Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞയുടെ പല നിറങ്ങൾ

കോഴിക്കോട് ∙ യഥാർഥ കസ്തൂരി മഞ്ഞളിന്റെ നിറം  അത്രമഞ്ഞയല്ല, ക്രീമാണ്. കസ്തൂരിമഞ്ഞളാണെന്നു പറഞ്ഞുകിട്ടുന്നത് മഞ്ഞക്കൂവയാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ മഞ്ഞളിനെക്കുറിച്ചുള്ള ഒട്ടേറെ അറിവുകളുമായാണ് ചെലവൂർ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ മഞ്ഞൾ മേള തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വികസിപ്പിച്ചെടുത്ത നൂറിലധികം മഞ്ഞൾ ഇനങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.    

കുർകുമിൻ അളവ് കൂടുതലുള്ള മഞ്ഞൾ ഇനങ്ങൾ എത്തിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാണുന്ന മേഘ ഇനം എട്ടുശതമാനത്തിനു മുകളിൽ കുർകുമിൻ അടങ്ങിയിരിക്കുന്നതാണ്. കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽതന്നെ വികസിപ്പിച്ചെടുത്ത പ്രഗതി, പ്രതിഭ, പ്രഭ എന്നിവയടക്കം കാണാം. ഏറ്റവും അവസാനമായി വികസിപ്പിച്ചെടുത്ത പ്രഗതിയും ഇന്ത്യയിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന പ്രതിഭയുമെല്ലാം കുർകുമിൻ അളവ് കൂടിയവയാണ്.

ഇതുകൂടാതെ കേരളത്തിലെയടക്കം കർഷകർതന്നെ വികസിപ്പിച്ചെടുത്തു റജിസ്റ്റർ ചെയ്ത ഇനങ്ങളും എത്തിച്ചിട്ടുണ്ട്. കരിമഞ്ഞൾ, വിവിധതരം ക്സതൂരി മഞ്ഞളുകൾ എന്നിവയും കണ്ടുമനസ്സിലാക്കാം. മേള ഇന്നുസമാപിക്കും. ഔപചാരിക ഉദ്ഘാടനം രാവിലെ 10ന് മന്ത്രി വി.എസ്. സുനിൽകുമാർ നി‍ർവഹിക്കും. മഞ്ഞളിലെ വൈവിധ്യം, ജൈവമഞ്ഞൾ, മൂല്യവർധിത ഉൽപന്നങ്ങൾ, മഞ്ഞൾ സംസ്കരണം എന്നീ വിഷയങ്ങളിലായി നടക്കുന്ന സെമിനാറിൽ ഹോർട്ടികൾചർ കമ്മിഷണർ ഡോ. ബി.എൻ. ശ്രീനിവാസ മൂർത്തി അധ്യക്ഷത വഹിക്കും 

സുഗന്ധവിള: ഇനംതിരിച്ചുള്ള ബ്രാൻഡിങ് പ്രധാനം

മാങ്ങ, ആപ്പിൾ എന്നിവയെപ്പോലെ സുഗന്ധവിളകളും ഇനംതിരിച്ചു ബ്രാൻഡ് ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണെന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. നി‍ർമൽ ബാബു. ഇന്ത്യയിൽ സുഗന്ധവിളകളുടെ വൈവിധ്യം വലുതാണ്. മഞ്ഞളും കുരുമുളകും ഇഞ്ചിയുമെല്ലാം നൂറുകണക്കിന് ഇനങ്ങളുണ്ട്. കർഷകർത്തന്നെ പലതും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ഓരോ ഇനമായിത്തന്നെ ബ്രാൻഡ് ചെയ്യപ്പെടുന്നില്ല.

അത്തരത്തിൽ മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തുന്നുമില്ല. എന്നാൽ വിദേശരാജ്യങ്ങൾ ഇത്തരത്തിലാണ് മുന്നേറുന്നത്. സുഗന്ധവിളകളുടെ നാടായി അറിയപ്പെട്ടിരുന്ന കേരളത്തിന് ഇന്ന് ആ സ്ഥാനമില്ല. ഭാവിയിൽ സാഹചര്യം കൂടുതൽ വഷളാകാനാണു സാധ്യത. സുഗന്ധവ്യഞ്ജനങ്ങളുടെ ഔഷധഗുണമാണ് മുഖ്യം. എന്നാൽ വിവിധ കീടനാശിനികൾ പ്രയോഗിച്ച് ഉൽപാദിപ്പിക്കുകയും മായം ചേർക്കുകയും ചെയ്താൽ ഉൽപന്നത്തിന്റെ ഔഷധഗുണം നഷ്ടപ്പെടും.

അതിനാൽ ആഗോളവിപണിയിൽ പിടിച്ചുനിൽക്കാൻ  വിഷരഹിതമായി ഇവ ഉൽപാദിപ്പിക്കേണ്ടതുണ്ടെന്നും ഡോ. നിർമൽ ബാബു പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം അറിവുപകരാനാണ് മഞ്ഞൾമേള സംഘടിപ്പിച്ചിരിക്കുന്നത്. കൃഷിക്കാർ മുന്നോട്ടുവന്നാൽ സുഗന്ധവിള ഉൽപാദനത്തിലും ഉൽപന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അവരെ സഹായിക്കാൻ കേന്ദ്രത്തിനുകഴിയുമെന്നും പറഞ്ഞു.

മൂല്യവർധിത ഉൽപന്നങ്ങൾ 

മികച്ച പായ്ക്കിങ്ങിൽ പുറത്തിറങ്ങുന്ന മഞ്ഞൾ മൂല്യവർധിത ഉൽപന്നങ്ങളും മേളയുടെ ആകർഷണമാണ്. മഞ്ഞൾപ്പൊടി എന്ന ഒറ്റ ഉൽപന്നത്തിനു പുറമേ ഉന്നതനിലവാരമുള്ള മഞ്ഞൾ സോപ്പ്, ടർമറിക് ബോഡി ബട്ടർ, ടർമറിക് ഓയിൽ എന്നിങ്ങനെ പോകുന്നു മൂല്യവർധിത ഉൽപന്നങ്ങൾ. വെറും മഞ്ഞൾപ്പൊടി എന്നതിനപ്പുറത്തേക്ക് ബ്രാൻഡ് ചെയ്തു ടിന്നിലാക്കി വിദേശത്ത് വിൽക്കുന്ന പ്രഗതി ഇനം മഞ്ഞൾപ്പൊടിയും കാണാം.