുക മാത്രമല്ല, കൃഷി ഇവിടെ കണ്ടും അറിയാം. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കാക്കനാടുള്ള ഇത്തിരി സ്ഥലത്തു നട്ടുപിടിപ്പിച്ചിരിക്കുന്നത് അപൂർവമായ നൂറിലേറെ സസ്യങ്ങൾ. പച്ചക്കറിച്ചെടികളും മരുന്നു ചെടികളും തുടങ്ങി ഇവിടെയുള്ള സസ്യ വൈവിധ്യം ആരെയും ആകർഷിക്കും. 

വിള പരിപാലനം സംബന്ധിച്ചു സർക്കാർ പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും കർഷകർക്കു വിതരണം ചെയ്യുക, കൃഷി അറിവുകളും ചോദ്യങ്ങളും സംശയങ്ങളും ചോദിച്ചെത്തുന്നവരെ സഹായിക്കുക, സബ്സിഡികളും പദ്ധതികളും വിശദീകരിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ എല്ലാ ജില്ലകളിലും ഫാം ഇൻഫർമേഷൻ ബ്യൂറോ ഉണ്ടെങ്കിലും കാക്കാനാട്ടേതു വ്യത്യസ്തമാകുന്നത് സസ്യ വൈവിധ്യം കൊണ്ടാണ്.

മണ്ണിരയും വേപ്പ്, പുതിനത്തൈകളും ഇവിടെനിന്ന് സൗജന്യമായി ലഭിക്കും. കർഷകർ നിർബന്ധമായി വച്ചുപിടിപ്പിക്കേണ്ട ചെടികൾ എന്ന് അവരോടു പറഞ്ഞുകൊടുക്കുമ്പോൾ ആ ചെടികൾ അവർക്കു കാണിച്ചുകൊടുക്കാൻ വേണ്ടിയാണു എഫ്ഐബി ഓഫിസിനു ചേർന്നുള്ള ഒരു സെന്റ് സ്ഥലത്തു ചെടികൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയതെന്നു ഫാം ഇൻഫർമേഷൻ ഓഫിസർ കൃഷി അസി. ഡയറക്ടർ റോസ് മേരി ജോയ്സ് പറഞ്ഞു.  ഇതിന് ഒരു രൂപപോലും സർക്കാരിൽനിന്നു ചെലവാക്കിയിട്ടില്ല. സ്വന്തം വീട്ടിൽനിന്നും മറ്റു കർഷകരിൽ നിന്നുമായി ചെടികൾ സംഘടിപ്പിച്ചു. 

കമ്പോസ്റ്റിന്റെ നാലുതരം മാതൃക ഇവിടെ കാണാം. മണ്ണിരക്കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ഇനോകുലം ഉപയോഗിച്ചുള്ള കമ്പോസ്റ്റ്, ബയോഗ്യാസ് കമ്പോസ്റ്റ് എന്നിവ. തിരി നനയുടെയും അക്വാപോണിക്സിന്റെയും മാതൃകയുമുണ്ട്. തുളസി ആറുതരമുണ്ട്. സ്റ്റീവിയ, കായം, മണിത്തക്കാളി, ചങ്ങലംപരണ്ട, ആകാശവെള്ളരി തുടങ്ങി കേരളത്തിൽ അപൂർവമായ സസ്യങ്ങൾ. പൊന്നാംകണ്ണി, ക്യാൻകോങ്, ചായമൻസ, ചേമ്പ്ചീര ഇനങ്ങൾ. ബെന്തിച്ചെടിയും ആവണക്കും പെപ്പർമിന്റുമെല്ലാം ഇവിടെ കീടങ്ങളെ അകറ്റാനുള്ള ചെടികളാണ്. ബെന്തിച്ചെടി നിമാ വിരകളെ അകറ്റും, ആവണക്കിന്റെ പൂം പൊടി മിത്രകീടങ്ങളെ ആകർഷിക്കും. 

ചുവന്ന കൊടുവേലി കൃഷിയിടത്തിന് അരികിൽ നട്ടാൽ എലിശല്യമുണ്ടാവില്ല. കൊങ്ങിണിപ്പൂവും ജെട്രോഫയും തേനീച്ചകളെ ആകർഷിക്കും. തേനീച്ചവളർത്തലിന്റെ മാതൃകയും ഒരുക്കിയിട്ടുണ്ട്. പ്രമേഹത്തിനു മികച്ച പ്രതിവിധിയായ കിളി ഞാവലും ഇവിടെ കാണാം. പക്ഷികളെ ആകർഷിക്കാൻ ഏറ്റവും ഉത്തമമായ ചെടിയാണിത്. വിഷവാതകങ്ങൾ ഏറ്റവും അധികം ആഗിരണം ചെയ്യുന്ന എട്ടോപത്തോ ചെടികൾ ഉണ്ട്. 

ചകിരിച്ചോറും വൈക്കോലും കമ്പോസ്റ്റും ചേർത്ത് തേങ്ങയുടെ വലുപ്പത്തിൽ ഉരുട്ടിയെടുത്തു നൂൽകൊണ്ടു പൊതിഞ്ഞുകെട്ടി ചെടികൾ നട്ടുപിടിപ്പിക്കുന്ന കോകോഡമ എന്ന നടീൽ രീതിയും കാണാം. ആന്റി ഓക്സിഡന്റുകളുടെ കലവറയായ നോനി എന്ന ചെടിയും വച്ചുപിടിപ്പിച്ചിട്ടുണ്ട്. നോനിയുടെ ഗുണഗണങ്ങൾ കണ്ടറിഞ്ഞ് ‘നോനി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്’ വരെ ഇന്ത്യയിൽ സ്ഥാപിച്ചിട്ടുണ്ട്. കൃഷിയുടെ വൈവിധ്യം കണ്ടു മനസ്സിലാക്കാൻ ഒട്ടേറെപ്പേർ എഫ്ഐബി സന്ദർശിക്കുന്നു.