Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിരി വട്ടത്തിലുണ്ട് ഒത്തിരിക്കൂട്ടങ്ങൾ

തൊടുപുഴ∙ കൃഷി ചെയ്യാൻ സ്ഥലമില്ലെന്നു വിലപിക്കുന്നവർക്കൊരു പാഠപുസ്തകമാണ് ഇൗ അധ്യാപകൻ. ആകെയുള്ള 10 സെന്റ് പുരയിടത്തിൽ കൊച്ചു വീടു പണിതശേഷം ഒരിഞ്ചു സ്ഥലം പോലും ബാക്കിയിടാതെ കൃഷിക്കായി നീക്കിവച്ചു ബിജോ അഗസ്റ്റിനെന്ന മലയാളം അധ്യാപകൻ.  പയറും തക്കാളിയും വെണ്ടയും മുളകും കാബേജുമെല്ലാം ഇൗ ഇത്തിരിപ്പോന്ന സ്ഥലത്തുണ്ട്.  ടെറസിൽ രണ്ടു കുളങ്ങളിൽ മത്സ്യക്കൃഷി. വീട്ടുവളപ്പിലുമുണ്ടു രണ്ടു വലിയ കുളങ്ങൾ. ഇവിടെയും മത്സ്യക്കൃഷിതന്നെ. മട്ടുപ്പാവിൽ പാഷൻ ഫ്രൂട്ടും പേരമരവും. 

കല്ലാനിക്കൽ സെന്റ് ജോർജ്സ് ഹൈസ്കൂളിലെ മലയാളം അധ്യാപകനായ ബിജോ അഗസ്റ്റിൻ (37) 2016 സെപ്റ്റംബറിലാണു വെള്ളിയാമറ്റം പഞ്ചായത്തിലെ ഇളംദേശം എൽപിഎസിനു പിൻവശത്തായി 10 സെന്റ് സ്ഥലം വാങ്ങിയത്.  മാങ്കുടിയിൽ എന്നു പേരുള്ള ഇൗ വീടിന്റെ നിർമാണം പൂർത്തിയാക്കിയത് ആറുമാസം മുൻപായിരുന്നു. 

പരിസ്ഥിതി സൗഹൃദ രീതിയിൽ നിർമിച്ച ഇരുനിലവീട് കൃഷിഭൂമിയാക്കാനായിരുന്നു ബിജോയുടെയും ഭാര്യ സവിതയുടെയും തീരുമാനം. 10 സെന്റ് പുരയിടത്തിൽ നാലു സെന്റ് സ്ഥലം വീട് അപഹരിച്ചപ്പോൾ ബാക്കിവന്ന ആറു സെന്റ് സ്ഥലത്താണ് ഇവർ കൃഷി തുടങ്ങിയത്.  മത്സ്യക്കുളങ്ങളിൽ അക്വാപോണിക്സും ക്രമീകരിച്ചിട്ടുണ്ട്.  

കൃഷി എന്റെ ആത്മാവ്

ബിജോയുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണു കൃഷിയെന്നത്.    എറണാകുളം ജില്ലയിലെ കടവൂരിൽനിന്നാണു ബിജോയുടെ കുടുംബം ഇടുക്കിയിലെത്തിയത്. പരേതരായ അഗസ്റ്റിൻ–ചിന്നമ്മ ദമ്പതികളുടെ എട്ടു മക്കളിൽ ഇളയവനാണു ബിജോ.  മലയാളത്തിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും ബിഎഡും നേടി . പിതാവ് അഗസ്റ്റിൻ നല്ല കൃഷിക്കാരനായിരുന്നു. 

ഒരിഞ്ചു സ്ഥലം പോലും നഷ്ടപ്പെടുത്തരുതെന്നുള്ള പിതാവിന്റെ വാക്കുകളാണു ബിജോയ്ക്കു പ്രേരകമായത്. തക്കാളി, വെണ്ട, പയർ, പടവലം, കാബേജ്, കോളിഫ്ലവർ, മുളകിന്റെ വിവിധ ഇനങ്ങൾ, ചീര തുടങ്ങിയവയാണു ബിജോയുടെ വീട്ടുവളപ്പിലുള്ളത്. വീടിന്റെ മട്ടുപ്പാവിലാണു പാഷൻ ഫ്രൂട്ടും, ചാമ്പയും പേരയും നട്ടിരിക്കുന്നത്. ഒരു എരുമയും കുട്ടിയുമുണ്ട്. 

രാവിലെ അഞ്ചരമുതൽ ബിജോ കൃഷിയിടത്തിലിറങ്ങും. ഭാര്യ സവിതയും മക്കളായ നിള, അഭിഷേക് എന്നിവരും ഒപ്പമുണ്ടാകും. പുല്ലരിയുക, കൃഷിടം നനയ്ക്കുക, വളമിടുക എന്നീ ജോലികൾ ചെയ്യും. 8.40 ആകുമ്പോൾ സ്കൂളിലെത്തും. വൈകിട്ട് ഏഴിനു വീട്ടിൽ മടങ്ങിയെത്തിയാൽ വീണ്ടും കൃഷിയിടത്തിലേക്ക്.    

കൃഷിരീതി  

200 ലീറ്റർ പ്ലാസ്റ്റിക് വീപ്പകളിലാണു പച്ചക്കറി കൃഷി ചെയ്യുന്നത്. വീടിന്റെ മതിലിൽ പോലും ബിജോ കൃഷിയിടത്തിനുള്ള സ്ഥലം കണ്ടെത്തി. വീപ്പകൾ രണ്ടായി പകുത്തശേഷം എരുമച്ചാണകം, ചകിരിച്ചോറ്, മണ്ണ് എന്നിവ കൂട്ടിക്കലർത്തി ഉണക്കി വീപ്പകളിൽ നിറച്ച് പച്ചക്കറി വിത്തുകൾ നടും. തൊടുപുഴയിലെ വിത്തുവിൽപന സ്ഥാപനത്തിൽനിന്നാണ് വിത്തുകൾ വാങ്ങുന്നത്. 

നല്ല വിത്തുകൾ ലഭിക്കുന്ന സ്ഥലം തേടിപ്പിടിച്ചെത്തി വാങ്ങാറുണ്ടെന്നു ബിജോ പറയുന്നു. കാർഷിക സെമിനാറുകളിൽ സ്ഥിരമായി പങ്കെടുത്തു നേടിയ അറിവും കൃഷിക്കു കൂട്ടായി. ചെടിയുടെ മനസ്സറിഞ്ഞ്, വളം ഉപയോഗിക്കണമെന്ന നിലപാടാണു ബിജോയ്ക്ക്. രാസവളവും ഉപയോഗിക്കാറുണ്ട്. ചെടിക്കാവശ്യമുള്ളതു കൊടുത്താലേ ചെടി വളരൂവെന്നു ബിജോയുടെ വാക്കുകൾ. വീട്ടിലെ പോർട്ടബിൾ ബയോ ഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറിയും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നു.  

വീട്ടുവളപ്പിലെ പച്ചക്കറികൾ ഉപയോഗിച്ചാണു വീട്ടിലെ പാചകം. അടുത്ത സുഹൃത്തുക്കൾക്കു പച്ചക്കറി നൽകുന്നുണ്ട്. ഇപ്പോൾ വിൽപന ഉദ്ദേശിക്കുന്നില്ലെന്നും സ്വയം പര്യാപ്തത കൈവരിക്കാനാണു ശ്രമമെന്നും ബിജോ പറയുന്നു.  കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു 2023 ൽ അധ്യാപക ജോലി രാജിവയ്ക്കാനാണു ബിജോയുടെ തീരുമാനം. ഇതിനുശേഷം വിപുലമായ ഫാം തുടങ്ങണമെന്നും തീരുമാനിച്ചിട്ടുണ്ടെന്നും ബിജോ പറയുന്നു.  

കല്ലാനിക്കൽ സ്കൂളിൽ വിജയകരമായി കൃഷി ചെയ്തതിനു 2015 ൽ ഇടുക്കി ജില്ലയിലെ മികച്ച കാർഷികാധ്യാപകനുള്ള കൃഷിവകുപ്പിന്റെ പുരസ്കാരവും ലഭിച്ചിരുന്നു.  മനോരമ നല്ലപാഠം കോഓർഡിനേറ്ററുടെ ചുമതലയും മുൻപു വഹിച്ചിരുന്നു.