Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹായ്.. വാട്ടു കപ്പയുടെ മണം..

സീസൺ തുടങ്ങി. കപ്പ മല കയറി വന്ന ചരിത്രമറിയുമോ?

‘പണ്ടു വിശാഖം തിരുനാൾ തിരുവടി വടിയായ് കുത്തിപ്പിടിച്ചു കൊണ്ടുവന്ന.....’ എന്ന പേരിൽ തുടങ്ങുന്നൊരു കവിതയുണ്ട്. രുചിയോടുകൂടിത്തന്നെ നാടിന്റെ വിശപ്പടക്കിയ ആ ‘വടി’ കേരളത്തിലെത്തിയിട്ട് 135 വർഷം. നാട്ടുമ്പുറത്തുള്ളവർ കപ്പയെന്നും അൽപ്പം കൂടി ഗമ കൂട്ടിയാൽ മരച്ചീനിയെന്നും വിളിക്കുന്ന സ്വാദിഷ്ടമായ ആ ഭക്ഷണത്തിന്റെ കഥ, കപ്പ വാട്ടി വെയിലിൽ ഉണക്കാനിടുന്ന ഈ സീസണിൽ കേൾക്കാം.

1880 കളുടെ തുടക്കം. യൂറോപ്പിൽ നിന്നു കപ്പലിൽ എത്തിയതിനാലാണ് കപ്പയ്ക്ക് ആ പേരു വീണത്. വിശാഖം തിരുനാൾ മഹാരാജാവാണ് കേരളത്തിൽ കപ്പക്കൃഷിക്കു തുടക്കമിട്ടത്. കപ്പ വിളവെത്തിയപ്പോൾ വിളംബരം നടത്തി: ഇതിന്റെതണ്ട് മുറിച്ചു നട്ടാൽ കിഴങ്ങ് ഉണ്ടാവും. കഴിക്കാൻ നല്ലതാണ്. മെല്ലെ നാടാകെ കപ്പയായി. പല ഇനം വന്നു. മുളമൂടൻ, കടുത്തുരുത്തി, മലബാർ, അയിരൂർ വെള്ള, പുല്ലാട്, കാന്താരിപ്പടപ്പൻ... എലിയെപ്പേടിച്ച് നടുന്നത് കയ്പുള്ള കട്ടൻകപ്പ! 

അധികമുള്ള കപ്പഅരിഞ്ഞ് വാട്ടുന്ന സീസൺ ആണ് ജനുവരി, ഫെബ്രുവരി മാസങ്ങൾ. നല്ല വെയിലി‍ൽ നാലു ദിവസം കൊണ്ട് കപ്പ ഉണങ്ങിക്കിട്ടും. പണ്ട് കപ്പ  അരിഞ്ഞ ശേഷം വാട്ടാതെ വെയിലിൽ ഉണക്കിയിട്ട് ഉരലിൽ കുത്തി പൊടിയാക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. വെള്ളുകപ്പ എന്നു വിളിക്കും. പുട്ട് ഉണ്ടാക്കാൻ ബെസ്റ്റായിരുന്നു. കനംകുറച്ച് അരിഞ്ഞ് വാട്ടി കപ്പ ഉപ്പേരിയും ഉണ്ടാക്കുന്നു.

നല്ല കപ്പപ്പുഴുക്കിന്റെ രുചിക്കൂട്ട്

കപ്പ രണ്ടു കിലോ കൊത്തിയരിഞ്ഞ് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. പിന്നീട് വെള്ളം ഊറ്റിക്കളയുക. അരമുറി തേങ്ങ ചിരണ്ടിയത്, 10 പച്ചക്കാന്താരി, രണ്ട് ചെറിയ ഉള്ളി, മൂന്നു വെളുത്തുള്ളി അല്ലി, ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക. അരപ്പിൽ ഒരിതൾ കറിവേപ്പില വിതറി കപ്പയുമായി ചേർത്ത് കുഴച്ച് നന്നായി ഇളക്കുക. അൽപം വിശപ്പ് മേമ്പൊടിയുണ്ടെങ്കിൽ ആഹഹാ..