Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പിയും കൊക്കോയും അധോഗതിയിൽ

coffee-beans

റബറിനു മേൽഗതിയുണ്ടായ നവംബറിൽതന്നെ കാപ്പിയുടെ അധോഗതിയും തുടങ്ങി. അടുത്തകാലം വരെ കുതിച്ചുകൊണ്ടിരുന്ന കാപ്പിവില ഇനി താഴുമെന്ന് രാജ്യാന്തര കാപ്പി സംഘടനതന്നെ പറയുന്നു. വിയറ്റ്നാമിലും ബ്രസീലിലുമൊക്കെ കാലാവസ്ഥ മെച്ചപ്പെട്ടതു മൂലം കൂടുതൽ കാപ്പി ഉൽപാദനമുണ്ട‍ാവുമെന്ന നിരീക്ഷണമാണ് ഇപ്പോഴത്തെ വിലയിടിവിനു കാരണം. രാജ്യാന്തരവിപണിയിലെ ഈ മാറ്റം വയനാട്ടിലെയും ഇടുക്കിയിലെയും കാപ്പിക്കർഷകരുടെ വരുമാനത്തിലും കുറവുണ്ടാക്കി. ഒരു മാസം മുമ്പ് 142 രൂപയായിരുന്ന പരിപ്പിന്റെ വില 130 രൂപയായി താഴ്ന്നുകഴിഞ്ഞു. മുൻവർഷം ഇതേസമയത്തേക്കാൾ 22 ശതമാനം കാപ്പിക്കുരു ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ കൂടുതൽ കയറ്റുമതി ചെയ്തിട്ടുണ്ട്. അതേസമയം വർദ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അകാലമഴ തെക്കേ ഇന്ത്യയിലെ അറബിക്ക കാപ്പിയുടെ ഉൽപാദനം പത്തുശതമാനമെങ്കിലും കുറയ്ക്കുമെന്ന് തോട്ടമുടമകൾ പറയുന്നു. വിളവെടുക്കാറായ കാപ്പിക്കുരുവിനു മീതേ മഴത്തുള്ളി പതിക്കുമ്പോൾ അവ പൊട്ടി പരിപ്പ് നിലത്തു വീഴുന്നതു മൂലമാണ് വിളനഷ്ടമുണ്ട‍ാകുന്നത്. കാപ്പിപ്പരിപ്പിന്റെ അളവ് മാത്രമല്ല നിലവാരവും ഇതുവഴി മോശമാകും. അമ്പതുകിലോ ചാക്കിനു 9300 രൂപ വിലയുണ്ടായിരുന്ന അറബിക്ക 8300 രൂപ നിലവാരത്തിലേക്കു താഴ്ന്നുകഴിഞ്ഞു. വിളവെടുപ്പ് കാലത്ത് കറൻസി ക്ഷാമം മൂലം കൂലി കൊടുക്കാനാവാതെ വിഷമിക്കുന്ന അറബിക്ക കർഷകർക്ക് മഴയും വിലത്തകർച്ചയുമൊക്കെ ചേർന്ന് കഷ്ടകാലം സൃഷ്ടിച്ചിരിക്കുകയാണ്. അറബിക്ക കാപ്പിക്കു കാറ്റും മഴയും ദോഷമായെങ്കിലും ഈ മാസം വിളവെടുപ്പ് ആരംഭിക്കുന്ന റോബസ്റ്റയ്ക്ക് അനുഗ്രഹമാകാനാണ് സാധ്യത.

വായിക്കാം ഇ - കർഷകശ്രീ

കൊക്കോയുടെ വിലയും പരമാവധി ഉയർന്ന ശേഷം പടികളിറങ്ങുകയാണ്. ആകെ ഉൽപാദനത്തിന്റെ മൂന്നിൽ രണ്ടും വരുന്ന പശ്ചിമ ആഫ്രിക്കയിൽ മഴ കിട്ടിയതുകൊണ്ട് ഉൽപാദനം കൂടുന്നതാണ് ഈ പ്രവണതയ്ക്കുള്ള ഒരു കാരണം. ഉൽപാദനകമ്മിയുണ്ടായിരുന്ന കൊക്കോ ഇതുമൂലം ആവശ്യത്തിലധികമായിരിക്കുകയാണ്. മാത്രമല്ല പ്രമുഖ ചോക്ലേറ്റ് തീറ്റക്കാരായ അമേരിക്കക്കാരും യൂറോപ്പുകാരും കൂടുതൽ ആരോഗ്യകരമായ ഉൽപന്നങ്ങളിലേക്കു മാറാൻ ശ്രമിക്കുന്നതും കൊക്കോയ്ക്കു തിരിച്ചടിയായി. വില അമിതമായി ഉയർന്ന സാഹചര്യത്തിൽ മിഠായി നിർമാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങൾ ചെറുതാക്കുകയും കൊക്കോയു‌ടെ അംശം കുറയ്ക്കുകയും ചെയ്തതുമൂലവും ഉപയോഗം കുറഞ്ഞു. അസംസ്കൃതവസ്തുവിന്റെ വിലയിടിവ് ഏതായാലും ചോ‍ക്ലേറ്റ് പ്രേമികൾക്ക് കോളായി. അമേരിക്കയിലും മറ്റും ചോ‍ക്ലേറ്റ് മിഠായികളുടെ വില ഗണ്യമായി കുറയുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഉപഭോഗം ഉയരാറുള്ള ക്രിസ്മസ് സീസണിലാണ് ഈ മടുപ്പെന്നതും ശ്രദ്ധയമാണ്.

കറൻസി ക്ഷാമം മൂലം ചെറുകിട കൃഷിക്കാർ വലയുമ്പോൾ വളം, കീടനാശിനി കച്ചവടക്കാർക്കും വൻകിട കൃഷിക്കാർക്കും മാറ്റത്തെ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു. രാസവളക്കമ്പനികളുടെ ഡീലർമാരും വിതരണക്കാരും തമ്മിലുള്ള ഇടപാടുകൾ ബാങ്ക് അക്കൗണ്ടുകളിലൂടെയായി മാറി. കറന്റ് അക്കൗണ്ട് ഇല്ലാതിരുന്ന ഒട്ടേറെ ഡീലർമാർ പുതുതായി അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞു. ഈ രംഗത്തെ നികുതിവെട്ടിപ്പുകൾ തടയാനും കച്ചവടക്കാർക്ക് തുല്യഅവസരമുണ്ട‍ാക്കാനും പരിഷ്കാരത്തിലൂടെ കഴിയുന്നുണ്ടെന്നാണ് സൂചന. കള്ളനോട്ടുകളുടെ സാന്നിധ്യവും ഗണ്യമായി കുറഞ്ഞെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ലഭിക്കുന്ന അഞ്ഞൂറു രൂപ നോട്ടുകളിൽ രണ്ടു ശതമാനത്തോളം കള്ളനോട്ടുകളായിരുന്നത് ഇപ്പോൾ തീർത്തും ഇല്ലെന്നായി–അവർ പറയുന്നു.

നമ്മുടെ വെച്ചൂർ പശുക്കളെപ്പോലെയാണ് തമിഴ്നാട്ടുകാർക്ക് കാങ്കയം കാളകൾ. ജല്ലിക്കെട്ടിനും കൃഷിക്കുമൊക്കെ ഉപയോഗിക്കുന്ന ഈയിനത്തെ അവർ മോഹവില നൽകിയാണ് സ്വന്തമാക്കാറുള്ളത്. കാർഷികമേഖലയിലെ വ്യാപാരത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനമറിയാൻ കാങ്കയം കാളകളെ വളർത്തുന്ന സുന്ദരം രാമസ്വ‍ാമിയെ ശ്രദ്ധിച്ചാൽ മതി. തന്റെ പക്കലുള്ള കാളകളുടെ പടവും പ്രതീക്ഷിക്കുന്ന വിലയും വാട്സ്ആപ്പിലൂടെ കൈമാറിയാണ് അവർ ഉരുക്കളുടെ കച്ചവടം നടത്തുന്നത്. തദ്ദേശ ഇനം മാടുകളുടെ വ്യാപാരത്തിനായുള്ള കൊംഗുമാട് എന്ന മൊബൈൽ ആപ്പാണ് ഇതിനുപയോഗിക്കുക. സുന്ദരം രാമസ്വാമി മാത്രമല്ല, നീലഗിരിയിലെ വനിത സ്വാശ്രയസംഘങ്ങളും തങ്ങളുടെ ഉൽപന്നങ്ങളുടെ വിപണനത്തിനു സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഇന്ത്യയിലെ ഗ്രാമീണസ്ത്രീകൾ നഗരവാസികളായ സ്ത്രീകളെക്കാൾ മൊബൈൽ ഉപയോഗത്തിൽ വളരെ പിന്നിലാണ്. ഏതാനും വർഷം മുമ്പുവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അവിവാഹിതരായ സ്ത്രീകൾ മൊബൈൽഫോൺ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇത്തരം പരിമിതികളെയൊക്കെ അതിജീവിച്ച് മൊബൈൽ ഇന്റർനെറ്റിന്റെ ഉപയോഗത്തിലൂടെ സംരംഭങ്ങൾ നടത്തുന്ന സ്ത്രീകളെ ഗുജറാത്തിൽ കാണാം. വൊഡഫോൺ ഫൗണ്ടേഷന്റെ റുഡി സന്ദേശ് വ്യവഹാർ എന്ന മൊബൈൽ ആപ്പിലൂടെയാണ് ഇവർ കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്നത്. സ്വയംതൊഴിൽ സംരംഭകരായ സ്ത്രീകളുടെ പ്രസ്ഥാനമായ 'സേവ'യുമായി ചേർന്നാണ് വൊഡഫോൺ ഫൗ‍ണ്ടേഷൻ ഇവർക്കു വേണ്ട മൊബൈൽ ആപ്പിനു രൂപം നൽകിയത്. ഇതുപയോഗിക്കുന്ന 3500 ഗുജറാത്തി വനിതകൾക്ക് തങ്ങളുടെ പ്രതിമാസവരുമാനം ഗണ്യമായി –പലപ്പോഴും നാലിരട്ടിവരെ- വർധിപ്പിക്കാൻ കഴിഞ്ഞെന്നാണ് വാർത്ത. നമ്മുടെ കുടുംബശ്രീക്കാർ ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ?

നാട്ടിലെ വിപണിവിശേഷങ്ങൾ കൂടി പറയാം. നേന്ത്രക്കായയുടെ വില താഴ്ന്നു. വിപണികൾ തമ്മിൽ ഇക്കാര്യത്തിൽ വലിയ വ്യത്യാസവുമുണ്ട്. എറണാകുളം വിപണിയിൽ നേന്ത്രന് 50 രൂപ വിലയുണ്ടായിരുന്ന ദിവസം അതേ ജില്ലയിലെ പെരുമ്പാവൂരിൽ 38 രൂപ മാത്രമായിരുന്നു മൊത്തവില. കോഴിക്കോട്ട് 47 രൂപയും ചാല മാർക്കറ്റിൽ 45 രൂപയുമായിരുന്ന ഈ ദിവസങ്ങളിൽ മഞ്ചേരി, കൽപറ്റ തുടങ്ങിയ വിപണികളിലും വില നാൽപതിനു താഴെയായത് സംസ്ഥാനത്തെ ഗ്രാമ–നഗര വിപണികൾ തമ്മിലുള്ള ഏകോപനത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടുന്നു. വരവ് റോബസ്റ്റയ്ക്ക് കോഴിക്കോടും തിരുവനന്തപുരം ചാലയിലും 20 രൂപ കിട്ടിയപ്പോൾ കോട്ടയത്ത് നാടൻ റോബസ്റ്റയ്ക്കുപോലും 15 രൂപയേ കിട്ടിയുള്ളൂ. കോഴിക്കോട് മാർക്കറ്റിൽ ഇഞ്ചിക്ക് 60 രൂപ വരെ വില കിട്ടിയപ്പോൾ കോട്ടയത്തും പാലക്കാടും മുപ്പതു രൂപയും തൃശൂരിൽ 24 രൂപയും മാത്രമായി വില താഴ്ന്നു. തേങ്ങയ്ക്ക് പാലക്കാട് 12 രൂപ മാത്രമുണ്ടായിരുന്നപ്പോൾ കൽപറ്റയിൽ 25 രൂപ വില കിട്ടിയെന്നതും കൃഷിക്കാർ ശ്രദ്ധിക്കേണ്ട കാര്യമാണ്. പൈനാപ്പിൾ വില സംസ്ഥാനത്ത് പരമാവധി 35 രൂപയും കുറഞ്ഞത് 20 രൂപയുമായിരുന്നു. 

Your Rating: