Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരു തുടയ്ക്കും ഈ കർഷകരുടെ കണ്ണീർ?

കുരുമുളകിന് കിലോയ്ക്ക്  370 രൂപ; ആറു വർഷത്തിനിടെ ഏറ്റവും വലിയ വിലയിടിവ്

രാജകുമാരി∙ കുരുമുളകിന്റെ വിളവെടുപ്പു സീസൺ അവസാനിക്കാറായതോടെ വില ഓരോ ദിവസവും താഴേക്ക്. കുരുമുളകിന് കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലെത്തിയതോടെ കർഷകർ ദുരിതത്തിലായി. കർഷകർക്ക് സഹായ പദ്ധതികളോ കുരുമുളകിനു താങ്ങുവിലയോ പ്രഖ്യാപിക്കാതെ സർക്കാർ അവഗണന തുടരുന്നതു കുരുമുളകു കൃഷിയുടെ നാശത്തിനു കാരണമായേക്കാമെന്നാണു കർഷക സംഘടനകൾ പറയുന്നത്. സ്പൈസസ് ബോർഡും കുരുമുളകിനെ കൈവിട്ടതോടെ കുരുമുളക് സംരക്ഷണ സമിതികൾ മുഖാന്തരം നടപ്പിലാക്കുന്ന സംയോജിത കീടനിയന്ത്രണ പദ്ധതി മാത്രമാണ് കുരുമുളക് കർഷകർക്കുള്ള ഏക സഹായ പദ്ധതി. ഇപ്പോൾ കിലോയ്ക്ക് 370 രൂപയ്ക്കാണ് കുരുമുളകിന്റെ വിൽപന നടക്കുന്നത്. കുറഞ്ഞ വിലയിലും കുരുമുളക് എടുക്കാനാളില്ലാത്തത് കർഷകർക്ക് ഇരട്ടി പ്രഹരമാകുന്നു. 

കഴിഞ്ഞ വർഷം ഇതേ സമയത്ത് 570 രൂപ വരെയായിരുന്നു കുരുമുളകിനു വില. ഒരാഴ്ച മുമ്പ് വിലയിൽ നേരിയ വർധനയുണ്ടായി 400 വരെ എത്തിയെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും താഴേക്കു കൂപ്പുകുത്തി. കൊച്ചിയാണ് കുരുമുളകിന്റെ പ്രധാന വിപണിയെങ്കിലും ഇൗ വർഷം കുരുമുളക് വാങ്ങാനെത്തുന്ന ഉത്തരേന്ത്യൻ വ്യാപാരികളുടെ എണ്ണത്തിൽ കുറവുണ്ടായെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്. ഗുജറാത്തിൽ നിന്നുള്ള വൻകിട വ്യാപാരികൾ എത്താത്തതിനാൽ കർഷകരിൽ നിന്നു കുരുമുളക് വാങ്ങാൻ ചെറുകിട വ്യാപാരികളും മടിക്കുന്നു. വില വർധിക്കുമെന്ന പ്രതീക്ഷയിൽ കുരുമുളക് വാങ്ങി സംഭരിക്കാൻ കേരളത്തിലെ ചില വൻകിട വ്യാപാരികൾ തയാറായതാണ് കുരുമുളക് വില ഇത്രയെങ്കിലും പിടിച്ചു നിർത്താൻ ഇടയാക്കിയത്. ഇൗ മാസം അവസാനത്തോടെ കർണാടകയിൽ കുരുമുളക് വിളവെടുപ്പ് ആരംഭിക്കുമെന്നതിനാൽ വിലയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമെന്നാണു വ്യാപാരികൾ പറയുന്നത്. കേരളത്തിലെ കുരുമുളകിനെ അപേക്ഷിച്ച് വലുപ്പക്കൂടുതലുള്ള കർണാടകയിലെ മുളകിനു ഗുണനിലവാരം കുറവാണ്. എങ്കിലും ഉത്തരേന്ത്യൻ വ്യാപാരികൾക്കു പ്രിയപ്പെട്ടതാണ് കർണാടകയിൽ നിന്നുള്ള കുരുമുളക്. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ വിയറ്റ്നാം, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുരുമുളക് വൻതോതിൽ ഇറക്കുമതി ചെയ്യാനാരംഭിച്ചതോടെയാണ് കേരളത്തിലെ കുരുമുളകിന്റെ ശനിദശ ആരംഭിച്ചത്. കേരളത്തെ അപേക്ഷിച്ച് ഉൽപാദന ചെലവ് പകുതിവരെ കുറവായതിനാൽ കുറഞ്ഞ വിലയ്ക്കാണ് വിയറ്റ്നാമും ഇന്തൊനീഷ്യയും കുരുമുളക് കയറ്റി അയയ്ക്കുന്നത്.