Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യോൽപന്ന സംരംഭങ്ങൾ തുടങ്ങുമ്പോള്‍ റജിസ്ട്രേഷനുകളും ലൈസൻസുകളും എങ്ങനെ നേടാം

DSCN4311

ഭക്ഷ്യോൽപാദന–വിപണന സംരംഭകർക്ക് ചില സാക്ഷ്യപത്രങ്ങളും റജിസ്ട്രേഷനുകളും ലൈസൻസുകളും ആവശ്യമുണ്ട്. അവ എവിടെനിന്ന് എങ്ങനെ നേടാം

ഒരു സംരംഭകൻ ആദ്യം സ്വന്തമാക്കേണ്ടത് സംരംഭം തുടങ്ങുന്നത് എവിടെയാേണാ, അവിടത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന െലെസന്‍സ് ആണ്. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് നമ്പർ ഇടേണ്ടതും കെട്ടിട നമ്പർ ഉള്ള വാടകക്കെട്ടിടങ്ങളിലെ സംരംഭങ്ങളിൽ ഉപയോഗിക്കാനുദ്ദേശിക്കുന്ന യന്ത്രസാമഗ്രികളുടെ എണ്ണവും കുതിരശക്തിയും ആസ്പദമാക്കി ലൈസൻസ് നൽകേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനം (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / േകാര്‍പറേഷന്‍ ആണ്. ഈ ലൈസൻസ് ലഭിച്ചാല്‍ മാത്രമേ തുടർന്നുള്ള പല ലൈസൻസുകളും നേടാനാവുകയുള്ളൂ. സംരംഭത്തിൽ 10 കുതിരശക്തിയിൽ കൂടുതൽ വൈദ്യുതി ഉപയോഗമുള്ള യന്ത്രം വേണ്ടിവരുന്നുവെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി ആവശ്യമാണ്.

എഫ്എസ്എസ്എെഎ സർട്ടിഫിക്കറ്റ്/ലൈസൻസ്

ഭക്ഷ്യോൽപാദനം, സംഭരണം, വിതരണം, വിപണനം, പാക്കിങ് എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ക്ക് അത്യാവശ്യമായി വേണ്ടതാണ് ഫുഡ് – സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI) യുടെ  സർട്ടിഫിക്കറ്റ്. ഭക്ഷണം പാകം ചെയ്യുന്ന ഇടം, അതിനുപയോഗിക്കുന്ന വെള്ളം, പായ്ക്കിങ് സാമഗ്രികൾ, ഭക്ഷണം ഉണ്ടാക്കി പായ്ക്ക് ചെയ്യുന്ന ആളിന്റെ  ആരോഗ്യസ്ഥിതി എന്നിങ്ങനെ  ശുചിത്വവും ആരോഗ്യകരമായ ഭക്ഷണനിർമാണവും വിതരണവും പരമാവധി ഉറപ്പാക്കിയാണ്  ഈ സർട്ടിഫിക്കറ്റ് നല്‍കുന്നത്. സംരംഭത്തിന്റെ വലുപ്പം അനുസരിച്ച്  രണ്ടു തരം സർട്ടിഫിക്കേഷനുകളാണു നിലവിലുള്ളത്. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയ്ക്കു താഴെയുള്ള സംരംഭകന് എഫ്എസ്എസ്എഐ റജിസ്ട്രേഷൻ മതി. അപേക്ഷയ്ക്കൊപ്പം ഫീസായി100 രൂപയുടെ ചെലാൻ മതി. ഒന്നു മുതൽ അഞ്ചു വർഷത്തേക്കുള്ള റജിസ്ട്രേഷൻ ഒരുമിച്ചു നേടാനാകും. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ കൂടുതൽ ഉള്ള മീഡിയം ഉൽപാദകർക്ക് സ്റ്റേറ്റ്  എഫ്എസ്എസ്എെഎ ലൈസൻസും വൻകിട ഉല്‍പാദകർ, വിതരണക്കാർ, ഇറക്കുമതി ചെയ്യുന്നവർ എന്നിവർക്ക് സെൻട്രൽ എഫ്എസ്എസ്എെഎ ലൈസൻസുമാണ് വേണ്ടത്.

ലൈസൻസിനായി സംരംഭകൻ നിർദിഷ്ട ഫോം ബി യി (Form B) ൽ  അപേക്ഷിക്കേണ്ടതാണ്. റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (RMO), പഞ്ചായത്ത് / മുനിസിപ്പാലിറ്റി ലൈസൻസ്, സംരംഭം തുടങ്ങാൻ പോകുന്ന കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ്, മലിനീകരണ നിയന്ത്രണബോർഡിൽനിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകൾ ഓൺലൈനായും ജില്ലാതല ഫുഡ് സേഫ്റ്റി ഓഫിസറുടെ കാര്യാലയം വഴിയും സമർപ്പിക്കാം.  ഒന്നു മുതൽ അഞ്ചു വർഷംവരെ കാലയളവിലേക്കാണ്  ലൈസൻസ് അനുവദിക്കുക. ലൈസൻസ്  കാലാവധി പൂർത്തിയാവുന്നതിന് ഒരു മാസം മുൻ‌പ് ഇതു പുതുക്കേണ്ടതാണ്. സംരംഭത്തിൽ നിർമിക്കാൻ പോകുന്ന ഉൽപന്നത്തിന്റെ പേരും എണ്ണവും അപേക്ഷയില്‍ വ്യക്തമാക്കണം.  ലൈസൻസ് കാലാവധി പുതുക്കുമ്പോൾ ഉൽപന്നത്തിന്റെ അളവിൽ വർധന ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കണം.  

ലീഗൽ മെട്രോളജി ലൈസൻസ്

പ‍ഞ്ചായത്ത് / മുനിസിപ്പാലിറ്റി ലൈസൻസ് നേടിയ സംരംഭകൻ 90 ദിവസത്തിനുള്ളിൽ നേടേണ്ട ലൈസൻസ് ആണിത്. ഉൽപന്നം അളന്നു തിട്ടപ്പെടുത്തി പായ്ക്ക് ചെയ്യുന്നതിനുള്ള അളവ്, തൂക്ക ഉപകരണങ്ങൾ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ സീൽ ചെയ്തു നൽകുകയാണ്  ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈസൻസ് കാലാവധി തീരുന്നതിനു മുൻ‌പു പുതുക്കി വാങ്ങുകയും വേണം.  അതിനായി അളവ്, തൂക്ക ഉപകരണങ്ങൾ പരിശോധിച്ചു കൃത്യത  ഉറപ്പു വരുത്തണം.

ജിഎസ്ടിഐഎൻ 

ഇരുപതു ലക്ഷത്തിൽ താഴെ വാർഷിക  വിറ്റുവരവുള്ള സംരംഭകർ ജിഎസ്ടി അടയ്ക്കണമെന്ന് നിർബന്ധമില്ല. പക്ഷേ സംരംഭകരുടെ ഉൽപന്നങ്ങൾ സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, കടകൾ വഴി വിറ്റഴിക്കുമ്പോൾ ജിഎസ്ടിഐഎൻ (GSTIN)  ആവശ്യമായി വരാറുണ്ട്. സംരംഭകർക്ക് നേരിട്ട് ഓൺലൈൻ വഴി GST റജിസ്ട്രേഷൻ നേടാം. GSTയുടെ സൈറ്റിൽ റജിസ്ട്രേഷൻ ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകുമ്പോൾ ആദ്യം  താൽക്കാലിക റജിസ്ട്രേഷൻ നമ്പർ ലഭിക്കും. തുടർന്ന് സ്ഥിര റജിസ്ട്രേഷൻ നേടാം. മതിയായ ഇന്റർനെറ്റ് പരിചയമില്ലാത്ത സംരംഭകർക്കു GST പ്രാക്ടീഷണറുടെ സേവനം േതടാവുന്നതാണ്. ബാർകോഡ് റജിസ്ട്രേഷൻസൂപ്പർമാർക്കറ്റുകളിലും മറ്റും വിപണനം ചെയ്യാൻ താൽപര്യമുള്ള സംരംഭകർ ഉൽപന്നത്തിന് ബാർകോഡ് നേടേണ്ടതുണ്ട്. സൂപ്പർ മാർക്കറ്റുകളിൽ ബില്ലിങ് എളുപ്പമാക്കുന്നതിന് ഡിജിറ്റൽ സ്കാനർ ആണ് ഉപയോഗിക്കുന്നത്. ഈ സ്കാനറിൽ വായിക്കത്തക്കവിധം ഉൽപന്നത്തിന്റെ പേര്, തൂക്കം, നിർമാതാവിന്റെ വിലാസം, ഉല്‍പന്ന വില എന്നീ വിവരങ്ങൾ ബാർകോഡിൽ രേഖപ്പെടുത്തിയിരിക്കും. ഇന്ത്യൻ വിപണിയിൽ മാത്രമാണ് ഉൽപന്നം വിറ്റഴിക്കുന്നതെങ്കിൽ എട്ട് അക്ക ബാർകോഡ് മതി. കയറ്റുമതിയാണ് ലക്ഷ്യമെങ്കിൽ 13 അക്ക ബാർകോഡ് ആവശ്യമാണ്. കേരളത്തിൽ അംഗീകൃത ഏജൻസികൾ ബാർ കോഡ് തയാറാക്കി നൽകുന്നുണ്ട്. ബാർകോഡ് ലഭിച്ചു കഴിഞ്ഞാൽ ഉൽപന്നത്തിന്റെ ലേബൽ തയാറാക്കുമ്പോൾ ഇത് ചേർക്കേണ്ടതാണ്.

ചെറുകിട ഉൽപാദകര്‍ക്കു മേൽപറഞ്ഞ ലൈസൻസുകളും സർട്ടിഫിക്കറ്റുകളുമേ വേണ്ടിവരുന്നുള്ളൂ.