Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലും കോഴിയും വരുമാനമാക്കി അടാട്ട് സ്ത്രീ കൂട്ടായ്മ

തൃശൂർ ∙ കർഷകയായ അടാട്ട് ശങ്കരൻ തടത്തിൽ ലതയുടെ വളർച്ചയ്ക്ക് പിന്നിൽ കുണ്ടും കുഴിയും നിറഞ്ഞ അനുഭവങ്ങളുണ്ട്. 24 വർഷം മുൻപ് ഗർഭിണിയായിരിക്കെ ഭർത്താവ് രവീന്ദ്രന്റെ ആകസ്മിക മരണം ലതയെ വല്ലാതെ തളർത്തി. മകന് ഒരു വയസ്സുളളപ്പോൾ അച്ഛൻ ശങ്കരൻ കാൻസർ ബാധിതനായി മരണപ്പെട്ടു. തുടർന്ന് 2000ത്തിൽ കുടുംബശ്രീ അയൽക്കൂട്ടം അംഗമായി. ഇപ്പോൾ േകരളത്തിലെ അറിയപ്പെടുന്ന കർഷക. കർഷകർക്കായി ക്ലാസെടുക്കാനും ലത ഓടി നടക്കുന്നു.

കർഷകനായ അച്ഛനിൽനിന്ന് ലഭിച്ച ബാലപാഠത്തിന്റെ പിൻതുണയിലാണ് ലത കൃഷിയെന്ന മഹാസാമ്രാജ്യത്തിലേക്ക് ഒറ്റയ്ക്ക് കടന്നുവന്നത്. പതിനൊന്നേക്കർ സ്ഥലത്താണ് ഇന്ന് ലതയുടെയും സംഘത്തിന്റെയും കൃഷി. നെല്ല്, പച്ചക്കറി‍‍, പശു, കോഴി, പോളി ഹൗസ് എന്നിവയെല്ലാം ചേർന്നതാണ് കൃഷി. 

 നാലേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി. അതും പാട്ടത്തിനെടുത്തത്. പഞ്ചായത്തിലെ കുണ്ടുകുളങ്ങരയിൽ  പോളി ഹൗസ് കൃഷി നടത്തുന്നു. വീടിന് പിന്നിൽ വിശാലമായ പറമ്പിൽ 1500 നേന്ത്രവാഴകളാണ് ലതയും കൂട്ടരും നട്ടിരിക്കുന്നത്. ഒരു തടത്തിൽ രണ്ട് ചെങ്ങാലിക്കോടൻ വാഴകൾ. ഇടയിൽ മുളക്, വെണ്ട, വഴുതന, തക്കാളി, ചീര, പയർ, മധുരക്കിഴങ്ങ് എന്നിവയുമുണ്ട്.

ഇടയിൽ പൂത്തുനിൽക്കുന്ന ചെണ്ടുമല്ലി. വിളവെടുക്കാറായ കപ്പയും. സ്വന്തമായുളള രണ്ട് പശുവും ഈ പാട്ടസ്ഥലത്തുണ്ട്. കുടുംബശ്രീ ജെഎൽജി ജീവ ഗ്രൂപ്പായ നന്മയിൽ  സതി ദാസ്, കുമാരി അർജുനൻ, പഞ്ചാലി, ചെറക്കാളി, ലത രവീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ‍. 

തോടരികിലെ തെങ്ങിൻ തടങ്ങളോടു ചേർന്ന് വെളളരിയും മത്തനും കുമ്പളവും ചേനയും ചുരയ്ക്കയും പടവലവും വളരുന്നുണ്ട്. ലതയുടെ സ്വന്തം വീട്ടുമുറ്റത്ത് വിബി 380 ഇനത്തിൽപ്പെട്ട 154 മുട്ടക്കോഴികൾ വളരുന്നുണ്ട്. മുട്ടകൾ അഞ്ച് കടകളിലായി വിൽക്കും. ഓണവിപണി ലക്ഷ്യം വച്ചുകൊണ്ടാണ് നേന്ത്രവാഴകൾ വളരുന്നത്. തുടം കുറവായ കുലകൾ വെട്ടി ചിപ്പ്സ് തയാറാക്കി വിൽക്കും.  സർവീസ് സഹകരണ ബാങ്ക് വഴി സപ്ലൈക്കോയാണ് ഇതുവരെ നെല്ല് കൊടുത്തിരുന്നത്. ഇൗ വർഷം മുതൽ കുടുംബശ്രീ വഴി വിപണന സാധ്യത തേടുകയാണിവർ.

അരിവാളും വെട്ടുകത്തിയും തൂമ്പയും മാത്രമല്ല എല്ലാവിധ മെഷിനറികളും തനിക്ക് കൈവഴങ്ങുമെന്ന് തെളിയിച്ചിട്ടുളള വ്യക്തിയാണ് ലത. നടീൽയന്ത്രം, പുല്ല്‌വെട്ട് യന്ത്രം, കട്ടിങ് റീപ്പർ, നഴ്‌സറി ഫില്ലിങ് മെഷീൻ, സ്‌പ്രേയറുകൾ എന്നിവയെല്ലാം സ്വന്തമായുണ്ട്. ഇവയെല്ലാം ഉപയോഗിക്കുകയും ചെയ്യും. ട്രാക്ടർ ഓടിക്കുന്നതിലും വിദഗ്‌ധയാണിവർ. 2016ൽ സംസ്ഥാന സർക്കാർ ശ്രമശക്തി പുരസ്‌കാരം നൽകി ആദരിച്ചു.  പാട്ടത്തിനെടുത്ത നെൽപ്പാടത്തിന്റെ ഉടമസ്ഥയ്ക്ക് ഒരേക്കറിന് 25,000 രൂപയാണ് ഒരു വർഷത്തേക്ക് നൽകുന്നത്. കുടുംബശ്രീയിൽനിന്ന് ലഭിക്കുന്ന ഇന്റർ സബ്‌സിഡിയും മറ്റും കൃഷിയിൽ സഹായം ചെയ്യുന്നു.