Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേന്ത്രക്കായ് നാണയം

കൃഷി നഷ്ടത്തിലാണെന്നു പറഞ്ഞ് നിരാശരായിരിക്കുന്നവർ സടകുടഞ്ഞെണീക്കുക. ഹൈടെക്ക് കക്ഷികൾ ചുമ്മാ ജാടയ്ക്ക് എടുത്തുവീശിക്കൊണ്ടിരിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ അതിന്റെ യഥാർഥ നന്മകളിലേക്കു കടന്നിരിക്കുന്നു. ബിറ്റ്കോയിൻ എന്ന ക്രിപ്റ്റോകറൻസി ബ്ലോക്ക്ചെയിൻ സംവിധാനത്തിനു നൽകിയ പ്രശസ്തി ക്രിപ്റ്റോകറൻസിയുടെ ഊഹക്കച്ചവടത്തിലെത്തി നിൽക്കുമ്പോഴാണ് ഊഹവും കച്ചവടവും എല്ലാം മാറ്റിവച്ച് നന്മനിറഞ്ഞ ജൈവകൃഷിയുടെ വിജയത്തിനായി ഒരു സംഘം കർഷകർ ക്രിപ്റ്റോകറൻസിയെ ആശ്രയിച്ചിരിക്കുന്നത്. 



നേന്ത്രവാഴക്കൃഷി നടത്താൻ നേന്ത്രക്കായുടെ വിപണിമൂല്യം അടിസ്ഥാനമാക്കി അവതരിപ്പിച്ച ക്രിപ്റ്റോകറൻസിയായ ബനാനകോയിൻ ആണ് കൃഷിയെയും പരിസ്ഥിതിയെയും ബ്ലോക്ക്ചെയിൻ നന്മയിലൂടെ വഴിനടത്തുന്നത്.ബിറ്റ്കോയിനും എതേറിയവും ഉൾപ്പെടുന്ന നൂറു കണക്കിന് ക്രിപ്റ്റോകറൻസികളുടെ മാതൃകയിലാണ് ബനാനകോയിനും പ്രവർത്തിക്കുന്നത്. 



ബിറ്റ്കോയിനെക്കാൾ സുരക്ഷിതമായ എതേറിയം അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ് ബനാനകോയിൻ. ബിറ്റ്കോയിന്റെ വില കോയിൻ ഡിമാൻഡിനെ ആശ്രയിച്ചിരിക്കുമ്പോൾ ബനാനകോയിന്റെ വില നേത്രക്കായ് വിലയെ ആശ്രയിച്ചായിരിക്കുമെന്നു മാത്രം. മ്യാൻമർ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ കിടക്കുന്ന ലാവോസിൽ നിന്നാണ് ബനാനകോയിന്റെ വരവ്. ലാവോസിലെ ജൈവനേന്ത്രവാഴക്കൃഷിയിലേക്ക് വിദേശനിക്ഷേപം ക്ഷണിക്കുന്നതിനാണ് ബനാനകോയിൻ അവതരിപ്പിച്ചത്. 

ലാവോസിൽ വിളയുന്ന നേന്ത്രക്കായകൾ നേന്ത്രക്കായ് ക്ഷാമമുള്ള ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നു. ബിറ്റ്കോയിൻ പോലെ ഓരോ ദിവസവും ബനാനകോയിന്റെ വില ആടിയുലയുകയോ പണം നിക്ഷേപിച്ചവർക്ക് എല്ലാം ഒറ്റദിവസം കൊണ്ടു നഷ്ടപ്പെടുകയോ ഇല്ലെന്ന് ബനാനകോയിന്റെ വക്താക്കൾ പറയുന്നു. ബനാന കോയിന്റെ വില ഒരു കിലോ നേന്ത്രക്കായുടെ കയറ്റുമതിവിലയായി നിശ്ചയിച്ചിട്ടുണ്ട്. ഉൽപാദച്ചെലവ് വർധിക്കുകയും നേന്ത്രക്കായ് വില കൂടുകയും ചെയ്താൽ ബനാനകോയിന്റെയും വില കൂടും. കോയിൻ ഉപയോഗിച്ച് വിനിമയം നടത്തുമ്പോൾ ലഭിക്കുന്ന മെച്ചം വേറെയും.

പുതിയ ക്രിപ്റ്റോകറൻസിയിൽ ഇതിനോടകം കോടിക്കണക്കിനു രൂപയുടെ നിക്ഷേപം വന്നു കഴിഞ്ഞു. ഈ നിക്ഷേപം ഉപയോഗിച്ചാണ് കർഷകർ കൃഷി നടത്തുക. ബനാനകോയിന്റെ വിജയം ലാവോസിൽ നേന്ത്രക്കൃഷിക്ക് പുതിയ ജീവൻ നൽകിയിരിക്കുകയാണ്. വരുന്ന സീസണിൽ കൃഷി ആയിരം ഹെക്ടറിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകർ. ബനാന കോയിൻ വാങ്ങി കൃഷിയിൽ പങ്കു ചേരുന്നർക്ക് ലാവോസിലെ നേന്ത്രവാഴത്തോട്ടം നേരിട്ടു പോയി സന്ദർശിക്കുകയുമാവാം. നവംബറിൽ ആരംഭിച്ച ബനാനകോയിൻ ടിജിഇ (ടോക്കൺ ജനറേഷൻ ഇവന്റ്) ഫെബ്രുവരി 28 വരെ തുടരും. ഈ കാലയളവിൽ ഒരു കിലോ നേന്ത്രക്കായുടെ വിലയുള്ള എത്ര കോയിനുകൾ വേണമെങ്കിലും ഓരോരുത്തർക്കും വാങ്ങാം. കൃഷി ലാഭത്തിലായാൽ ലാഭവിഹിതവും ലഭിക്കും. 

ലാവോസിലെ നേന്ത്രക്കൃഷിക്കാരുടെ കൂട്ടായ്മയാണ് ചൈനയ്ക്കു വേണ്ടി സ്ഥലം പാട്ടത്തിനെടുത്ത് വൻകിട കൃഷി നടത്താൻ ക്രിപ്റ്റോകറൻസിയെ ആശ്രയിച്ചുകൊണ്ട് ബനാനകോയിൻ അവതരിപ്പിച്ചത്. ഇതിനോടകം നിക്ഷേപകരായവരിൽ പലരും തോട്ടം നേരിൽ സന്ദർശിച്ചു കഴിഞ്ഞു. ബിറ്റ്കോയിൻ വിപ്ലവം മൊത്തത്തിൽ വെർച്വലായി തുടരുമ്പോൾ ബനാനകോയിൻ വാങ്ങിയവർ ആവേശത്തിലാണ്. ഒരു യഥാർഥകൃഷിത്തോട്ടം തങ്ങളുടെ നിക്ഷേപം മൂലം തളിരിട്ടു നിൽക്കുന്നു എന്നതും അത് നൂറുകണക്കിനാളുകൾക്കു തൊഴിലും ആയിരക്കണക്കിനാളുകൾക്ക് വിഷമില്ലാത്ത നേന്ത്രക്കായും നൽകുമെന്നതുമാണ് നിക്ഷേപകരെ ആവേശത്തിലാക്കുന്നത്.