Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്നിയും എലിയും പമ്പ കടക്കാൻ ജൈവക്കൂട്ട്

x-default, Pig x-default

മലയോരകർഷകരുടെ നിത്യതലവേദനയാണ് വന്യമൃഗശല്യം. കൃഷിക്കും ജീവനും ഭീഷണിയാണെങ്കിൽപോലും അവയെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും നിയമപരമായി കുറ്റകരമാണ്. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്ന് അകറ്റാനായി  ആവണക്ക്, കമ്യൂണിസ്റ്റ് പച്ച, നാറ്റപ്പൂച്ചെടി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന  ജൈവക്കൂട്ട് അവതരിപ്പിക്കുകയാണ് ഇടുക്കി ശാന്തൻപാറയിലെ ബാപ്പുജി കൃഷി വിജ്ഞാനകേന്ദ്രം(കെവികെ). കാട്ടുപന്നി, മുള്ളൻപന്നി, എലി എന്നിവയെ അകറ്റാനാണ് ഇത് കൂടുതൽ  ഫലപ്രദമെന്ന് കെവികെ മേധാവി ഡോ. ബിനു ജോൺ സാം പറഞ്ഞു. ഇതേ ലായനിയുടെ വാണിജ്യക്കൂട്ടുകൾ പത്തനംതിട്ട, ഇടുക്കി, വയനാട് കൃഷിവി‍ജ്‍ഞാനകേന്ദ്രങ്ങളിൽ വിൽപനയുണ്ട്.

ഉണ്ടാക്കുന്ന വിധം

ആവണക്കെണ്ണ 500 മില്ലി

നാറ്റപ്പൂച്ചെടി ഇടിച്ചുപിഴിഞ്ഞത് 50 മില്ലി

കമ്യൂണിസ്റ്റ് പച്ച 

ഇടിച്ചുപിഴിഞ്ഞത് 50 മില്ലി

ബാർ സോപ്പ് 50 ഗ്രാം

ചെറുനാരങ്ങ രണ്ട് എണ്ണം

വെള്ളം പത്തു ലീറ്റർ

ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അൽപം വെള്ളത്തിൽ  ലയിപ്പിക്കുക. ഇതിലേക്ക് ആവണക്കെണ്ണ, നാറ്റപ്പൂച്ചെടിയും കമ്യൂണിസ്റ്റ് പച്ചയും ഇടിച്ചുപിഴിഞ്ഞുകിട്ടിയ ചാറ് എന്നിവ ഒഴിച്ച് ഇളക്കുക. ഈ ലായനിയിലേക്ക് െചറുനാരങ്ങകളുടെ നീരും വെള്ളവും ചേർത്ത് വീണ്ടും ഇളക്കുക. ഈ മിശ്രിതം മൂന്ന് ദിവസം പുളിക്കാൻ അനുവദിക്കുക. 

പ്രയോഗിക്കേണ്ട വിധം: എലിയെ തുരത്താനായി ഒരു ലീറ്റർ ജൈവമിശ്രിതത്തിൽ 30–40 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിക്കണം. ഈ ലായനി എലിശല്യമുള്ള കൃഷിയിടത്തിന്റെ നാലു ചുറ്റും തളിക്കുകയും മാളത്തിനരികിൽ നിലത്ത് ഒഴിച്ചു കൊടുക്കുകയുമാവാം. ഇരുപത് ദിവസത്തിലൊരിക്കൽ ഇത് ആവർത്തിക്കണം. തുരപ്പൻ എലികളെ തുരത്താനായി ലായനി തയാറാക്കുമ്പോൾ ഒരു ലീറ്റർ ജൈവക്കൂട്ടിന് 20 ലീറ്റർ വെള്ളം ചേർത്താൽ മതിയെന്ന് കെവികെയിലെ സുധാകർ സൗന്ദര രാജൻ പറഞ്ഞു.

കാട്ടുപന്നി  ശല്യമുള്ള കൃഷിയിടങ്ങളിൽ ഇത് പ്രയോഗിക്കേണ്ടത് വ്യത്യസ്തരീതിയിലാണ്. ഇരുപതിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച ജൈവക്കൂട്ടിൽ വണ്ണം കൂടിയ ചണനൂൽ ഒരു രാത്രി മുക്കിയിടുക.  തുടർന്ന് ഈ ചരട് കൃഷിയിടത്തിനു ചുറ്റും നിലത്തുനിന്ന് ഒന്നരയടി ഉയരത്തിൽ  വേലിപോലെ ചുറ്റുക. പന്നിക്കൂട്ടത്തിൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ നിലത്തുനിന്ന് അരയടി ഉയരത്തിൽ ഒരു നിര കൂടി ചരട് വലിക്കേണ്ടതാണ്. പന്നികളുെട കാൽപ്പാടുകൾ പരിശോധിച്ചാൽ കുഞ്ഞുങ്ങളുെട സാന്നിധ്യംമനസ്സിലാക്കാം. ഒറ്റയാൻ പന്നികളാണ് ആക്രമിക്കുന്നതെങ്കിൽ നിലത്തുനിന്ന് രണ്ടരയടി ഉയരത്തിൽ മൂന്നാമത് ഒരു ചരട് കൂടി വലിക്കണം.  ചൂടും വെയിലും കൂടുതലുള്ള കാലങ്ങളിൽ അഞ്ചു ദിവസം കൂടുമ്പോൾ ഈ ചരടുകൾക്കു മീതേ വെള്ളം സ്്പ്രേ ചെയ്യണം.  മുപ്പതു ദിവസത്തിനുശേഷം ആദ്യം തയാറാക്കിയ ലായനിയുെട ബാക്കി ഭാഗം വീണ്ടും തളിക്കാം. അമ്പതുദിവസം കഴിയുമ്പോൾ ചരട് അഴിച്ചെടുത്ത് വീണ്ടും ഒരു ദിവസം ലായിനിയിൽ മുക്കിയിടുകയും വേണം.

ഫോൺ:9061628822