Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷിക സമൃദ്ധിക്കു സുജലം സുഫലം

haritha-keralam-mission

കേരളത്തിന്റെ സമഗ്ര വികസനത്തിനായി സമ്പൂർണ പാർപ്പിട സുരക്ഷ, ജനസൗഹൃദ സർക്കാർ ആശുപത്രികൾ, സമഗ്ര വിദ്യാഭ്യാസ നവീകരണം, ഹരിത കേരളം എന്നീ നാലു വലിയ പദ്ധതികൾ അഞ്ചു വർഷംകൊണ്ടു ജനപങ്കാളിത്തത്തോടെ മിഷൻ മാതൃകയിൽ നടപ്പാക്കുന്നു. വീടുതോറും കൃഷിക്കു പുറമേ, പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉൽപന്നങ്ങളിലും സ്വയംപര്യാപ്തതയാണു കൃഷി വികസന മിഷൻ ലക്ഷ്യമിടുന്നത്. തരിശു സ്ഥലങ്ങളും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കൃഷിക്ക് ഉപയോഗപ്പെടുത്താനും കാർഷികോൽപന്നങ്ങൾക്കു വിപണിയൊരുക്കാനും കൃഷി മിഷൻ ലക്ഷ്യമിടുന്നുണ്ട്.

ഹരിതകേരളം പദ്ധതിയിൽ കൃഷി വികസനം ‘സുജലം സുഫലം’ എന്ന പേരിലാണു കൃഷിവകുപ്പ് നടപ്പാക്കുന്നത്. ഇതിലുൾപ്പെട്ട പ്രധാന പദ്ധതികൾ താഴെ.

മാലിന്യ സംസ്കരണം

∙ മണ്ണിരക്കമ്പോസ്റ്റ്, റൂറൽ കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ സ്ഥാപിച്ച് വീട്ടുവളപ്പിലെയും പൊതുസ്ഥലങ്ങളിലെയും ജൈവ മാലിന്യങ്ങളും വിള അവശിഷ്ടങ്ങളും സംസ്കരിച്ചു വളവും ഇന്ധനവും മറ്റു മൂല്യവര്‍ധിത ഉൽപന്നങ്ങളാക്കിയും കൃഷിക്ക് ഉപയോഗിക്കുക.

∙ നഗരങ്ങളിൽ ഗാർഹികാവശിഷ്ടങ്ങൾ സംസ്കരിച്ച് ഉണ്ടാക്കുന്ന ജൈവ വളങ്ങളും അടുക്കളയിൽനിന്നുള്ള മലിനജലവും ഉപയോഗിച്ചു മിനി പോളിഹൗസുകളിൽ പച്ചക്കറിക്കൃഷി.

നെൽകൃഷി വികസനം

∙ നെൽകൃഷി നിലവിലുള്ള രണ്ടു ലക്ഷം ഹെക്ടറിൽനിന്നു മൂന്നു ലക്ഷം ഹെക്ടറിലേക്കു വ്യാപിപ്പിക്കുക. ഇതിനായി നിലവിലുള്ള നെൽപ്പാടങ്ങൾക്കു പുറമേ തരിശു നിലങ്ങൾ, കരിനിലങ്ങൾ എന്നിവയിലും കൃഷിയിറക്കുക.

∙ പ്രത്യേക നെല്ലിനങ്ങളുടെയും പരമ്പരാഗത നെല്ലിനങ്ങളുടെയും കൃഷി പ്രോൽസാഹിപ്പിക്കുക.

∙ കുട്ടനാട്, തൃശൂർ, പാലക്കാട്, വയനാട് എന്നീ പ്രദേശങ്ങളിൽ പ്രത്യേക കാർഷിക മേഖല രൂപീകരിച്ചു നെല്ലിന്റെ പരമാവധി ഉൽപാദനവും മികച്ച വിപണന സൗകര്യവും ഉറപ്പു വരുത്തുക.

∙ നെൽവർഷത്തിന്റെ ഭാഗമായി കുട്ടികളെ നെൽകൃഷിയുമായി പരിചയപ്പെടുത്തി വരുംതലമുറയിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുക.

വായിക്കാം ഇ - കർഷകശ്രീ

പച്ചക്കറിക്കൃഷി വികസനം

∙ വീടുകൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ വളപ്പുകളിൽ പച്ചക്കറിക്കൃഷി.

∙ പച്ചക്കറിക്കൃഷിക്കു പറ്റിയ പ്രദേശങ്ങൾ കണ്ടെത്തി പ്രത്യേക കാർഷിക മേഖലകളായി തരംതിരിച്ചു വായ്പാ സൗകര്യം, മേൽത്തരം വിത്ത്, മറ്റ് ഉൽപാദനോപാധികൾ, യന്ത്രവൽക്കരണം എന്നിവ ലഭ്യമാക്കി സുരക്ഷിത, കാർഷിക മുറകൾ അവലംബിച്ചു കർഷക കൂട്ടായ്മയിലൂടെ സുരക്ഷിത പച്ചക്കറികളുടെ പരമാവധി ഉൽപാദനം.

∙ ഉൽപന്നങ്ങൾ പുതുമ നഷ്ടപ്പെടാതെ കൃഷിയിടങ്ങളിൽനിന്നു വിപണിയിൽ എത്തിച്ചു കർഷകനു മികച്ച വരുമാനം ഉറപ്പാക്കൽ.

തെങ്ങുകൃഷി

∙ ഉൽപാദനക്ഷമതയുള്ള തെങ്ങിൻതോട്ടങ്ങളുടെ സമഗ്ര വികസനം.

∙ പ്രായാധിക്യം വന്നതും രോഗബാധിതവും ഉൽപാദനക്ഷമത തീരെ കുറഞ്ഞതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം ശാസ്ത്രീയ രീതിയിൽ ഉൽപാദിപ്പിച്ച വിളവു ശേഷിയേറിയ കുറിയ / സങ്കരയിനം തെങ്ങിൻതൈകൾ നട്ടുപിടിപ്പിച്ച് ഉൽപാദനം കൂട്ടുന്നതിനൊപ്പം വിളവെടുപ്പ് അനായാസകരമാക്കൽ.

∙ നീര, ശുദ്ധമായ തെങ്ങിൻ കള്ള് എന്നിവയ്ക്കു മികച്ച വിപണി ഉറപ്പുവരുത്തി കൃഷിക്കാരന്റെ വരുമാനം മെച്ചപ്പെടുത്തൽ.

∙ തെങ്ങിനു നാശനഷ്ടം വരുത്തുന്ന കൊമ്പൻചെല്ലി, ചെമ്പൻചെല്ലി എന്നീ കീടങ്ങളെയും ഓലചീയൽ, മണ്ടചീയൽ തുടങ്ങിയ രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുന്നതിനു പ്രചരണ പരിപാടി.

പുഷ്പകൃഷി

∙ ഇടുക്കി, വയനാട് ജില്ലകളെ ചേർത്തു പ്രത്യേക കാർഷിക മേഖല രൂപീകരിച്ചു പൂക്കളുടെ ഉൽപാദനവും വിപണനവും ശക്തമാക്കൽ.

യന്ത്രവൽക്കരണം

കൃഷിപ്പണികൾ യഥാസമയം മികച്ച രീതിയിൽ നടത്തുന്നതിനു വൈദഗ്ധ്യമുള്ള കർഷകത്തൊഴിലാളികളുടെ സേവനം അഗ്രോ സർവീസ് സെന്ററുകൾ, കാർഷിക കർമസേനകൾ, കസ്റ്റം ഹയറിങ് സെന്ററുകൾ എന്നിവ മുഖേന ഉറപ്പു വരുത്തുക.

സംയോജിത കൃഷി

∙ കൃഷി, മൃഗസംരക്ഷണം, കോഴി വളർത്തൽ, തേനീച്ച കൃഷി തുടങ്ങിയ കാർഷിക അനുബന്ധ മേഖലകളെ പരസ്പരപൂരകങ്ങളായി ഏകോപിപ്പിച്ചുകൊണ്ടു കർഷകരുടെ വരുമാനം വർധിപ്പിക്കുന്ന രീതിയിൽ സംയോജിത കൃഷിമാതൃകകൾ നടപ്പാക്കൽ.

പട്ടികവർഗ ഊരുകളിൽ കൃഷി

∙ ഭക്ഷ്യസുരക്ഷ, പോഷകസുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനായി ചെറുധാന്യങ്ങൾ, പച്ചക്കറി, പയർവർഗങ്ങൾ എന്നിവയോടൊപ്പം ഈ മേഖലകളിലെ തനതായ കാർഷികവിളകളുടെ കൃഷിയും പ്രോൽസാഹിപ്പിക്കൽ.

വിള ആരോഗ്യ പരിപാലനം

∙ ചിട്ടയായ കീടരോഗ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി സൗഹൃദ സംയോജിത കീടനിയന്ത്രണ മാർഗങ്ങൾ അവലംബിച്ചു ഫലപ്രദമായ കീടരോഗനിയന്ത്രണം.

∙ എല്ലാ പഞ്ചായത്തിലും വിള ആരോഗ്യ ക്ലിനിക് തുറന്നു കര്‍ഷകർക്കു യഥാസമയം രോഗകീട നിയന്ത്രണത്തിനു മാർഗനിർദേശം.

വിപണനം

∙ നല്ല കാർഷിക മുറകളിലൂടെ ഉൽപാദിപ്പിക്കുന്ന വിളകൾക്കു മികച്ച വില ഉറപ്പുവരുത്തുന്നതിന് ഇക്കോഷോപ്പുകൾ.

∙ ഇടനിലക്കാരെ ഒഴിവാക്കി ഉൽപന്നങ്ങൾ നേരിട്ടു വിപണനം നടത്തുന്നതിനു പഞ്ചായത്തുതോറും ആഴ്ചച്ചന്തകൾ.

ജൈവ കൃഷി

∙ ജൈവകൃഷിയിലൂടെ സുരക്ഷിത ഭക്ഷ്യ ഉൽപാദനവും പരിസ്ഥിതി സംരക്ഷണവും.

പദ്ധതി മാർഗനിർദേശങ്ങൾ

നീർത്തടമെന്ന പ്രകൃതിദത്ത യൂണിറ്റിന്റെ അടിസ്ഥാനത്തിലാണു പദ്ധതി പ്രവർത്തനങ്ങള്‍ നടത്തേണ്ടത്. താഴേത്തട്ടിലുള്ള ആവശ്യകതകൾ കണക്കിലെടുത്തു ജനപങ്കാളിത്തത്തോടെയും ആസൂത്രണവും കൃഷി അനുബന്ധ മേഖലകളുടെ ഏകോപിപ്പിച്ച പ്രവർത്തനവും സാധ്യമാക്കണം. തൊഴിലുറപ്പു പദ്ധതിയിൽനിന്നു പരമാവധി തൊഴിൽദിനങ്ങൾ കണ്ടെത്തണം.

കൃഷി, ജലസേചനം, മണ്ണു സംരക്ഷണം, മൃഗസംരക്ഷണം, മൽസ്യക്കൃഷി, സാമൂഹ്യ വനവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തി സംയോജിത നീർത്തട വികസന കാഴ്ചപ്പാടോടെ പഞ്ചായത്തുതല പദ്ധതികൾ തയാറാക്കേണ്ടതാണ്. ഇതിനായി വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളുടെ യോഗങ്ങൾ കൂടണം. ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഒരു പ്ലാൻ എന്ന അടിസ്ഥാനതത്വം പാലിക്കണം. കൃഷിവകുപ്പിന്റെ പ്ലാൻകൂടി ഇതിന്റെ ഭാഗമായിരിക്കും. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളുടെ യോഗം ചേർന്നു വിശദമായ ചര്‍ച്ചകൾ നടത്തി പ്രദേശത്തിന്റെ ആവശ്യകതകൾ, സാധ്യതകൾ എന്നിവ പരിശോധിച്ചു വാർഡ്തല ഫാം പ്ലാനുകള്‍ ആദ്യം തയാറാക്കണം. ഇതിനായി സേവനത്തിൽനിന്നു വിരമിച്ച കൃഷി അനുബന്ധ മേഖലകളിലെയും ജലസേചന വകുപ്പ്, ബാങ്കുകൾ, മററനുബന്ധ മേഖലകളിലെയും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർ അടങ്ങിയ പഞ്ചായത്തുതല ഫാം റിസോഴ്സ് ഗ്രൂപ്പിന്റെ സേവനം പ്രയോജനപ്പെടുത്താം.

വാര്‍ഡുതല പ്ലാനുകള്‍ ക്രോഡീകരിച്ചു പഞ്ചായത്തുതല ഫാം പ്ലാനുകൾ തയാറാക്കേണ്ടതാണ്. പഞ്ചായത്തുതല പ്ലാനുകൾ ക്രോഡീകരിച്ചു ബ്ലോക്ക്തല പ്ലാനുകളും തുടർന്നു ജില്ലാതല പ്ലാനും തയാറാക്കണം. ഈ സാമ്പത്തികവർഷം നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളുടെയും അടുത്ത അഞ്ചു വർഷത്തേക്കുള്ള പദ്ധതികളുടെയും വ്യക്തമായ രൂപരേഖ പഞ്ചായത്തുതല, ബ്ലോക്കുതല, ജില്ലാപ്ലാനുകളിൽ ഉണ്ടായിരിക്കണം.

പഞ്ചായത്തുതല ഫാം റിസോഴ്സ് ഗ്രൂപ്പുകളിലെ തിരഞ്ഞെടുക്കുന്ന 100 മുതൽ 200 ഫാം റിസോഴ്സ് അംഗങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട് മുഖേന വിദഗ്ധ പരിശീലനം നൽകും. പരിശീലനം നേടിയ ഫാം റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളെ മാസ്റ്റർ ട്രെയ്നേഴ്സ് ആയി പരിഗണിച്ച് അവർ മുഖേന സമേതി, ഐഎംജി, കില എന്നിവരുടെ സഹകരണത്തോടെ മറ്റു റിസോഴ്സ് പേഴ്സണുകൾക്കും പരിശീലനം നൽകും.

തെങ്ങിൻതൈകൾ വിൽപനയ്ക്ക്

നെടിയ, കുറിയ, സങ്കരയിനം തെങ്ങിൻതൈകൾ കോതമംഗലത്തിനടുത്തു നേരിയമംഗലത്തുള്ള നാളികേര വികസന ബോർഡിന്റെ ഫാമിൽ വിൽപനയ്ക്കു തയാർ. ഒന്നിനു വില യഥാക്രമം 40 രൂപ, 50 രൂപ, 200 രൂപ.

ഫോൺ: 0485– 2554240 (രാവിലെ 10 മുതൽ 5 വരെ)

പോത്ത്– കന്നുകാലി വളർത്തൽ

തൃശൂരിലെ രാമവർമപുരത്തുള്ള മിൽമ പരിശീലനകേന്ദ്രത്തിൽ ഈ മാസം 23 മുതൽ 25 വരെ പോത്തു വളർത്തലിൽ പരിശീലനം. നിശ്ചിത ഫീസുണ്ട്. എത്രയും വേഗം പേരു നൽകണം.

ഫോൺ: 0487 2695869 

Your Rating: