Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പിവലക്കൂടുകളില്‍ കോഴിയെ വളര്‍ത്തുന്നതിനു നിരോധനം വരുന്നു

poultry-farming-business-plan-in-kenya

കോഴിവളര്‍ത്തലിലെ  അതിതീവ്ര രീതിയുടെ പ്രധാന ഘടകമാണ് ബാറ്ററികേജുകൾ അഥവാ കമ്പിവലക്കൂടുകൾ. അതിതീവ്ര രീതിയുടെ പ്രത്യേകതതന്നെ കുറഞ്ഞ സ്ഥലത്തു കൂടുതൽ കോഴികൾ എന്നതാണ്.  അതുകൊണ്ട് ഒരു കോഴിക്ക് 0.6 ചതുരശ്ര അടി സ്ഥലം  മാത്രമാണ് ഈ രീതിയില്‍ ലഭ്യമാകുന്നത്. 

കൂടുതൽ കോഴികളെ ഒരുമിച്ച് വിട്ടാൽ പരസ്പരം കൊത്തുന്നതും അധിക ചലനങ്ങളും ഓട്ടവും മറ്റും ഊർജം ചോർത്തിക്കളയുമെന്നതിനാൽ തീറ്റ കൂടുതൽ വേണ്ടി വരുന്നതും കണക്കിലെടുത്ത് 2.4 ചതുരശ്ര അടി സ്ഥലത്തു നാലു കോഴികളെ വീതം ഒരു കള്ളിയിലാക്കി വളർത്തുകയാണ് ഇത്തരം കൂടുകളിൽ. തല പുറത്തേക്കിട്ടു ഭക്ഷണം കഴിക്കാം. കുടിവെള്ളം നിപ്പിൾ വഴി ലഭിക്കും. എവിടെ മുട്ട ഇട്ടാലും ഉരുണ്ട് കൂടിന്റെ മുൻഭാഗത്തുള്ള ശേഖരണസ്ഥലത്തു  വന്നുനിൽക്കും.

വിദേശങ്ങളിലും മറുനാടുകളിലും വന്‍ വ്യാവസായിക സംരംഭങ്ങളിലെ വലിയ ഷെഡ്ഡുകൾക്കകത്ത് ഇത്തരം കൂടുകൾ അട്ടിയട്ടിയായി അടുക്കിവച്ചാണ് കൂടുതല്‍ കോഴികളെ വളര്‍ത്തുന്നത്. എന്നാല്‍  ലോകത്തെവിടെയും ഉണ്ടാകാത്തതു കേരളത്തിലുണ്ടായി.  അടുക്കളമാലിന്യം തീറ്റയാക്കി വീട്ടാവശ്യത്തിന് മുട്ട ഉൽപാദനം എന്ന ലക്ഷ്യത്തോടെ, ഇത്തരം കമ്പിവലക്കൂടുകള്‍ നമ്മുടെ അടുക്കളപ്പുറങ്ങളിലും മട്ടുപ്പാവുകളിലും ഒറ്റയൊറ്റയായി സ്ഥാനം പിടിച്ചു. കോഴിയെ തൊടാൻ മടിക്കുന്നവർക്കുപോലും കൈ ചീത്തയാകാതെ മുട്ട എടുക്കാം. കുടുംബശ്രീയടക്കമുള്ള ചെറുകിട സംരംഭങ്ങൾ ഇത് ഏറ്റെടുക്കുകയും അഞ്ചു കോഴികള്‍ നിൽക്കുന്നിടത്ത് പത്തു കോഴികളെ കുത്തിനിറയ്ക്കുന്ന കൂടുകൾ വാങ്ങുന്നതിന് ധനസഹായം ചെയ്യാൻ സന്നദ്ധ സംഘടനകൾ പോലും മുന്നോട്ടു വരികയും ചെയ്തതോടെ കേരളത്തിലെ അടുക്കളമുറ്റങ്ങളില്‍ കോഴിവളർത്തലിൽ നിശ്ശബ്ദ വിപ്ലവം അരങ്ങേറി.  മുട്ടഗ്രാമങ്ങൾ വരെ ഉദയം കൊണ്ടു.

എന്നാൽ ലോകം മുഴുവന്‍ മാറിചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാലമാണിത്. 1992 ൽ സ്വിറ്റ്സർലൻഡ് ബാറ്ററിക്കൂടുകളിലെ േകാഴിവളര്‍ത്തല്‍ നിരോധിച്ചു. 2012 ൽ യൂറോപ്യൻ യൂണിയനും നിരോധിച്ചു. ജർമനിയാകട്ടെ, 2009 ൽ തന്നെ നിരോധനം നടപ്പാക്കിയിരുന്നു. യൂറോപ്യൻ യൂണിയന്റെ ചുവടുപിടിച്ച് മറ്റ് ഒട്ടേറെ രാജ്യങ്ങള്‍ ഇത്തരം കൂടുകൾ നിരോധിച്ചുതുടങ്ങി. നമ്മുടെ അയൽരാജ്യമായ ഭൂട്ടാൻപോലും 2013 ൽ കൂടുകൾ നിരോധിച്ചു. കോഴികൾക്ക് ആവശ്യാനുസരണം സ്ഥലം നൽകുന്നില്ല,  കമ്പിവലയ്ക്കു മുകളിൽ നിൽക്കേണ്ടിവരുന്നതുകാരണം അവയ്ക്ക്  ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു, അവയ്ക്കു സമ്മർദത്തിനടിപ്പെട്ട് മുട്ടയിടേണ്ടിവരുന്നു,  മുട്ടയുടെ ഗുണനിലവാരം കുറയുന്നു,  കുറഞ്ഞ സ്ഥലത്തു കൂടുതൽ കോഴികൾ വളരുന്നതു കാരണം  മലിനീകരണം രൂക്ഷമാകുന്നു തുടങ്ങിയ കാര്യങ്ങളാണ്   നിരോധനത്തിനു വഴിതെളിച്ചത്. ഇരുട്ട് നിറഞ്ഞ സ്ഥലത്തു കോഴി രഹസ്യമായി ചെയ്യാനിഷ്ടപ്പെടുന്ന മുട്ടയിടൽ, പരസ്യമായി വെളിച്ചമുള്ള   സ്ഥലത്തു വച്ച് ചെയ്യിക്കുക എന്ന ക്രൂരതയ്ക്കും ഇത്തരം  കൂടുകൾ കാരണമാകുന്നുവെന്ന് പക്ഷിസ്നേഹികള്‍  ചൂണ്ടിക്കാട്ടുന്നു. ഏതായാലും ശാസ്ത്രീയ പഠനങ്ങളുടെയും മറ്റും പിന്തുണയോടെയാണ് ഈ നിരോധനം ഉണ്ടായത്. കോഴികളുടെ സ്വാഭാവിക ചേഷ്ടകൾക്ക് സാഹചര്യവും  രഹസ്യമായി മുട്ട ഇടാനും  സ്ഥലപരിമിതിയില്ലാതെ നടക്കാന്‍ ഇടവുമുള്ള തരം കൂടുകള്‍ ഇതോടൊപ്പം  രൂപകൽ‌പന ചെയ്യപ്പെടുകയുമുണ്ടായി.

വിദേശരാജ്യങ്ങളിലെ ഈ നിരോധനം  നമ്മുടെ രാജ്യത്തും  നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.  അഞ്ചു വർഷത്തിനുള്ളിൽ കമ്പിവലക്കൂടുകൾ പൂർണമായും നിരോധിക്കാനുള്ള നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളിലെ   പുതിയ പ്രവണതകളുടെ ചുവടുപിടിച്ചും  ഇത്തരം കൂടുകളിൽ കോഴികളെ വളർത്തുന്ന രാജ്യങ്ങളിൽനിന്നുള്ള മുട്ടയുടെ ഇറക്കുമതി യൂറോപ്യൻ‌ യൂണിയൻ തടഞ്ഞതുകൊണ്ടുണ്ടായ നഷ്ടം കണക്കിലെടുത്തുമാണ്  കേന്ദ്രത്തിന്റെ നീക്കം. കോഴിവളർ‌ത്തൽ മേഖലയിലെ നിയമങ്ങളെയും രാജ്യാന്തര രീതികളെയും കുറിച്ചു പഠിക്കാൻ‌ കഴിഞ്ഞ മാർച്ചിൽ കേന്ദ്രനിയമ കമ്മിഷനോട് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം  ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ ഏപ്രിൽ 12 നു കമ്മിഷൻ‌ അവരുടെ വെബ്സൈറ്റിൽ ഈ രംഗത്തുള്ള എല്ലാവരോടും ഇതു സംബന്ധിച്ചു നിർദേശങ്ങളും പരാതികളും ഉന്നയിക്കാൻ ആവശ്യപ്പെട്ടു. മുട്ടക്കോഴി വ്യവസായത്തിലെ ഭീമന്മാരടക്കമുള്ള മു‍ട്ട ഉൽപാദകരും ജന്തുക്ഷേമ രംഗത്തെ വിവിധ സംഘടനകളുമെല്ലാം   തങ്ങളുടെ അഭിപ്രായങ്ങൾ സമർ‌പ്പിച്ചു. ഈ നിർദേശങ്ങളും എതിർ‌പ്പുകളും അഭിപ്രായങ്ങളുമെല്ലാം പരിഗണിച്ച് മുൻ സുപ്രീംകോടതി ജഡ്ജി ഡോ. ജസ്റ്റിസ് ബി.എസ്. ചൗഹാൻ അധ്യക്ഷനായുള്ള കേന്ദ്ര നിയമ കമ്മിഷൻ ജൂലൈയിൽ 41 പേജുള്ള കരട് നിയമനിർദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ഇതു െവെകാതെ നിയമമായി പുറത്തിറങ്ങുമെന്നു കരുതപ്പെടുന്നു. 

ഇന്ത്യയിലെ മുട്ടക്കോഴി വ്യവസായത്തെ അപ്പാടെ മാറ്റിമറിക്കാൻ പോകുന്നതാണ് പുതിയ നിയമനിർദേശങ്ങൾ. മുട്ടക്കോഴികളെ വളർത്തുന്നതിനും  ഇറച്ചിക്കോഴികളെ വിതരണം ചെയ്യുന്നതിനും  സ്ഥലപരിമിതിയുള്ള കൂടുകൾ ഉപയോഗിക്കുന്നതു  നിരോധിച്ചേക്കും.  കോഴികളെ കൂടുകളിൽ വളർത്തുമ്പോൾ പാലിക്കേണ്ട ഒട്ടേറെ നിബന്ധനകളും  കരടുനിയമത്തിലുണ്ടെന്ന് അറിയുന്നു.  നിലവിലുള്ള കൂടുകളിൽ കോഴികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അതുവഴി മനുഷ്യൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും കമ്മിഷന്റെ  റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

cages-in-backyards

പുതിയ നിര്‍ദേശങ്ങള്‍

ഉദാഹരണത്തിന് ഒറ്റ നിലയായി കോഴികളെ വളർത്തുന്ന സ്ഥലത്ത് ഒരു കോ‌ഴിക്ക് നൽകേണ്ടുന്ന സ്ഥലം 0.14 ചതുരശ്രമീറ്ററാണെങ്കിൽ, തറയിൽനിന്ന് ഉയർത്തി  വളർത്തുന്ന സ്ഥലത്തു 0.11 ചതുരശ്രമീറ്റർ സ്ഥലവും തട്ടുതട്ടായി വളർത്തി കോഴികൾക്ക് ചേക്കേറാൻ കൂടി ഇടം നൽകുന്ന കൂടുകളിൽ 0.9 ചതുരശ്രമീറ്റർ സ്ഥലവും നൽകണം. ഇത് മുതിർന്ന കോഴികൾക്കാണെങ്കിൽ പ്രായം കുറഞ്ഞ കോഴികളുടെ കാര്യവും പറയുന്നുണ്ട്. അവയെ ആറാഴ്ച പ്രായമാകുമ്പോൾ ചേക്കേറാൻ പഠിപ്പിക്കണം എന്നും പറയുന്നു.

മുട്ടയിടലിനു സ്വകാര്യത ഉറപ്പുവരുത്താൻ അഞ്ചു കോഴികൾക്ക് ഒരു മുട്ടപ്പെട്ടി അഥവാ നെസ്റ്റ് ബോക്സ് കൂട്ടിൽഉണ്ടായിരിക്കണം. അതിനുള്ളിൽ മുട്ടയിടാൻ സൗകര്യപ്രദമായ മാധ്യമവും ഉണ്ടായിരിക്കണം. ചേക്കേറുക എന്നത് കോഴികളുടെ സ്വാഭാവികരീതിയായതിനാൽ ഒരു കോഴിക്ക് 15.24 സെന്റിമീറ്റർ നീളമെങ്കിലുമുള്ള ചില്ലകൾ നൽകണം. മാത്രവുമല്ല, ഇവ തറയിൽനിന്ന് 40.64 സെന്റിമീറ്റർ എങ്കിലും ഉയരത്തില്‍ വേണം. എന്നാല്‍ ഈ ഉയരം ഒരു മീറ്ററിൽ അധികമാകാൻ പാടില്ല. ചില്ലകൾക്കു കൂർത്ത അറ്റങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും, കാൽ പിടിക്കുമ്പോൾ വഴുതുന്ന തരത്തിലുള്ളവയാകാൻ പാടില്ല എന്നും ഉരുണ്ട ചില്ലകളാണെങ്കിൽ അവയ്ക്ക് 3.18 സെന്റിമീറ്റർ എങ്കിലും വ്യാസം വേണമെന്നും പറയുന്നുണ്ട്. കാര്യങ്ങൾ ഇവിടംകൊണ്ടു തീരുന്നില്ല. കോഴിക്കു മണ്ണിൽക്കുളി അഥവാ ഡസ്റ്റ് ബാത് നടത്താനുള്ള സൗകര്യം നൽകണമെന്നും  ഒരേസമയം ഒന്നിലധികം കോഴികൾക്ക് അതിനു കഴിയുംവിധമായിരിക്കണമെന്നും പറയുന്നുണ്ട്. കോഴിക്കുള്ള തീറ്റയിൽ ഗ്രോത്ത് പ്രമോട്ടർ അഥവാ വളർച്ച ത്വരിതപ്പെടുത്താനുള്ള മരുന്ന് ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടത്  വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ആയിരിക്കണം.  പതിനായിരം കോഴികൾക്ക് രണ്ട് എന്ന തോതിലെങ്കിലും ജോലിക്കാർ ഫാമിൽ ഉണ്ടായിരിക്കണം.

പ്രതിച്ഛായ നന്നാക്കല്‍

ശക്തമായ എതിർപ്പ് ഉണ്ടായിട്ടും ഇത്രയും കര്‍ശനമായ നിബന്ധനകള്‍  വരുന്നതിന് കാരണമൊന്നേയുള്ളൂ. രാജ്യാന്തരതലത്തിൽ ജന്തുക്ഷേമ,  മൃഗ ഉൽപന്ന മേഖലകളില്‍ രാജ്യത്തിന്റെ മുഖം രക്ഷിക്കുക.  കമ്പിവലക്കൂടുകൾക്കെതിരെയും അവയിൽ ഉൽപാദിപ്പിക്കുന്ന മുട്ടകൾക്കെതിരെയും ജന്തുക്ഷേമ സംഘടനകൾ നടത്തുന്ന വ്യാപകമായ പ്രചരണത്തിനും സമൂഹ മാധ്യമങ്ങളിലടക്കമുള്ള പ്രചാരണങ്ങൾക്കുമപ്പുറത്താണ് കയറ്റുമതിക്കും മറ്റുമായി മുഖം മിനുക്കേണ്ടതിന്റെ ആവശ്യകതയെന്നു സർക്കാർ കരുതുന്നു.

ഏതായാലും നിയമം വരുന്നതോടെ ഈ രംഗത്തെ വൻകിട വ്യവസായികൾക്ക് പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടിവരും.  സ്വാഭാവികമായും ഉല്‍പാദനച്ചെലവ് ഉയരും. പിന്നാലെ  മുട്ടവിലയും.  വില ഉയർത്താൻവൻകിടക്കാർ‌ നിർബന്ധിതരാകുന്നത് നമ്മുടെ നാട്ടിലെ  ചെറുകിട സംരംഭകര്‍ക്കു ഗുണമാകുമെന്നു പ്രതീക്ഷിക്കാം. പുറത്തുനിന്നു വരുന്ന മുട്ടകളുമായി നമ്മുടെ ചെറുകിട കർഷകർക്ക് മത്സരിക്കാൻ കഴിയാത്തതിനു പ്രധാന കാരണം അവയുടെ കുറഞ്ഞ വിലയാണ്. കുറച്ചു സ്ഥലത്തുനിന്നു കുറഞ്ഞകൂലിച്ചെലവിൽ കൂടുതൽ മുട്ട ഉൽപാദിപ്പിക്കാൻ ഇപ്പോൾ വൻകിട വ്യവസായികൾക്കു കഴിയുന്നതുകൊണ്ടാണ് അവര്‍ വില കുറയ്ക്കുന്നത്.

മുട്ടവില കൂടുന്നത് ഉപഭോക്താവിനെ ബാധിക്കില്ലേ എന്ന ചോദ്യം ഉയരാം. എന്നാല്‍ ഒരു മുട്ടയ്ക്ക് ഒരുരൂപ വില കൂടിയാൽപോലും പ്രതിദിനം ഒരു മുട്ട കഴിക്കുന്ന ആൾക്ക് മാസത്തിൽ മൂന്നു ചായ കുടിക്കുന്ന പണമേ അധികം ചെലവാക്കേണ്ടി വരുന്നുള്ളൂ എന്ന് അറിയുക. എന്നാൽ പത്തു കോഴിയെ വളർത്തുന്നവന്  ഒരു മുട്ടയ്ക്ക് ഒരു രൂപ അധികം ലഭിച്ചാൽ മുന്നൂറു രൂപ ഒരു മാസം അധിക വരുമാനമുണ്ടാകും. വില ഉയരുകയാണെങ്കിൽ‌ കൂടുതൽ‌ പേർ  ഈ രംഗത്തേക്കു വരും. ഇപ്പോൾതന്നെ അഴിച്ചിട്ടു വളർത്തുന്ന കോഴികളിൽനിന്ന് ലഭിക്കുന്ന മുട്ടയ്ക്ക് പത്തു മുതൽ പതിനഞ്ചു രൂപ വരെയാണ് ചില്ലറ വിൽപന വില.കേരളത്തിനുണ്ടാകാന്‍ പോകുന്ന ദോഷം  അടുക്കളമുറ്റത്തുനിന്ന് കമ്പിവല കോഴിക്കൂടുകൾ അപ്രത്യക്ഷമാകുമെന്നതാണ്.  അതേസമയം ജന്തുക്ഷേമമെന്നത് ആത്യന്തികമായി മാനവക്ഷേമം തന്നെയാണ് എന്ന് അടിവരയിട്ടുകൊണ്ടാണ് ഒരു നിയമം കൂടി അണിയറയിൽ ഒരുങ്ങുന്നത്. കാലം നമ്മളോട് അത് ആവശ്യപ്പെടുന്നുമുണ്ട്.

വിലാസം: അസിസ്റ്റന്റ് പ്രഫസർ, കൃഷിവിജ്ഞാനകേന്ദ്രം, തൃശൂർ. കേരള കാർഷിക സർവകലാശാല പി.ഒ. 680656

ഫോൺ: 9847335759