Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകർക്ക് സഹായമെന്ന പേരിൽ സർക്കാറിന്റെ ചതി

Sukumaran1

(പ്രീമിയത്തിന്റെ സർക്കാർവിഹിതം അടയ്ക്കാത്തതുമൂലം വിള ഇൻഷുറൻസ് കർഷകർക്ക് യഥാസമയം പ്രയോജനപ്പെടാതെ പോകുന്നു)

ദുരിതകാലത്തു സഹായഹസ്തമാവാനാണ് ഇൻഷുറൻസ് പദ്ധതികൾ. വിള ഇൻഷുറൻസും അങ്ങനെതന്നെ. അ പ്രതീക്ഷിത സാഹചര്യങ്ങളിൽ വിളനാശമുണ്ടാവുന്ന കൃഷിക്കാരനു സാമ്പത്തികത്തകർച്ചയുണ്ടാവാതെ ജീവിതവും അടുത്ത കൃഷിയും തുടരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ  ഇതുവഴി സാധിക്കുമെന്നാണ് സങ്കൽപം. കർഷകന്റെ സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്ന വിള ഇൻഷുറൻസ് പദ്ധതികൾക്ക് സംസ്ഥാനസർക്കാർ മുമ്പില്ലാത്തവിധം പ്രാധാന്യം നൽകിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെ പറഞ്ഞത് സങ്കൽപം മാത്രം. യാഥാർഥ്യം എന്താണെന്നറിയാൻ നമുക്ക് കൃഷിയിടത്തിലേക്കു പോകാം. നെല്ലറയായ പാലക്കാട്ട് കഴിഞ്ഞ വേനലിൽ നെല്ല് കരിഞ്ഞുനശിച്ച കൃഷിക്കാർക്ക് വിള ഇൻഷുറൻസ് ശാപമായി മാറിയത് എങ്ങനെയാണെന്ന് അറിയാം. ഇത് ഒരു ചതിയുടെ കഥയാണ്. സഹായിക്കാമെന്നു പറഞ്ഞു പണം വാങ്ങിയ ശേഷം ഒഴിവുകഴിവ് പറഞ്ഞ അധികൃതരുെട വഞ്ചനയുടെ കഥ.

പാലക്കാട് കിണാശേരിയിെല സാധാരണക്കാരനായ നെൽകർഷകനാണ് സുകുമാരൻ. കൊടുമ്പ് പഞ്ചായത്തിലെ നെല്ലിക്കുന്നം– കോട്ടാനി പാടത്തെ ഒന്നരയേക്കറിൽ കൃഷിയിറക്കാനാണ് 2016 ഒക്ടോബറിൽ അദ്ദേഹം പെരുവെമ്പ് സഹകരണബാങ്കിൽ നിന്നു 37,000 രൂപ കാർഷികവായ്പയെടുത്തത്. വായ്പത്തുകയിൽനിന്ന് 600രൂപ കുറച്ചാണ് ബാങ്ക് നൽകിയത്. അന്വേഷിച്ചപ്പോൾ വിള ഇൻഷുറൻസിനുള്ള പ്രീമിയം പിടിച്ചതാണെന്നും വായ്പയെടുക്കുന്നവർ നിർബന്ധമായും ഇൻഷുറൻസ് എടുക്കണമെന്നുമായിരുന്നു മറുപടി. തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള അധികൃതരുടെ താൽപര്യം മാനിച്ച് സുകുമാരൻ സമ്മതിക്കുകയും ചെയ്തു. മലമ്പുഴ ഡാമിൽനിന്നുള്ള കനാൽജലത്തെ ആശ്രയിച്ചാണ്  ഈ പാടത്തെ കൃഷി. നിർഭാഗ്യവശാൽ വേനലിന്റെ കാഠിന്യം മൂലം ഫെബ്രുവരിയിൽ കൃഷി പകുതിയായപ്പോൾ കനാൽ ജലം കിട്ടാതായി. കതിരുവന്നു തുടങ്ങിയ നെൽച്ചെടികൾ ഒരിറ്റു ജലം കിട്ടാതെ കരിഞ്ഞു നശിക്കുന്നതു നോക്കിനിൽക്കുകയേ സുകുമാരനും സഹകർഷകർക്കും നിവൃത്തിയുണ്ടായിരുന്നുള്ളൂ. രണ്ടു വളമിടീലും കളനശീകരണവും കഴിഞ്ഞ പാടത്തുനിന്ന് ഒരു കതിരുപോലും കൊയ്തെടുക്കാൻ സാധിച്ചില്ല. രണ്ടാഴ്ച കൂടി വെള്ളം കിട്ടിയിരുന്നെങ്കിൽ ഭാഗികമായെങ്കിലും  വിളവെടുക്കാമായിരുന്നെന്ന് അദ്ദേഹം ഓർമിക്കുന്നു. ആകെ 160 ഏക്കറുള്ള കോട്ടാനിപാടത്തു മാത്രമല്ല ഈ പ്രശ്നം. പാലക്കാട് ജില്ലയിെല 25000 കൃഷിക്കാർക്കെങ്കിലും കഴിഞ്ഞ വേനലിൽ വിളനാശമുണ്ടായെന്ന് സുകുമാരൻ പറഞ്ഞു.

വിള ഇൻഷുറൻസുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു പ്രതിസന്ധിയിൽ കൃഷിക്കാരെ മുന്നോട്ടുനയിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളോടും സർക്കാരിനോടുമുള്ള വിശ്വാസംമൂലം സുകുമാരൻ ആറു മാസത്തെ ഹ്രസ്വകാലവായ്പ തിരിച്ചടച്ചതുമില്ല. എന്നാൽ ആറു മാസങ്ങൾക്കു ശേഷം ബാങ്കിൽ നിന്നു ജപ്തിനോട്ടീസ് കിട്ടിയപ്പോഴാണ് ചതിക്കപ്പെട്ടെന്നു സുകുമാരൻ തിരിച്ചറിഞ്ഞത്. ഇൻഷുറൻസ് ബന്ധിതമെന്നാണ് പേരെങ്കിലും സമയത്തു പണം തിരിച്ചടയ്ക്കാതെ വന്നപ്പോൾ ബാങ്കുകാർ പ്രത്യേക പരിഗണനയൊന്നും നൽകിയില്ല. എന്തുകൊണ്ടാണ് യഥാസമയം പ്രീമിയം അടച്ച കൃഷിക്കാരനു നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്നതെന്നറിയാൻ കഴിഞ്ഞ വർഷം പദ്ധതി നടപ്പാക്കിയ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. കാലാവസ്ഥാമാറ്റം മൂലമുള്ള വിളനാശം ഉപഗ്രഹസഹായത്തോടെ കണ്ടെത്തി അതതു മേഖലയിലെ എല്ലാ കൃഷിക്കാർക്കും നഷ്ടപരിഹാരം നൽകുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയായിരുന്നു ഇവിെട നടപ്പാക്കിയത്. പദ്ധതി പ്രകാരം പരമാവധി ഇൻഷുറൻസ് തുകയുെട 25 ശതമാനമാണ് പ്രീമിയം. ഇതിന്റെ 1.5 ശതമാനം മാത്രമാണ് കൃഷിക്കാരന്റെ വിഹിതം. ബാക്കി പ്രീമിയം കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തുല്യമായി നൽകണം. ഈ തുക ഇതുവരെ ലഭിക്കാത്തതുകൊണ്ടാണ് വിളനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നതെന്ന് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുെട ഡപ്യൂട്ടി ജനറൽ മാനേജർ ഹരിദാസൻ പറഞ്ഞു. വിളനാശമുണ്ടായ മേഖലകളിലെ കൃഷിക്കാർക്ക് പ്രത്യേക അപേക്ഷയോ നടപടിക്രമമോ ഇല്ലാതെ തന്നെ നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷതയായി പറഞ്ഞിരുന്നത്. സംഭവിച്ചത് വിപരീതമായാണെന്നു മാത്രം.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവയൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നെല്ല്, വാഴ, മാവ്, കശുമാവ് എന്നീ വിളകൾക്കു കഴിഞ്ഞ വർഷം പദ്ധതി ബാധകമായിരുന്നു. ആകെ മുപ്പതിനായിരം പേരാണ് ഈ പദ്ധതിയിൽ ചേർന്നത്. അവരിൽ ഏറെപ്പേരും പാലക്കാട്, തൃശൂർ ജില്ലകളിലെ നെൽകർഷകർ തന്നെ. വിളനാശം കണക്കാക്കാനായി വിവിധ കാലാവസ്ഥാ ഏജൻസികൾ നൽകുന്ന വിവരങ്ങളാണ് മാനദണ്ഡമാക്കുന്നതെന്ന് ഹരിദാസൻ പറഞ്ഞു. ഇത്തരം ഏജൻസികൾ ഓരോ ദിവസത്തെയും മഴയുെട ഏറ്റക്കുറച്ചിലുകൾ, അന്തരീക്ഷ ആർദ്രത, താപനില തുടങ്ങിയ വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ കമ്പനിക്ക് കൈമാറും. വിളനാശമുണ്ടായ കാലഘട്ടത്തിലെ വിവരങ്ങളുെട അടിസ്ഥാനത്തിൽ നഷ്ടം കണക്കാക്കാൻ ഇൻഷുറൻസ് കമ്പനിക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. 

ഇൻഷുറൻസ് നിയമപ്രകാരം മുഴുവൻപ്രീമിയവും ലഭിച്ചശേഷമേ പദ്ധതി പ്രാബല്യത്തിലായി നഷ്ടപരിഹാരം നൽകാനാവൂ. കർഷകന്റെ വിഹിതം മാത്രം  അടിസ്ഥാനമാക്കി ഇത്തരം പദ്ധതികളിൽ നഷ്ടപരിഹാരം നൽകാൻ ചട്ടപ്രകാരം സാധ്യമല്ല. എന്നാൽ സർക്കാരുകൾ വിഹിതം നൽകുന്ന മുറയ്ക്ക് വിളനാശമുണ്ടായവരുെട നഷ്ടപരിഹാരം കണക്കാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ അധിഷ്ഠിത ഇൻഷുറൻസിന്റെ പ്രീമിയം അടയ്ക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ടെന്നും വൈകാതെ തന്നെ സംസ്ഥാനവിഹിതമായ ഒമ്പതുകോടി രൂപ  ഇൻഷുറൻസ് കമ്പനിക്കു നൽകുമെന്നും കൃഷിവകുപ്പ് അധികൃതരും വ്യക്തമാക്കി. സംസ്ഥാനവിഹിതം ലഭിച്ചാൽ കേന്ദ്രവിഹിതവും വൈകില്ലെന്നാണ് യുണൈറ്റഡ് ഇന്ത്യ അധികൃതരുെട പ്രതീക്ഷ.  പ്രീമിയം ലഭിച്ചാലുടൻ നഷ്ടപരിഹാരം നൽകാനുള്ള തയാറെടുപ്പിലാണ് അവർ.  

കാര്യങ്ങൾ വ്യക്തം. വികാസ് ഭവനിലെ കസേരമാറ്റങ്ങൾക്കിടയിൽ പ്രീമിയത്തിന്റെ കാര്യം ആരും ഗൗനിച്ചില്ല. പണം ഫയലിൽ ഉറങ്ങി. ഇൻഷുറൻസ് കമ്പനിക്കാരുെട ഓർമപ്പെടുത്തലുകൾ ശ്രദ്ധിക്കേണ്ട കസേരയിൽ ആളെത്താൻ വൈകിയപ്പോൾ നീതി നിഷേധിക്കപ്പെട്ടത് പാലക്കാട്ടെ പൊരിവെയിലിൽ അതിജീവനത്തിനു കഠിനാധ്വാനം നടത്തിയ കൃഷിക്കാർക്കു മാത്രം. ചുവപ്പുനാടയിൽ കുരുങ്ങിയിരിക്കുകയാണ് സുകുമാരന്റെ നഷ്ടപരിഹാരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സമയവും സൗകര്യവുമനുസരിച്ച് പഠിച്ചശേഷം ഈ തുക പാസ്സാക്കി നൽകും. ഈ വിവരം കൈമാറപ്പെടുന്ന മുറയ്ക്ക്   കേന്ദ്രവിഹിതവും വന്നുചേരും. മുഴുവൻ പ്രീമിയവും കിട്ടിയശേഷം ബന്ധപ്പെട്ട കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് സുകുമാരന്റെ നഷ്ടപരിഹാരത്തുക നിശ്ചയിക്കും. പരമാവധി 50,000രൂപയാണത്രെ  ഒരു െഹക്ടറിലെ വിളനാശത്തിനു കിട്ടുക. മാനദണ്ഡങ്ങളനുസരിച്ച് ഇതു മുഴുവൻ കിട്ടണമെന്നില്ല.  കഴിഞ്ഞ വേനലിലെ കൃഷിനാശത്തിനു അടുത്ത വേനലാവുമ്പോഴെങ്കിലും നഷ്ടപരിഹാരം കിട്ടിയേക്കുമെന്നു മാത്രമാണ് ഇപ്പോൾ ഈ കർഷകന്റെ പ്രതീക്ഷ. ഇനിയും തിരിച്ചടവ് വൈകിയാൽ ആകെയുള്ള കൃഷിഭൂമി നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിഞ്ഞയാഴ്ച പരസ്പരജാമ്യക്കാരായ മറ്റ് രണ്ടു കർഷകർക്കൊപ്പം ഇദ്ദേഹം വായ്പ തിരിച്ചടച്ചു. സ്വർണം പണയം വച്ചാണ് വായ്പത്തുക തിരിച്ചടയ്ക്കാൻ പണം കണ്ടെത്തിയത്. കൃഷിക്കാരൻ എ ന്നും കടക്കെണിയിൽ തുടരുന്നതിന് ഒരു ഉദാഹരണം കൂടി!

കൃഷിനാശമുണ്ടായ കർഷകർ കടം വീട്ടാനും അടുത്ത കൃഷി നടത്താനുമാണ് ഇൻഷുറൻസ് തുക പൊതുവെ  പ്രയോജനപ്പെടുക. എന്നാൽ അടുത്ത സീസൺ അവസാനിക്കുമ്പോഴും കിട്ടാത്ത ആ പണം അവർക്ക്  അപ്രസക്തമാണ്. സർക്കാരിനു  മേനി പറയാൻ അവസരവും കൃഷിക്കാരനു ജപ്തിനോട്ടീസും നൽകുന്ന ഇത്തരം ഇൻഷുറൻസ് പദ്ധതികൾ ആവശ്യമുണ്ടോ? നമ്മുെട ഇൻഷുറൻസ് പദ്ധതികളുെട പാളിച്ചകളാണ് ഇവിടെ തെളിയുന്നത്. കൃഷിയിറക്കാനായി നൽകുന്ന വായ്പയിൽനിന്നു ബലമായി പ്രീമിയം ഈടാക്കി ഇൻഷുറൻസ് കമ്പനിക്കു നൽകുക. ഉദ്യോഗസ്ഥരുെട അനാസ്ഥയോ ഉത്തരവാദിത്തമില്ലായ്മയോ മൂലം പ്രീമിയം വിഹിതം അടയ്ക്കാതിരിക്കുക. അതിന്റെ ശിക്ഷയായി കൃഷിയിടം ജപ്തി ചെയ്യുക– എന്തിനാണ് ഇങ്ങനെ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നത്? ഇത്തരം പദ്ധതികൾ കൃഷിക്കാരെ രക്ഷിക്കുകയാണോ ശിക്ഷിക്കുകയാണോ? ഇൻഷുറൻസ് വാഗ്ദാനമില്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ സുകുമാരൻ നേരത്തേ തന്നെ തന്റെ കടം വീട്ടാൻ ശ്രമിക്കുമായിരുന്നു. സഹായമെന്ന പേരിൽ കൃഷിക്കാരെ ചതിക്കുന്ന പദ്ധതികൾ വേണ്ടെന്നു പറയാതെ വയ്യ. ആണ്ടിൽ ആറോ നൂറോ തവണ ഉദ്യോഗസ്ഥമേധാവികൾക്ക് കസേരമാറ്റം വന്നേക്കാം. അതിന്റെ പേരിൽ സർക്കാർ ഓഫിസുകളിലെ വൈദ്യുതിബില്ലും  ടെലഫോൺ ബില്ലും അടയ്ക്കാതിരിക്കുന്നില്ല. അതിനൊപ്പമോ അതിലേറെയോ പ്രാധാന്യം നൽകണം കൃഷിക്കാരന്റെ നിലനിൽപ് ഉറപ്പാക്കുന്ന വിള ഇൻഷുറൻസിന്. 

കൃഷിമന്ത്രി ഇടപെടേണ്ട വിഷയം തന്നെയാണിത്. സർക്കാർ വിഹിതം സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ തന്നെ വകയിരുത്തുകയും യഥാസമയം കൈമാറുകയും ചെയ്യാൻ നടപടിയുണ്ടായ ശേഷം മാത്രം മതി പ്രീമിയത്തിനായി കൃഷിക്കാരന്റെ പോക്കറ്റിൽ കൈയിടുന്നത്. അതോടൊപ്പം വിളനാശമുണ്ടായ മേഖലകളിലെ ജപ്തിനടപടികൾ നിർത്തിവയ്ക്കാനും സർക്കാർ ഇടപെടൽ ആവശ്യമാണ്.