Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യൂസ്, ജ്യൂസ്, ജ്യൂസ്

തൊടുപുഴ ∙ േവനൽ കടുത്തതോടെ വിപണിയിൽ പഴങ്ങൾക്കും ശീതളപാനീയങ്ങൾക്കും വൻ ഡിമാൻഡ്. കടകളിൽ മാത്രമല്ല, ജില്ലയിൽ പലയിടങ്ങളിലും വഴിയോരങ്ങൾ കേന്ദ്രീകരിച്ചും ശീതളപാനീയങ്ങളുടെയും പഴങ്ങളുടെയുമൊക്കെ വിൽപന സജീവമായിട്ടുണ്ട്. തണ്ണിമത്തനും കരിക്കും കരിമ്പിൻ ജ്യൂസും കുലുക്കി സർബത്തുമെല്ലാം വഴിയോരങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. ചൂടിനു കാഠിന്യമേറിയതോടെ വിൽപനകേന്ദ്രങ്ങളിലെല്ലാം കച്ചവടം പൊടിപൊടിക്കുകയാണ്. 

തണ്ണിമത്തനാണു താരം! 

തണ്ണിമത്തനാണ് ഇപ്പോൾ പഴ വിപണിയിലെ താരം. മറ്റു പഴങ്ങളെ അപേക്ഷിച്ചുള്ള വിലക്കുറവും ജലാംശം കൂടുതലാണെന്നതുമാണ് തണ്ണിമത്തന്റെ മുഖ്യ ആകർഷണം. ദാഹം മാറ്റുമെന്നു മാത്രമല്ല, തണ്ണിമത്തനിൽ വൈറ്റമിനും മറ്റു പോഷകാംശങ്ങളും അടങ്ങിയിട്ടുണ്ടെന്നതും ഇതിനെ ജനപ്രിയമാക്കുന്നു. കിലോഗ്രാമിനു 15–18 രൂപ നിരക്കിലാണു തണ്ണിമത്തന്റെ ചില്ലറ വിൽപന. വലുപ്പംകൂടിയ സാദാ തണ്ണിമത്തനെക്കാൾ ആവശ്യക്കാർ കൂടുതലുള്ളതു വലുപ്പം കുറഞ്ഞ കടുംപച്ചനിറത്തിലുള്ള ‘കിരൺ’ ഇനത്തിനാണെന്നു വിൽപനക്കാർ പറയുന്നു. ചൂടുകൂടിയതോടെ  ദിവസം ശരാശരി 50 ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് വിറ്റുപോകുന്നുണ്ടെന്നു നഗരത്തിലെ ചില കച്ചവടക്കാർ പറയുന്നു. തണ്ണിമത്തൻ ജ്യൂസിന്  20 രൂപയാണു മിക്ക കടകളിലും ഈടാക്കുന്നത്. ചിലയിടങ്ങളിൽ തണ്ണിമത്തൻ ചെറിയ പീസുകളായും  വിൽപനയ്ക്കുണ്ട്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നാണു തണ്ണിമത്തൻ ജില്ലയിലെത്തുന്നത്. 

കരിക്ക്, കരിമ്പിൻ ജ്യൂസ്

യാത്രക്കാരെ ലക്ഷ്യമിട്ടു, പാതയോരങ്ങളിലെ തണലുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണു കരിക്കിന്റെ വിൽപന. കരിക്കിനു 40–45 രൂപ വരെ വിൽപനക്കാർ ഈടാക്കുന്നുണ്ട്.  20 രൂപ നിരക്കിലാണു പലയിടത്തും കരിമ്പിൻ ജ്യൂസിന്റെ വിൽപന. 

ബേക്കറികളിലും കൂൾബാറുകളിലും ഫ്രെഷ് ലൈമിനും സോഡാനാരങ്ങാവെള്ളത്തിനും ഫ്രെഷ് ജ്യൂസുകൾക്കും വിവിധതരം ഷെയ്ക്കുകൾക്കുമെല്ലാം ആവശ്യക്കാർ കൂടിയിട്ടുണ്ട്. കടയുടെ പകിട്ട് കൂടുന്നതനുസരിച്ചു ജ്യൂസിന്റെ വിലയും കൂടുന്ന സ്ഥിതിയാണ്. പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്തിളക്കിയ സംഭാരമാണു മറ്റൊരു ആകർഷണം. 10 രൂപയാണു സംഭാരത്തിന് ഈടാക്കുന്നത്. ചൂടു കൂടിയതോടെ കുപ്പിവെള്ള വിൽപനയിലും വർധനയുണ്ട്. തൊണ്ടവരളുന്ന കൊടുംചൂടിൽ, വിവിധ കമ്പനികളുടെ കുപ്പിവെള്ളം ചൂടപ്പംപോലെയാണു പ്രധാന ടൗണുകളിലെ ബേക്കറികളിലും മറ്റും വിറ്റുപോകുന്നത്. 

ആശ്വാസമായി പഴങ്ങൾ

ചൂട് റെക്കോർഡിലേക്കു കുതിക്കാൻ തുടങ്ങിയതോടെ പഴങ്ങൾക്ക് ആവശ്യക്കാർ കൂടി. വേനലിനെ എങ്ങനെ നേരിടാമെന്ന ചിന്തയിൽ ഭക്ഷണക്രമങ്ങൾ കൂടി മാറിയതോടെയാണു പഴവിപണിയും സജീവമായിരിക്കുന്നത്. വിപണിയിൽ പല ഇനങ്ങളുടെയും വില കൈപൊള്ളിക്കുമെങ്കിലും പൊള്ളുന്ന ചൂടിൽ ജനങ്ങൾക്ക് ആശ്വാസമാകുകയാണു പഴങ്ങൾ. 

ഞാലിപ്പൂവൻ പഴത്തിനു കിലോഗ്രാമിന് 48– 60 രൂപയും പാളയംകോടനു 30–35 രൂപയുമാണു പലയിടങ്ങളിലും വിൽപനക്കാർ ഈടാക്കുന്നത്. കിലോഗ്രാമിന് 60–70 രൂപ നിരക്കിലാണ് ഓറഞ്ചിന്റെ വിൽപന. റോസ് മുന്തിരിക്കു കിലോഗ്രാമിന് 60 രൂപയും സീഡ്‌ലെസ് മുന്തിരിക്കു 100–120 രൂപയും പൈനാപ്പിളിനു 30–35 രൂപയുമാണ് ഈടാക്കുന്നത്. ആപ്പിൾ 120–160, മാതളം–120–140 എന്നിങ്ങനെയാണു ചില്ലറവില.