Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പൂവിന്റെ വില എങ്ങോട്ട്? കിലോയ്ക്ക് 6000 രൂപ

mullappoo-price

നാഗർകോവിൽ∙ തോവാള പൂക്കമ്പോളത്തിൽ മുല്ലപ്പൂവ് വിലയിൽ റെക്കോർഡിട്ടു. ഒരു കിലോ പൂവിന്റെ വില 6000 രൂപ. കഴിഞ്ഞയാഴ്ച 4000 രൂപയിലേക്കു കുത്തിച്ചുയർന്ന വില പിന്നീടു 3000 രൂപയായിരുന്നു. അതാണ് അതിന്റെ ഇരട്ടിവിലയിലെത്തിയത്. കടുത്ത മഞ്ഞുവീഴ്ച മൂലം പൂക്കളുടെ വരവു ഗണ്യമായി കുറഞ്ഞതും വിവാഹമുഹൂർത്തങ്ങൾ കൂടുതലായതുമാണു വിലവർധനയ്ക്കു കാരണമെന്നു കച്ചവടക്കാർ പറയുന്നു. പിച്ചിപ്പൂ വിലയും ഉയർന്നു. കഴിഞ്ഞ ദിവസം 1250 രൂപയ്ക്കു വിറ്റിരുന്ന ഒരു കിലോ പിച്ചിക്ക് 1600 രൂപയായിരുന്നു വില.

രണ്ടാഴ്ച മുൻപു വരെ ഒരു കിലോ മുല്ലപ്പൂവിന് കേരളത്തിലെ വില 600 രൂപയായിരുന്നു. രണ്ടാഴ്ചകൊണ്ടു വില ഇത്രയധികമായത്. മുല്ലപ്പൂവിനൊപ്പം മറ്റു പൂക്കൾക്കും ഇതേ പോലെ ഗണ്യമായി വില കൂടി. അരളിക്കു നൂറിൽ നിന്നു നാനൂറായി. ചെണ്ടുമല്ലിക്ക് കിലോയ്ക്ക് നാൽപ്പതിൽനിന്ന് എൺപതായി. മലയാളി മുറ്റങ്ങളിൽ നിറഞ്ഞുനിന്നിരുന്ന തുളസിയും തമിഴ്‌നാട്ടിൽ നിന്നാണ് ഇപ്പോഴെത്തുന്നത്. തുളസിയുടെ വില മൂന്നിരട്ടിയായി. കിലോയ്ക്ക് ഇരുപതിൽ നിന്ന് അറുപതായി. വാടാമല്ലി, ലില്ലിപ്പൂ, റോസ്, താമര എന്നിവയുടെയും വില ഉയർന്നു.  

തമിഴകത്തെ മല്ലി  നമ്മുടെ മുല്ല ഇരുന്നൂറിൽ പരം ഇനങ്ങളുള്ള ഒലിയേഷ്യേ എന്ന കുടുംബത്തിലെ ജാസമീനും എന്ന ജനുസ്സിൽ പെട്ട കുറ്റിച്ചെടിയാണ്‌ മുല്ല. ഇംഗ്ലിഷിലിത് ജാസ്മിൻ. ‘ദൈവത്തിന്റെ സമ്മാനം’ എന്നർഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ഡിണ്ടിഗൽ, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണു കേരളത്തിലേക്ക് മുല്ലയെത്തുന്നത്. 

പൂക്കളുടെ ലോകത്ത് ആധുനിക പുഷ്പങ്ങൾ പലതും മുൻനിരസ്ഥാനങ്ങൾ കൈയടക്കിയപ്പോഴും പുരാതന കാലം മുതൽ പ്രിയപ്പെട്ട മുല്ലപ്പൂവിന്റെ പ്രാധാന്യത്തിന് യാതൊരു മങ്ങലും ഏറ്റിട്ടില്ല.നവവധുവിന്റെ കാർകൂന്തൽ അലങ്കരിക്കാൻ ഇന്നും മുല്ലപ്പൂവിനെ വെല്ലാൻ മറ്റു പൂക്കളില്ല. ചായയ്ക്കും  മുല്ലപ്പൂ മണം ചൈനയിൽ മുല്ലപ്പൂ ചായയിൽ ചേർക്കാറുണ്ട്. ജാസ്മിനം സാംബക് എന്ന ഇനമാണ് ഇതിനു ഉപയോഗിക്കുക. മുല്ലപ്പൂവിൽ നിന്നു വേർതിരിച്ചെടുക്കുന്ന ‘സത്ത്’ പെർഫ്യൂം നിർമാണത്തിന് ഉപയോഗിക്കുന്നു. കുറച്ച് ‘സത്തുണ്ടാക്കാൻ വളരെയധികം പൂക്കൾ ആവശ്യമായതിനാൽ ഇത് വളരെ വിലപിടിപ്പെട്ടതാണ്.‍ ഇന്ത്യ, ഈജിപ്റ്റ്, ചൈന, മൊറാക്കൊ എന്നിവയാണ് മുല്ലപ്പൂസത്ത് ഉൽപാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങൾ. ഫിലിപ്പീൻസ്, ഇന്തോനീഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പമാണ് മുല്ല. സിറിയയിലെ ദമസ്കോസ് നഗരത്തിന് ‘മുല്ലകളുടെ നഗരം’ എന്ന വിശേഷണമുണ്ട്. മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട് മുറ്റത്തെ മുല്ലയ്ക്ക് മണം മാത്രമല്ല നല്ല പണവും കിട്ടും. നമ്മുടെ കാലാവസ്ഥയ്ക്ക് കുറ്റിമുല്ലക്കൃഷി ഏറെ അനുയോജ്യമാണ്. ചാക്കിലും ചെടിച്ചട്ടിയിലും വളർത്താമെന്നതും പ്രിയമേറുന്നു. കാലകാലങ്ങളിൽ പൂക്കൾ വിടരും എന്നതും കൃഷിയുടെ ഗുണമാണ്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം. 

ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് കേരളത്തിൽ മുല്ലത്തൈ നടീലിന് യോജിച്ച സമയം. തണ്ടുകൾ മുറിച്ച് വേരു പിടിപ്പിച്ച ശേഷം വേണം മുല്ല നടുവാൻ. സെറാഡിക്‌സ് പോലുള്ള ഹോർമോൺ പൂരട്ടിയിട്ട് നട്ടാൽ വേഗം വേരുപിടിക്കും. കുഴികളിൽ കംപോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവ അടിവളമായി ചേർത്ത ശേഷം വേരു പിടിച്ച രണ്ട് തൈകൾ വീതം ഒരു കുഴിയിൽ നടാം. നട്ട് 90 മുതൽ 120 ദിവസമാകുന്നതോടെ വേരു പിടിച്ച തൈകൾ നടുവാൻ സാധിക്കും. ഒരു സെന്റ് സ്ഥലത്ത് 30 മുല്ലത്തൈകൾ വരെ നടാം. നാലു മാസത്തിനുള്ളിൽ മുല്ല പൂക്കും. അഞ്ചു മാസം പിന്നിട്ടാൽ വിളവെടുക്കാം. ഓരോ സീസണനുസരിച്ചാകും വിപണി വില.